പന്തളം: നിരോധം ലംഘിച്ച് കടക്കാട് ചന്ത പ്രവര്‍ത്തിക്കുന്നതിനെതിരെ നഗരസഭാ സെക്രട്ടറിക്കും ജില്ലാ പൊലീസ് മേധാവിക്കും മനുഷ്യാവകാശ കമീഷന്‍െറ നോട്ടീസ്. പരിസര മലിനീകരണത്തിന്‍െറ പേരില്‍ കടക്കാട് മത്സ്യമാര്‍ക്കറ്റിന്‍െറ പ്രവര്‍ത്തനം മനുഷ്യാവകാശ കമീഷന്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവ് നല്‍കിയിരുന്നു. ഉത്തരവ് പതിച്ച അടുത്തദിവസം മുതല്‍ മാര്‍ക്കറ്റ് പഴയതുപോലെ പ്രവര്‍ത്തിച്ചിരുന്നു. ഈ നിയമലംഘനം ചൂണ്ടിക്കാട്ടിയാണ് മനുഷ്യാവകാശ കമീഷന്‍ നഗരസഭാ സെക്രട്ടറിക്കെതിരെ കര്‍ശന നടപടിക്ക് നീക്കം ആരംഭിച്ചത്. കഴിഞ്ഞ നവംബര്‍ 21നാണ് കടക്കാട്ടെ മൊത്ത മത്സ്യവിപണന കേന്ദ്രത്തില്‍ മത്സ്യവ്യാപാരം നിരോധിച്ച് നഗരസഭാ സെക്രട്ടറി ഉത്തരവ് പതിച്ചത്. 21ന് ഉത്തരവ് പതിച്ചെങ്കിലും മാര്‍ക്കറ്റ് 22ന് പഴയതുപോലെ പ്രവര്‍ത്തിച്ചു. നഗരസഭാ സെക്രട്ടറിയുമായുള്ള രഹസ്യധാരണയാണ് മാര്‍ക്കറ്റിന്‍െറ പ്രവര്‍ത്തനം ഇപ്പോഴും തുടരുന്നതിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. മാര്‍ക്കറ്റിന്‍െറ പ്രവര്‍ത്തനം തുടരുന്നതറിഞ്ഞ മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്വമേധയാ നടപടികള്‍ക്ക് തുടക്കംകുറിച്ചു. 1974ലെ ജലമലിനീകരണ നിയന്ത്രണ നിയമം, 1981ലെ വായു മലിനീകരണ നിയന്ത്രണ നിയമം,1986ലെ പരിസ്ഥിതി സംരക്ഷണ നിയമം എന്നിവയുടെ ലംഘനമാണ് കടയ്ക്കാട് മാര്‍ക്കറ്റില്‍ നടക്കുന്നതെന്ന് മലിനീകരണ നിയന്ത്രണബോര്‍ഡ് സെക്രട്ടറിക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നു. ഇതനുസരിച്ച് ആറുമാസം തടവും ഒരുലക്ഷം രൂപ പിഴയും ചുമത്താവുന്ന കുറ്റമാണിത്. ഈ നോട്ടീസിന് നഗരസഭാ സെക്രട്ടറി മറുപടി നല്‍കാന്‍ തയാറായില്ല. ഈ വിവരം മലിനീകരണ നിയന്ത്രണ ബോര്‍ഡ് മനുഷ്യാവകാശ കമീഷനെ അറിയിച്ചു. തോന്നല്ലൂര്‍ സ്വദേശി അഫ്രിന്‍ നിവാസില്‍ ഹാരിഷ് മനുഷ്യാവകാശ കമീഷനെ ഇതേസമയം സമീപിച്ചു. മാര്‍ക്കറ്റിന്‍െറ പ്രവര്‍ത്തനം നിരോധിച്ച കമീഷന്‍ ഉത്തരവ് ബന്ധപ്പെട്ട അധികൃതര്‍ നടപ്പാക്കാത്തതിനാല്‍ കമീഷന്‍ നേരിട്ട് ഉത്തരവ് നടപ്പാക്കണമെന്ന് ഹാരിഷ് കമീഷനില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ഇതോടെ മനുഷ്യാവകാശ കമീഷന്‍ കര്‍ശന നടപടിയിലേക്ക് നീങ്ങുകയായിരുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ അനുമതിയില്ലാതെയാണ് കടക്കാട് മാര്‍ക്കറ്റ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം മാര്‍ക്കറ്റ് ലേലംചെയ്യാന്‍ പാടില്ലാത്തതാണ്. എന്നിട്ടും അന്നത്തെ പഞ്ചായത്ത് ഭരണസമിതിയും ഇപ്പോഴത്തെ നഗരസഭാ സെക്രട്ടറിയും മാര്‍ക്കറ്റ് ലേലംചെയ്ത് നല്‍കുകയായിരുന്നു. നഗരസഭാ സെക്രട്ടറിയും കരാറുകാരനുമായുള്ള രഹസ്യധാരണ ഇതിനുപിന്നിലുണ്ടെന്നും പറയുന്നു. പുതിയ നഗരസഭാഭരണം നിലവില്‍ വന്ന ഉടന്‍ ചേര്‍ന്ന നഗരസഭാ കൗണ്‍സിലില്‍ വാശിയേറിയ ചര്‍ച്ച കടക്കാട് മാര്‍ക്കറ്റിനെ സംബന്ധിച്ച് നടന്നതാണ്. ബി.ജെ.പി അംഗങ്ങള്‍ നിരോധ ഉത്തരവ് നടപ്പാക്കണമെന്ന് നഗരസഭാ സമിതിയില്‍ നിലപാട് സ്വീകരിച്ചു. എന്നാല്‍, ഇടതു-വലതുമുന്നണികള്‍ അയവേറിയ സമീപനമാണ് സ്വീകരിച്ചത്. ബി.ജെ.പി അംഗങ്ങളുടെ ചോദ്യത്തിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ അനുമതി ലഭിച്ചതായി മറുപടി നല്‍കിയ സെക്രട്ടറി രേഖ നല്‍കാന്‍ തയാറായില്ല. ചന്ത ഇപ്പോഴും വൃത്തിഹീനമായി കിടക്കുന്നു. മലിനജലം ഒഴുകാന്‍ മാര്‍ഗമില്ല. മലിനജലം കെട്ടിക്കിടന്ന് പകര്‍ച്ചാവ്യാധികള്‍ പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പും ചൂണ്ടിക്കാട്ടുന്നു. എന്നാലും നഗരസഭ സെക്രട്ടറിക്കോ ബന്ധപ്പെട്ട അധികൃതര്‍ക്കോ കുലുക്കമില്ല. ബയോഗ്യാസ് പ്ളാന്‍റിന്‍െറയും മാലിന്യസംസ്കരണ പ്ളാന്‍റിന്‍െറയും നിര്‍മാണമടക്കം നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണഭോക്താക്കളായവര്‍ 6,50,000 രൂപ പിരിച്ചുനല്‍കിയിട്ടും മാര്‍ക്കറ്റിന്‍െറ നവീകരണം പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ടവര്‍ക്കായില്ല. നിരവധി സാധാരണക്കാരായ മത്സ്യവ്യാപാരികളും മാര്‍ക്കറ്റിനെ ആശ്രയിച്ചുകഴിയുന്നു. ഇവരുടെ കൂടി ജീവിതം വഴിമുട്ടുന്ന നിലയിലേക്കാണ് അധികൃതരുടെ അനാസ്ഥമൂലം കടക്കാട് മത്സ്യമാര്‍ക്കറ്റ് നീങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.