നഗരത്തില്‍ സ്ഥാപിച്ച കമാനം വീണ് വിദ്യാര്‍ഥിക്ക് പരിക്ക്

അടൂര്‍: മനുഷ്യാവകാശ കമീഷന്‍െറ ഉത്തരവ് ലംഘിച്ച് നഗരമധ്യത്തില്‍ സ്ഥാപിച്ച കമാനം വീണ് വിദ്യാര്‍ഥിക്ക് പരിക്ക്. അടൂര്‍ ഹോളി ഏഞ്ചല്‍സ് സ്കൂള്‍ എട്ടാം ക്ളാസ് വിദ്യാര്‍ഥി ആനന്ദപ്പള്ളി ജയ്സ് വില്ലയില്‍ ജയ്സനാണ് (13)പരിക്കേറ്റത്. ജയ്സണെ അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ എട്ടിനാണ് സംഭവം. അടൂര്‍ കെ.എസ്.ആര്‍.ടി.സി കവലയില്‍ പാലത്തില്‍ സ്ഥാപിച്ചിരുന്ന കമാനം കരാറുകാരന്‍ അഴിക്കുന്നതിനിടയിലാണ് കാല്‍നടക്കാരനായ വിദ്യാര്‍ഥിയുടെ മേല്‍വീണത്. ഗതാഗതം തടസ്സപ്പെടുത്തുന്നതും വാഹനമോടിക്കുന്നവരുടെ കാഴ്ച മറക്കുന്നതുമായ വിധം കമാനങ്ങളും പരസ്യബോര്‍ഡുകളും സ്ഥാപിക്കരുതെന്ന കോടതി വിധി ലംഘിച്ച് അടൂരില്‍ വ്യാപകമായി കമാനങ്ങള്‍ സ്ഥാപിച്ചിട്ടും ആര്‍.ഡി.ഒ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ളെന്ന് പരാതിയുണ്ട്. സര്‍ക്കാര്‍, സ്വകാര്യ പരിപാടികളുടെ കമാനങ്ങളാണ് നിയമംലംഘിച്ച് ഉയരുന്നത്. വാഹനമിടിച്ച് കമാനങ്ങള്‍ റോഡില്‍വീണ സംഭവങ്ങള്‍ നിരവധിയാണ്. അടൂര്‍ പാലത്തിന്‍െറ നടപ്പാത അടച്ചാണ് കമാനം സ്ഥാപിക്കുന്നത്. ഇതുമൂലം കാല്‍നടക്കാര്‍ റോഡിലിറങ്ങി നടക്കേണ്ട സ്ഥിതിയാണ്. ഭരണ, രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് അടൂരില്‍ തല്‍പരകക്ഷികള്‍ നിയമലംഘനം തുടരുന്നു. അടൂര്‍ നഗരത്തിലെ പാലത്തില്‍ സ്ഥാപിച്ച കമാനം മൂലം അപകടമുണ്ടാകുന്നത് ആദ്യ സംഭവമല്ല്ള. കഴിഞ്ഞ ആഗസ്റ്റിലും ഇവിടെ വാഹനമിടിച്ച് ഒടിഞ്ഞ കമാനം നിലംപൊത്താറായപ്പോള്‍ അത് നീക്കം ചെയ്യാതെ പുന$സ്ഥാപിക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന കയര്‍ കോര്‍പറേഷന്‍െറ കമാനമാണ് അന്ന് ഒടിഞ്ഞത്. രണ്ടുവര്‍ഷം മുമ്പും ഇവിടെ കമാനം നിലം പതിച്ചിരുന്നു. തിരക്കുള്ള സമയത്തായിരുന്നെങ്കിലും ഭാഗ്യം കൊണ്ടാണ് അന്ന് ആളപായം ഒഴിവായത്. കെ.എസ്.ഇ.ബി പോസ്റ്റുകളിലും പാതവശത്തെ തണല്‍ മരങ്ങളിലും ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതും തുടരുന്നു. മരങ്ങളില്‍ ആണിയടിച്ച് ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്ന് കോടതി ഉത്തരവു പാലിക്കപ്പെടുന്നില്ല. സാമൂഹിക വനംവകുപ്പ് ഇവ നീക്കം ചെയ്യുകയോ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയോ ചെയ്യുന്നില്ല. ടാര്‍ റോഡ് കുഴിച്ച് ഗതാഗത തടസ്സമുണ്ടാക്കി കമാനങ്ങള്‍ സ്ഥാപിക്കുമ്പോള്‍ സ്ഥലനാമ ദിശാസൂചനാ ബോര്‍ഡുകള്‍ മറച്ചാണ് ഫ്ളക്സ് ബോര്‍ഡുകള്‍ വെക്കുന്നത്. റവന്യൂ, പൊലീസ്, നഗരസഭ, പൊതുമരാമത്ത് അധികൃതരുടെ സംയുക്ത സംഘം നടത്തുന്ന പരിശോധനയില്‍ ഇത്തരം സാമഗ്രികള്‍ നീക്കംചെയ്യുകയും നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് പറഞ്ഞിരുന്നു. താലൂക്ക് വികസന സമിതി യോഗങ്ങളില്‍ നിരവധി തവണ പരാതികള്‍ ഉയര്‍ന്നിട്ടും ഇതിനെതിരെ നടപടിയെടുത്തിരുന്നില്ല. അടൂര്‍, പറക്കോട്, ഏനാത്ത്, നെല്ലിമുകള്‍, ഇളമണ്ണൂര്‍ എന്നിവിടങ്ങളില്‍ പലതവണ വാഹനങ്ങളിടിച്ചും അല്ലാതെയും കമാനങ്ങള്‍ നിലംപതിച്ചിട്ടുണ്ട്. ഏനാത്ത് പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനം വേളയിലും പറക്കോട് കവലയിലും മുമ്പ് പൊലീസുകാര്‍ സ്ഥാപിച്ച കമാനം മറിഞ്ഞു വീണിരുന്നു. കമാനത്തിന്‍െറ പരസ്യം നല്‍കുന്ന സ്ഥാപനത്തിന്‍െറ പ്രചാരണത്തിനായി പരിപാടി കഴിഞ്ഞ് ആഴ്ചകള്‍ കഴിഞ്ഞാലും ഇവ നീക്കാറില്ല. കണ്ടെയ്നര്‍ ലോറികള്‍ റോഡിലൂടെ പോകുമ്പോള്‍ കമാനത്തില്‍ തട്ടി അപകടം സംഭവിക്കാറുണ്ട്. കെ.എസ്.ആര്‍.ടി.സി ജങ്ഷന്‍, ബൈപാസ് തുടങ്ങുന്ന കരുവാറ്റ ജങ്ഷന്‍, പറക്കോട്, ഏഴംകുളം ഭാഗങ്ങളില്‍ ഇത്തരം കമാനങ്ങള്‍ നിരവധിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.