കോന്നി: സ്ത്രീകളുടെ മാല മോഷ്ടിക്കുന്ന അഞ്ചംഗ സംഘം പിടിയില്‍. പിടിയിലായവരുടെ കൂട്ടത്തില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. സംഘാംഗത്തിന്‍െറ കുഞ്ഞമ്മയുടെ മാല കവരാനുള്ള ശ്രമത്തിനിടെ പിടികൂടിയവരില്‍നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് സംഘത്തെ മൊത്തം പിടികൂടിയത്. കുമ്പഴ അറത്തന്‍പ്ളാക്കല്‍ തുണ്ടുമൂഴിയില്‍ അബിന്‍കുമാര്‍ (21), ലബ്ബവിളയില്‍ ഫൈസല്‍ എസ്. കബീര്‍(21), മൈലപ്ര നാല്‍ക്കാലിക്കല്‍ കുരുടന്‍ മൂഴിയില്‍ ലക്ഷം വീട് കോളനിയില്‍ മഹേഷ് (19), തൊണ്ടയാനിക്കുഴിയില്‍ സുഭാഷ് (32), കുമ്പഴ സ്വദേശിയായ പതിനേഴുകാരന്‍ എന്നിവരാണ് പിടിയിലായത്. കാര്‍ വാടകക്കെടുത്ത് കറങ്ങി നടന്നാണ് സംഘം മോഷണം നടത്തിവന്നത്. കഴിഞ്ഞ 13 ന് അബിന്‍കുമാറിന്‍െറ കുഞ്ഞമ്മയുടെ മാലപൊട്ടിക്കുന്നതിനിടെ ഓടി രക്ഷപ്പെട്ട സംഘത്തെ നാട്ടുകാരും എസ്.പിയുടെ ഷാഡോ പൊലീസും ചേര്‍ന്നാണ് പിടികൂടിയത്. കുഞ്ഞമ്മയുടെ മാല മോഷ്ടിക്കാന്‍ സംഘത്തിന് അബിന്‍കുമാര്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. ഇതനുസരിച്ച് കുഞ്ഞമ്മയുടെ വീട്ടില്‍ ചെന്ന സംഘം കുടിക്കാന്‍ വെള്ളം ചോദിച്ചു. വെള്ളം കുടിച്ച് വിശ്രമിക്കുന്നതിനിടെ ഇവര്‍ ബലമായി മാല പൊട്ടിക്കുകയായിരുന്നു. മാലയുമായി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മഹേഷിന്‍െറ കൈയില്‍ വീട്ടമ്മ കടിച്ചു. ബഹളം ശക്തമായതോടെ സംഘം ചിതറിയോടി. തുടര്‍ന്ന് നാട്ടുകാരും ഷാഡോ പൊലീസും ചേര്‍ന്ന് വിവിധ ദിവസങ്ങളിലായി പ്രതികളെ പിടികൂടുകയായിരുന്നു. സാന്‍ട്രോ കാര്‍ വാടകക്ക് എടുത്ത് കറങ്ങി പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലായി നിരവധി സ്ത്രീകളുടെ സ്വര്‍ണമാല സംഘം കവര്‍ന്നിരുന്നതായി അന്വേഷണത്തിന് നേതൃത്വം നല്‍കിയ അടൂര്‍ ഡിവൈ.എസ്.പി എസ്. റഫീഖ് പറഞ്ഞു. വിശദമായി നടത്തിയ ചോദ്യംചെയ്യലില്‍ തങ്ങള്‍ നടത്തിയ മുഴുവന്‍ മോഷണത്തിന്‍െറ വിവരവും പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പ്രതികള്‍ പണയം വെച്ചിരുന്നതടക്കമുള്ള തൊണ്ടിമുതലും കണ്ടെടുത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പ്രതി മുമ്പൊരു പീഡനക്കേസിലും പൊലീസ് പിടിയിലായിട്ടുണ്ട്. കുമ്പഴയിലും പരിസരത്തുമായി നഗരസഭ സ്ഥാപിച്ചിരുന്ന സോളാര്‍ വിളക്കുകളുടെ ബാറ്ററികള്‍ മുഴുവന്‍ മോഷ്ടിച്ചതും ഇവര്‍ തന്നെയാണെന്ന് പൊലീസ് പറഞ്ഞു. നാലു പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി. സി.ഐ സജിമോന്‍, എസ്.എച്ച്.ഒ ശ്രീജിത്, എ.എസ്.ഐ രമേശ്, സി.പി.ഒമാരായ വിജയന്‍പിള്ള, വരദരാജന്‍, ഷൈജു, ഷാഡോ പൊലീസ് ടീമംഗങ്ങളായ അജി ശാമുവല്‍, ലിജു എന്നിവരാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.