സര്‍വിസ് സ്റ്റേഷന്‍ : എല്‍.ഡി.എഫ് അംഗങ്ങള്‍ കൗണ്‍സില്‍ യോഗം ബഹിഷ്കരിച്ചു

പത്തനംതിട്ട: അഴൂരില്‍ സ്വകാര്യ വ്യക്തി ആരംഭിക്കാനിരിക്കുന്ന സര്‍വിസ് സ്റ്റേഷന്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന പരാതി ഉയര്‍ന്നിട്ടും അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് അംഗങ്ങള്‍ കൗണ്‍സില്‍ യോഗം ബഹിഷ്കരിച്ചു. പരാതിക്കാരന്‍െറ ഭാഗം കേള്‍ക്കാതെ അനുമതി നല്‍കിയതാണ് പ്രതിഷേധത്തിന് കാരണമായത്. ഗവ. ഗെസ്റ്റ് ഹൗസിന് സമീപം സര്‍വിസ് സ്റ്റേഷന്‍ ആരംഭിക്കാനായി അഴൂര്‍ പുളിനില്‍ക്കുന്നതില്‍ ഷാജിയാണ് അപേക്ഷ നല്‍കിയത്. ഇത് ഗുരുതര പരിസ്ഥിതി പ്രശ്നം ഉണ്ടാക്കുന്നതാണെന്ന് കാണിച്ച് അഴൂര്‍ ചാവടിതെക്കേതില്‍ എസ്. മീരാസാഹിബ് നഗരസഭയിലും മറ്റ് ബന്ധപ്പെട്ട വകുപ്പുകള്‍ക്കും പരാതി നല്‍കിയിരുന്നു. സര്‍വിസ് സ്റ്റേഷന്‍െറ നിര്‍മാണം പരിസര മലിനീകരണം ഉണ്ടാക്കുമെന്ന് കാണിച്ചാണ് പരാതി. പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ വ്യവസ്ഥകള്‍ പാലിക്കാതെയാണ് സര്‍വിസ് സ്റ്റേഷന്‍ തുടങ്ങാന്‍ പോകുന്നത്. ജനവാസ മേഖലയില്‍ സര്‍വിസ് സ്റ്റേഷന് അനുമതി നല്‍കാന്‍ പാടില്ല. സര്‍വിസ് സ്റ്റേഷനില്‍ ഉപയോഗ ശേഷമുള്ള ഓയിലും മറ്റും താഴ്ന്ന് സമീപ പ്രദേശത്തെ കിണറുകള്‍ മലിനമാകും. പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിഷ്കര്‍ഷിക്കുന്ന ആറടി ഉയരമുള്ള ചുറ്റുമതില്‍ പണിതിട്ടില്ല. ആറു ഹോഴ്സ് പവറിന്‍െറ മോട്ടോര്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളടത്ത് എട്ട് ഹോഴ്സ് പവറിന്‍െറ മോട്ടോറാണ് സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ സമീപവാസികളുടെ സമ്മതവും വാങ്ങിയിട്ടില്ല. എന്നിവയാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. എസ്. മീരാസാഹിബ് ഹൈകോടതിയില്‍ കേസും ഫയല്‍ ചെയ്തിട്ടുണ്ട്. തുടര്‍ന്ന് കാര്യങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കി. കൂടാതെ പരാതിക്കാരന്‍െറ ഭാഗം കേള്‍ക്കാനും നിര്‍ദേശം നല്‍കിയിരിക്കുകയാണ്. എന്നാല്‍, നഗരസഭ പരാതിക്കാരന്‍െറ ഭാഗം കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. ബുധനാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാരില്‍ ചിലരുടെ പിന്തുണയോടെ സര്‍വിസ് സ്റ്റേഷന് അനുമതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഹൈകോടതിയുടെ നിര്‍ദേശം ലംഘിച്ച് അനുമതി നല്‍കാനുള്ള നീക്കത്തെ എല്‍.ഡി.എഫ് അംഗങ്ങള്‍ എതിര്‍ത്തു. ഹൈകോടതി നിര്‍ദേശം പാലിക്കണമെന്നും പരാതിക്കാരന്‍െറ അഭിപ്രായം കേള്‍ക്കാന്‍ തയാറാകണമെന്നും എല്‍.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് വി. മുരളീധരന്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറി പി.കെ. അനീഷ്, കൗണ്‍സിലര്‍മാരായ വി.എ. ഷാജഹാന്‍, ആര്‍. ഹരീഷ്, വി.ആര്‍. ജോണ്‍സണ്‍, അശോക് കുമാര്‍, ശുഭ കുമാര്‍, റെജീന, ശോഭ കെ. മാത്യു എന്നിവരും തീരുമാനത്തെ എതിര്‍ത്തു. പ്രതിപക്ഷത്തിന്‍െറ എതിര്‍പ്പ് ലംഘിച്ച് തീരുമാനം എടുത്തതിനെ തുടര്‍ന്ന് എല്‍.ഡി.എഫ് അംഗങ്ങള്‍ കൗണ്‍സില്‍ യോഗം ബഹിഷ്കരിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.