വ്യാജതിരിച്ചറിയല്‍ കാര്‍ഡ് വില്‍പന നടത്തിയയാള്‍ പിടിയില്‍

ശബരിമല: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍െറ പേരില്‍ അച്ചടിച്ച തിരിച്ചറിയല്‍ കാര്‍ഡ് വില്‍പന നടത്തിയയാള്‍ പിടിയില്‍. തമിഴ്നാട് താംബരം പെരുമാള്‍ തെരുവ് രാജേന്ദ്രനാണ് (49) പിടിയിലായത്. ഗുരുസ്വാമിയായി എത്തിയ രാജേന്ദ്രന്‍ സംഘാംഗങ്ങള്‍ക്ക്് നല്‍കിയ വ്യാജതിരിച്ചറിയല്‍ കാര്‍ഡുകള്‍ പൊലീസ് പിടിച്ചെടുത്തു. പ്രത്യേക ദര്‍ശനം ലഭിക്കുന്നതിന് ഒരാളില്‍നിന്ന് 3900 രൂപ വാങ്ങിയായിരുന്നു തട്ടിപ്പ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ശബരിമല ദേവസ്വം എന്ന് രേഖപ്പെടുത്തിയ കാര്‍ഡില്‍ അയ്യപ്പസ്വാമിയുടെ ചിത്രവും ദേവസ്വം ബോര്‍ഡിന്‍െറ എംബ്ളവും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, കാര്‍ഡില്‍ ദേവസ്വം ബോര്‍ഡ് അധികൃതരുടെ ഒപ്പോ പേരോ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല. ഇതാണ് പൊലീസിന് സംശയമുദിക്കാന്‍ കാരണം. സന്നിധാനത്ത് ദര്‍ശനത്തിന് കൊണ്ടുവന്ന നാലുപേരെ മരക്കൂട്ടത്ത് തടഞ്ഞ് പരിശോധിച്ചപ്പോഴാണ് വ്യാജ തിരിച്ചറിയില്‍ കാര്‍ഡാണ് ഉപയോഗിച്ചതെന്നു മനസ്സിലായത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നത് രാജേന്ദ്രനാണെന്ന് വ്യക്തമായത്. തുടര്‍ന്ന് സന്നിധാനം പൊലീസും ഷാഡോ പൊലീസും നടത്തിയ അന്വേഷണത്തിലാണ് രാജേന്ദ്രനെ സന്നിധാനത്തുനിന്ന് പിടികൂടിയത്. ഇതുവരെ മൂന്നു സംഘങ്ങള്‍ രാജേന്ദ്രന്‍െറ നേതൃത്വത്തില്‍ സന്നിധാനത്ത് ദര്‍ശനത്തിന് എത്തിയിട്ടുണ്ട്. ഇവര്‍ക്കെല്ലാം ഇത്തരത്തിലുള്ള കാര്‍ഡ് നല്‍കിയാണ് കൊണ്ടു വന്നിരുന്നതെന്ന് ഇയാള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. വ്യാജകാര്‍ഡുകള്‍ ഉപയോഗിച്ച് സന്നിധാനത്ത് പലതട്ടിപ്പുകളും നടത്തിയിരുന്ന നിരവധി പേരെ ഇതിനോടകം തന്നെ പൊലീസ് പിടികൂടിയിട്ടുണ്ട്. സന്നിധാനം എസ്.ഐ വി. വിനോദ്, സി.പി.ഒമാരായ രാജേന്ദ്രന്‍, സുമേഷ് ബാബു, ഷാഡോ പൊലീസ് അംഗങ്ങളായ വിമല്‍ രാജ്, ബിജുമാത്യു. സി.പി.ഒമാരായ ഗിരിജേന്ദ്രന്‍, അഭിലാഷ് എന്നിവര്‍ ചേര്‍ന്നാണ് രാജേന്ദ്രനെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.