നടപ്പാത കൈയേറിയുള്ള പാര്‍ക്കിങ്ങും നിര്‍മാണപ്രവര്‍ത്തനവും

പത്തനംതിട്ട: നടപ്പാത കൈയേറിയുള്ള പാര്‍ക്കിങ്ങും നിര്‍മാണപ്രവര്‍ത്തനവും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. നഗരത്തിലെ ഏറ്റവും തിരക്കുള്ള തിരുവല്ല-കുമ്പഴ റോഡില്‍ അബാന്‍ ജങ്ഷന് സമീപം, ജനറല്‍ ആശുപത്രി മുതല്‍ അബാന്‍ ജങ്ഷന്‍വരെ, പൊലീസ് സ്റ്റേഷന്‍ റോഡ്, പോസ്റ്റ് ഓഫിസ് റോഡ്, കെ.എസ്.ആര്‍.ടി.സിക്ക് സമീപം എന്നിവിടങ്ങളിലാണ് വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ്ങും കച്ചവടക്കാരുടെ കൈയേറ്റവും ബുദ്ധിമുട്ടായിരിക്കുന്നത്. കൂടാതെ ഓട്ടോക്കാരുടെ പാര്‍ക്കിങ്ങും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അബാന്‍ ജങ്ഷനില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥാപനത്തിലേക്ക് പ്രവേശിക്കുന്നിടത്ത് റോഡിലാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ നിര്‍മാണ സാമഗ്രികള്‍ ഇറക്കി പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായിരിക്കുന്നത്. ഇവിടെ കരിങ്കല്ല് പാകിയും കരിങ്കല്ല് കൂന കൂട്ടിയിട്ടും കാല്‍നടക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. മറ്റിടങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. നോ പാര്‍ക്കിങ് സ്ഥലങ്ങളിലെല്ലാം വാഹനങ്ങള്‍ നിറയുകയാണ്. ട്രാഫിക് പൊലീസ് ഇതൊന്നും കണ്ടഭാവം നടിക്കുന്നില്ല. ഫുട്പാത്ത് മുഴുവനും കച്ചവടക്കാരുടെ നിയന്ത്രണത്തിലാണ്. മിനിസിവില്‍ സ്റ്റേഷന്‍പടി മുതല്‍ അബാന്‍ ജങ്ഷന്‍വരെ റോഡിന് ഇരുവശത്തും വാഹനങ്ങളുടെ പാര്‍ക്കിങ്ങാണ്. ഇരുഭാഗത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനാണ് ഇതുവഴി കടന്നുപോകുന്ന വാഹനങ്ങള്‍ നന്നേ പാടുപെട്ടാണ് കടന്നുപോകുന്നത്. കാല്‍നടക്കാര്‍ക്ക് കടന്നുപോകാന്‍പോലും സ്ഥലമില്ല. നഗരത്തിലെ ഓട്ടോക്കാരും തോന്നിയപോലെയാണ് വാഹനം പാര്‍ക്ക് ചെയ്യുന്നത്. ഇത് ചോദ്യംചെയ്താല്‍ ചില ഓട്ടോ ഡ്രൈവര്‍മാര്‍ ‘നോക്കി പേടിപ്പിക്കുന്നതായും’ പരാതിയുണ്ട്. പത്തനംതിട്ട ടൗണ്‍ ജുമാമസ്ജിദിന്‍െറ മുന്‍വശത്ത് കൂടിയുള്ള വഴിയിലെ റോഡില്‍ ഓട്ടോപാര്‍ക്കിങ് നിരോധിക്കണമെന്ന പൊതുജന ആവശ്യം ശക്തമായിട്ടുണ്ട്. ഓട്ടോ പാര്‍ക്കിങ് കാരണം ഇതുവഴി മറ്റ് വാഹനങ്ങള്‍ കടന്നുപോകാന്‍ കഴിയുന്നില്ല. ഈ റോഡ് സൈഡിലെ കടയിലേക്കും മറ്റും വാഹനങ്ങളില്‍നിന്ന് ചരക്ക് ഇറക്കുമ്പോള്‍ ഇവിടുത്തെ ഗതാഗതം തടസ്സപ്പെടുകയും ചെയ്യുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.