കലയുടെ കാലവൈവിധ്യം പകര്‍ന്നദിനം

തിരുവല്ല: സംഘാടകര്‍ താളം കണ്ടത്തെിയ മൂന്നാംദിനം വെയില്‍ ചൂടിനെ ഭേദിച്ച് വിവിധ കലാരൂപങ്ങള്‍ അതിന്‍െറ താള-നാദ-കാല വൈവിധ്യം പകര്‍ന്നു. മോഹിനിയാട്ടവും മാര്‍ഗംകളിയും അറബനമുട്ടുമൊക്കെ വിവിധ വേദികളില്‍ കുട്ടികള്‍ തന്മയത്വത്തോടെ അവതരിപ്പിച്ചെങ്കിലും കാണികള്‍ തലേദിവസത്തേക്കാള്‍ കുറവായിരുന്നു. മോഹിനിയാട്ടം കാണാനത്തെിയ ചില വീട്ടമ്മമാര്‍ ഇതില്‍ പരിതപിച്ചു. കഴിഞ്ഞ ദിവസത്തെ പിഴവ് തിരുത്തി സംഘാടകര്‍ ഏതാണ്ട് കൃത്യത കണ്ടത്തെി. പലയിനങ്ങളും സമയബന്ധിതമായി തീര്‍ക്കാന്‍ കഴിഞ്ഞു. ഒന്നിനൊന്നുമെച്ചമായി കുട്ടികള്‍ മോഹിനിയാട്ടം അവതരിപ്പിച്ചപ്പോള്‍ ഒന്നാംസ്ഥാനം നല്‍കാന്‍ വിധികര്‍ത്താക്കള്‍ക്ക് നിരവധി മാനദണ്ഡങ്ങള്‍ സസൂക്ഷ്മം പരിശോധിക്കേണ്ടിവന്നു. അതിനുള്ള ക്രമീകരണവും അവര്‍ നല്‍കിയെങ്കിലും പല രക്ഷാകര്‍ത്താക്കളും രോഷം പ്രകടിപ്പിച്ചു. അറബനമുട്ടും മാര്‍ഗംകളിയും കാണാന്‍ സാമാന്യം നല്ലരീതിയില്‍ കാണികള്‍ ഉണ്ടായിരുന്നു. മധ്യതിരുവിതാംകൂറിലെ ക്രിസ്തീയ വിഭാഗങ്ങളുടെ പ്രമുഖ കേന്ദ്രമായ തിരുവല്ലയിലെ ഒന്നാംവേദിയില്‍ യേശു ചരിതവും കേരളത്തിലെ ക്രിസ്തീയ ചരിത്രത്തിലെ ഏടുകളും വിവരിച്ച് മാര്‍ഗംകളിയും പരിചമുട്ടും ചവിട്ടുനാടകവും അരങ്ങേറിയത് കാണികളെ ഹരംകൊള്ളിച്ചു. നാടകം നടന്ന നാലാം വേദിയില്‍ ശബ്ദ പ്രശ്നം കല്ലുകടിയുണ്ടാക്കി. മൈക്രോഫോണ്‍ നിലവാരമില്ലാത്തതായതിനാല്‍ പല ഡയലോഗുകളും കേള്‍ക്കാന്‍ കഴിഞ്ഞില്ല. ക്ളാസിക്കല്‍ മൃദംഗത്തിലും കഥകളി സംഗീതത്തിനും കുട്ടികള്‍ നല്ല നിലവാരം പുലര്‍ത്തിയതായി വിധികര്‍ത്താക്കള്‍ വിലയിരുത്തി. കലോത്സവം തുടങ്ങുമ്പോള്‍ തന്നെ രാഷ്ട്രീയക്കാരും അധ്യാപക സംഘടനകളും രണ്ടുതട്ടിലായത് സംഘാടനത്തിലും നിഴലിച്ചു. ജില്ലാ പഞ്ചായത്തിന്‍െറയോ നഗരസഭയുടെയോ സഹായ സഹകരണങ്ങള്‍ പല കാര്യങ്ങളിലും ലഭ്യമായില്ല. അധ്യാപകര്‍ ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ് കാര്യങ്ങള്‍ നടത്തുന്നത്. സ്കൗട്ട്സ് ആന്‍ഡ് ഗെയ്ഡ്സിലെ കുട്ടികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിനാല്‍ അധികം പരാതികള്‍ക്ക് ഇടയില്ലാതെ കാര്യങ്ങള്‍ മുന്നോട്ടുപോകും.റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന്‍െറ ചുമതലയുള്ള ജില്ലാ പഞ്ചായത്ത് ഭരണ നേതൃത്വം മേളയെ പൂര്‍ണമായും കയ്യൊഴിഞ്ഞ നിലയിലാണ്. തിരുവല്ല നഗരസഭ ആകെ ചെയ്യുന്ന സഹായം കുടിവെള്ളം എത്തിക്കുക എന്നതു മാത്രമാണ്. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ സാന്നിധ്യം പേരിനുമാത്രമേയുള്ളു. ജില്ലാ കലോത്സവം നടക്കുകയാണോ എന്ന് സംശയം തോന്നുന്ന തരത്തിലായിരുന്നു ചിലയിടങ്ങളിലെ ജനസാന്നിധ്യം. യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഉണ്ടായിട്ടും ജനപ്രതിനിധികള്‍ എത്താതിരുന്നത് അവഗണനയായി വിലയിരുത്തേണ്ടിവരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.