വടശ്ശേരിക്കര: മീന്‍ കിട്ടാനില്ല; ജില്ലയിലെ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ പട്ടിണിയിലേക്ക്. മത്സ്യവിപണനം ഉപജീവനമാക്കിയ ആയിരക്കണക്കിന് തൊഴിലാളി കുടുംബങ്ങളാണ് മത്സ്യലഭ്യതയുടെ കുറവുമൂലം ദുരിതത്തിലായത്. കടല്‍ത്തീരമില്ലാത്ത പത്തനംതിട്ട ജില്ലയില്‍ ദിനംപ്രതി കോടിക്കണക്കിന് രൂപയുടെ മത്സ്യവിപണനമാണ് നടക്കുന്നത്. എന്നാല്‍, രണ്ടാഴ്ചയായി ലാഭകരമല്ലാത്തതിനാല്‍ നിരവധിപേര്‍ മത്സ്യവിപണനത്തില്‍നിന്ന് പിന്മാറിക്കഴിഞ്ഞു. ഇരുചക്രവാഹനങ്ങളിലും ഗുഡ്സ് ഓട്ടോകളിലും ചെറുകിട മാര്‍ക്കറ്റുകളിലും സജീവമായിരുന്ന നിരവധിപേരാണ് മീന്‍ കിട്ടാനില്ലാത്തിനാല്‍ തൊഴിലെടുക്കാനാകാതെ പകച്ചുനില്‍ക്കുന്നത്. ജില്ലയില്‍ അടുത്തിടെ സജീവമായ വഴിയോര മീന്‍ കച്ചവടവും അന്തിപ്പച്ചയുമൊക്കെ പകുതിയിലേറെയും നിന്നുപോയി. ജില്ലയിലെ പ്രധാന മത്സ്യവിപണിയായ കുമ്പഴ ചന്തയില്‍ ദിനംപ്രതി നൂറിലധികം വാഹനങ്ങളില്‍ മത്സ്യം ചില്ലറ വില്‍പനക്കായി എത്തിച്ചേരുമായിരുന്നിടത്ത് ഇപ്പോള്‍ രണ്ടോ മൂന്നോ ലോഡ് മാത്രമാണ് എത്തുന്നതെന്നും വാങ്ങി ചില്ലറ വില്‍പന നടത്തിയാല്‍ ജീവിച്ചുപോകാന്‍ കഴിയില്ളെന്നും ചെറുകിട മത്സ്യ വ്യാപാരികള്‍ പറയുന്നു. അടുത്തകാലം വരെ 100 രൂപയില്‍ താഴെ വിലയുണ്ടായിരുന്ന പല മത്സ്യങ്ങളും ഇപ്പോള്‍ 200 രൂപ കൊടുത്താല്‍പോലും കിട്ടില്ല. റബറിന്‍െറ വിലത്തകര്‍ച്ചയും സാമ്പത്തികമാന്ദ്യവുംമൂലം വിപണി തകര്‍ന്നുപോയതിനോടൊപ്പം മത്സ്യ സമ്പത്തിലും ദാരിദ്ര്യം നേരിട്ടത് നിരവധി കുടുംബങ്ങളെ പ്രതിസന്ധിയിലാക്കി. മത്സ്യക്കച്ചവടത്തിനായി കടമെടുത്തവരും വായ്പയെടുത്ത് വാഹനം വാങ്ങിയവരും മറ്റൊരു തൊഴിലിലേക്ക് മടങ്ങിപ്പോകാനാകാതെ വിഷമിക്കുകയാണ്. മത്സ്യങ്ങള്‍ കൂട്ടത്തോടെ തീരദേശത്തുനിന്ന് ഉള്‍വലിഞ്ഞതും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് വിദേശ കപ്പലുകള്‍ ഉള്‍പ്പെടെ മത്സ്യസമ്പത്ത് അനിയന്ത്രിതമായി കൊള്ളയടിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് പറയുന്നു. തീരദേശങ്ങളില്‍പോലും മീനിന് തീവിലയാണെന്നാണ് അറിയാന്‍ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.