ആറന്മുളയില്‍ തര്‍ക്കം തകൃതി; മണ്ണ് നീക്കുന്നത് പേരിനു മാത്രം

പത്തനംതിട്ട: ഹൈകോടതി നിര്‍ദേശപ്രകാരം കരിമാരംതോട്ടിലേതടക്കം ആറന്മുളയില്‍ നീക്കം ചെയ്യേണ്ടത് 16,000 ലോഡ് മണ്ണ്. എന്നാല്‍, കലക്ടര്‍ അനുമതി നല്‍കിയിരിക്കുന്നത് 1000 ലോഡ് മണ്ണ് നീക്കാന്‍ മാത്രവും. ഇത്രയുമധികം മണ്ണ് നീക്കാന്‍ ഉപയോഗിക്കുന്നത് ഒരു യന്ത്രവും ഏതാനും ടിപ്പറുകളും മാത്രം. മണ്ണ് നീക്കം നടക്കുന്നത് പേരിന് മാത്രമാണെന്നതിനെച്ചൊല്ലി കലക്ടറും എം.എല്‍.എയും തമ്മില്‍ തര്‍ക്കം രൂക്ഷമാണ്. നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാനാണ് കലക്ടറും എം.എല്‍.എയും പോരടിക്കുന്നതെന്നും ആരോപണമുണ്ട്. ബുധനാഴ്ച മുതലാണ് മണ്ണ് നീക്കാന്‍ തുടങ്ങിയത്. ആദ്യ ദിവസം ഏഴുലോഡ്, രണ്ടാം ദിവസം 26 ലോഡ്, മൂന്നാം ദിവസം 14 ലോഡ്, നാലാം ദിവസം 36 ലോഡ് എന്നിങ്ങനെയാണ് മണ്ണ് നീക്കിയതെന്ന് ഇറിഗേഷന്‍ അധികൃതര്‍ പറയുന്നു. ഒരു ദിവസം 50 ലോഡ് മണ്ണ് വീതം നീക്കിയാലും 16,000 ലോഡ് മണ്ണ് നീക്കാന്‍ 320 ദിവസം ആവശ്യമാണ്. അതിനിടെ തടസ്സവാദങ്ങള്‍ നിരത്തി മണ്ണ് നീക്കം തടയാനാണ് എം.എല്‍.എ ശ്രമിക്കുന്നതെന്ന് സമരക്കാര്‍ ആരോപിക്കുന്നു. ആറന്മുള വില്ളേജില്‍ ബ്ളോക് നമ്പര്‍ മൂന്നില്‍പെട്ട 388/12, 391/1, 409, 410, മല്ലപ്പുഴശേരി വില്ളേജില്‍ ബ്ളോക് നമ്പര്‍ 12ല്‍പെട്ട 108, 246, 247, 248, 249, 252, 251/1 എന്നീ സര്‍വേ നമ്പറുകളില്‍ നിന്നായി 6.35 ഏക്കര്‍ സ്ഥലത്തെ മണ്ണ് നീക്കണമെന്നാണ് ഹൈകോടതി ഉത്തരവ്. മണ്ണ് നീക്കം ചെയ്ത് തോട്ടിലൂടെ വെള്ളം ഒഴുകിത്തുടങ്ങിയാല്‍ പുഞ്ചപ്പാടത്ത് കെട്ടിനില്‍ക്കുന്ന വെള്ളം ഒഴിയുകയും അതുവഴി കൃഷി പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശത്തെ കര്‍ഷകര്‍. മണ്ണ് നീക്കാത്തതിനെ തുടര്‍ന്ന് കലക്ടര്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് കേസെടുത്തിരുന്നു. കോടതി നടപടികളില്‍നിന്ന് തലയൂരാനാണ് മണ്ണു നീക്കാന്‍ കലക്ടര്‍ നടപടി തുടങ്ങിയത്. ഇത്രയും കാലം പദ്ധതിക്ക് അനുകൂലമായി ഒത്തൊരുമിച്ചുനിന്ന എം.എല്‍.എയും കലക്ടറും ഇപ്പോള്‍ പോരുമായി രംഗത്തത്തെിയത് മണ്ണ് നീക്കല്‍ മുടക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് സമരക്കാര്‍ സംശയിക്കുന്നു. പദ്ധതിപ്രദേശത്തെ അവശേഷിക്കുന്ന സ്ഥലത്ത് മണ്ണ് നിക്ഷേപിക്കണമെന്നാണ് എം.എല്‍.എ ആവശ്യപ്പെടുന്നത്. അവിടെ കുടില്‍കെട്ടി സമരക്കാര്‍ പാര്‍ക്കുന്ന ഇടമാണ്. അവിടെ മണ്ണ് നിക്ഷേപിക്കാന്‍ ആരംഭിച്ചാല്‍ അവര്‍ സമരത്തിനിറങ്ങും. ഇത് ചൂണ്ടിക്കാട്ടി മണ്ണ് മാറ്റല്‍ നിര്‍ത്തിവെക്കാനാവും. അതാണ് കലക്ടറും എം.എല്‍.എയും തമ്മിലെ പോരിന്‍െറ ഉള്ളുകള്ളിയെന്നാണ് സമരക്കാര്‍ സംശയിക്കുന്നു. വിമാനത്താവള നിര്‍മാണത്തിനായി കോഴഞ്ചേരി എജുക്കേഷനല്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കലമണ്ണില്‍ കെ.ജെ. എബ്രഹാമാണ് തോട് കൈയേറി നികത്തിയത്. അദ്ദേഹം തന്നെയാണ് ഇപ്പോള്‍ തോട്ടിലെ മണ്ണ് നീക്കുന്നതും. മണ്ണ് നീക്കി തോട് പുന$സ്ഥാപിക്കണമെന്നാണ് കോടതി ഉത്തരവ്. വേനല്‍കാലമായതിനാല്‍ മണ്ണ് നീക്കാന്‍ സൗകര്യമുണ്ട്. റണ്‍വേയുടെ മധ്യഭാഗത്തായാണ് തോട്. തോട് പുന$സ്ഥാപിച്ചാലും റണ്‍വേ മുറിയില്ളെന്നും ചെറിയ പാലം പണിത് റണ്‍വേ നിലനിര്‍ത്താമെന്നുമാണ് നിര്‍മാണ കമ്പനിയുടെ കണക്കുകൂട്ടല്‍. നീക്കുന്ന മണ്ണ് വില്‍ക്കാന്‍ പാടില്ല. നീര്‍ത്തടം നികത്താന്‍ വിനിയോഗിക്കരുത്, എത്ര മണ്ണ് നീക്കി എന്ന് പ്രതിദിനം കണക്ക് നല്‍കണം എന്നീ വ്യവസ്ഥകളോടെയാണ് മണ്ണ് നീക്കാന്‍ കലമണ്ണിലിനെ അനുവദിച്ചതെന്ന് നേരത്തേ കലക്ടര്‍ പറഞ്ഞിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.