കടക്കാട് മാര്‍ക്കറ്റ് നവീകരിക്കാന്‍ നഗരസഭ ഒരുങ്ങുന്നു

പന്തളം: ഒടുവില്‍ പന്തളം നഗരസഭ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ നിര്‍ദേശത്തിന് വഴങ്ങുന്നു. കടക്കാട് മത്സ്യമൊത്ത വിതരണമാര്‍ക്കറ്റിന്‍െറ നവീകരണ പ്രവര്‍ത്തനങ്ങള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ നിര്‍ദേശത്തിനു വിധേയമായി നടത്താന്‍ അടിയന്തര നഗരസഭ കൗണ്‍സില്‍ യോഗം ശനിയാഴ്ച തീരുമാനിച്ചു. ഏറെ വര്‍ഷങ്ങളുടെ നിയമപോരാട്ടത്തിനും വിവാദങ്ങള്‍ക്കും സംഘര്‍ഷത്തിനും ഇതോടെ വിരാമമാകുന്നു. പതിറ്റാണ്ടുകളായി പന്തളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മത്സ്യ മൊത്തവിതരണ മാര്‍ക്കറ്റ് കടക്കാട്ട് പ്രവര്‍ത്തനമാരംഭിച്ചതുമുതല്‍ വിവാദങ്ങള്‍ക്കും തുടക്കമായിരുന്നു. ഏറെ മലിനീകരണ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്ന മാര്‍ക്കറ്റ് ജനവാസമേഖലയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. മാര്‍ക്കറ്റില്‍ അടിസ്ഥാന സൗകര്യമൊരുക്കാന്‍ പഴയ പഞ്ചായത്ത് അധികൃതര്‍ക്കായില്ല. അവസാന പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് 15 ലക്ഷം രൂപ അനുവദിച്ച് നവീകരണപ്രവര്‍ത്തനം നടത്താന്‍ ആരംഭിച്ചു. എന്നാല്‍, മലിനീകരണ നിയന്ത്രണബോര്‍ഡിന്‍െറ നിര്‍ദേശങ്ങള്‍ക്കു വിധേയമായിരുന്നില്ല പ്രവര്‍ത്തനങ്ങള്‍. വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന മാര്‍ക്കറ്റിന് ബോര്‍ഡിന്‍െറ അനുമതി വാങ്ങാനും മുന്‍ ഭരണസമിതികള്‍ക്കായില്ല. അനുമതിക്കായി ബോര്‍ഡിനെ പഴയ പഞ്ചായത്ത് ഭരണസമിതി സമീപിച്ചിരുന്നില്ളെങ്കിലും ഹൈകോടതിയില്‍ നിലവിലുണ്ടായിരുന്ന കേസില്‍ കോടതി നിര്‍ദേശപ്രകാരം കടക്കാട് മാര്‍ക്കറ്റ് പ്രവര്‍ത്തിപ്പിക്കാനാവശ്യമായ സൗകര്യങ്ങളെ സംബന്ധിച്ച് മലിനീകരണ നിയന്ത്രണബോര്‍ഡ് നിര്‍ദേശം നല്‍കിയിരിക്കുന്നു. എന്നാല്‍, ഇവ പ്രാവര്‍ത്തികമാക്കാന്‍ പഴയ ഭരണസമിതികള്‍ നടപടിയെടുക്കാതിരുന്നതാണ് മാര്‍ക്കറ്റിന് ചങ്ങലവീഴുന്ന സാഹചര്യങ്ങളിലേക്ക് നയിച്ചത്. ശനിയാഴ്ച ചേര്‍ന്ന അടിയന്തര നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ തനതു ഫണ്ടില്‍നിന്ന് ആവശ്യമായ പണം അനുവദിച്ച് സമയബന്ധിതമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനമായി. മത്സ്യപെട്ടികളില്‍ നിന്നും ഉണ്ടാകുന്ന മലിനജലം കെട്ടിക്കിടക്കാതെ ഒഴുകിപ്പോകാന്‍ കഴിയുന്ന തരത്തില്‍ മാര്‍ക്കറ്റിന്‍െറ തറ പുനര്‍നിര്‍മിക്കും. തറയില്‍ വീഴുന്ന മലിനജലവും മഴവെള്ളവും തമ്മില്‍ കൂടിക്കലരാതിരിക്കാന്‍ മേല്‍ക്കൂര നിര്‍മിക്കും. ഒഴുകിയത്തെുന്ന മലിനജലം ശേഖരിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദേശിച്ചതരത്തില്‍ സംവിധാനമൊരുക്കാനും തീരുമാനമായി. മാര്‍ക്കറ്റിന്‍െറ പ്രവര്‍ത്തനം കഴിഞ്ഞാല്‍ എല്ലാദിവസവും കഴുകി വൃത്തിയാക്കാനും നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.കെ. സതിയും വൈസ് ചെയര്‍മാന്‍ ഡി. രവീന്ദ്രനും പറഞ്ഞു. മാര്‍ക്കറ്റിന്‍െറ നവീകരണത്തിനാവശ്യമായ തനതു ഫണ്ട് നിലവില്‍ നഗരസഭയില്‍ ലഭ്യമല്ളെന്നിരിക്കെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനനുസരിച്ച് ഫണ്ട് കണ്ടത്തെി നല്‍കാനാണ് ധാരണ. നിലവില്‍ മാര്‍ക്കറ്റിന്‍െറ പ്രവര്‍ത്തനം എങ്ങനെ നടത്തണമെന്നതുസംബന്ധിച്ച് കൗണ്‍സിലില്‍ ധാരണയായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.