പന്തളം മാര്‍ക്കറ്റിലേക്ക് മാറ്റുന്നതിനെതിരെ ജനകീയ പ്രതിഷേധം

പന്തളം: കടക്കാട് മത്സ്യ മൊത്തവിപണന മാര്‍ക്കറ്റ് പന്തളം നഗരകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ ജനകീയ പ്രതിഷേധം ഉയരുന്നു. ഏറെ പാരിസ്ഥിതിക പ്രശ്നങ്ങളുയര്‍ത്തുന്ന പന്തളം മാര്‍ക്കറ്റിലേക്ക് കടക്കാട് മത്സ്യ മൊത്തവിപണന മാര്‍ക്കറ്റ് മാറ്റാനുള്ള അധികൃതരുടെ നീക്കം ഏതുവിധത്തിലും ചെറുക്കുമെന്ന് സമരനേതാക്കള്‍ പറഞ്ഞു. നഗരകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന റെസിഡന്‍റ്സ് അസോസിയേഷനുകളുടെയും വെറ്റില കര്‍ഷകരുടെയും നേതൃത്വത്തില്‍ ഈ വിഷയം ഉയര്‍ത്തി ശനിയാഴ്ച നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി. പന്തളം മാര്‍ക്കറ്റ് ഇപ്പോള്‍തന്നെ ശോച്യാവസ്ഥയിലാണ്. മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന മാലിന്യസംസ്കരണ പ്ളാന്‍റ് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ മാലിന്യം കുന്നുകൂടി ദുര്‍ഗന്ധം വമിക്കുകയാണ്. ഇതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിരവധിതവണ നഗരസഭയെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ളെന്ന് സമരക്കാര്‍ പറയുന്നു. മാലിന്യസംസ്കരണ പ്ളാന്‍റില്‍ മാലിന്യം കുമിഞ്ഞുകൂടി ഏതുനിമിഷവും സാംക്രമികരോഗങ്ങള്‍ പടര്‍ന്നുപിടിക്കാവുന്ന സ്ഥിതിയിലാണ്. നിലവില്‍ മാര്‍ക്കറ്റിന്‍െറ ശുചീകരണ ജോലികള്‍ നഗരസഭ കൃത്യസമയത്ത് നിര്‍വഹിക്കുന്നില്ല. പലപ്പോഴും മാലിന്യനീക്കം നിലക്കുന്നതിനാല്‍ കൊതുക് പെരുകുന്നു. ഇതുമൂലം മാര്‍ക്കറ്റില്‍ പുലര്‍ച്ചെ വ്യാപാരികള്‍ക്ക് കച്ചവടം നടത്താന്‍ കഴിയാത്ത സാഹചര്യമാണ്. മാര്‍ക്കറ്റിലേക്ക് മത്സ്യ മൊത്തവിപണന മാര്‍ക്കറ്റ് മാറ്റുന്നത് കൂടുതല്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാകും. ശനിയാഴ്ച രാവിലെ 11ന് മാര്‍ക്കറ്റ് ജങ്ഷനില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് നഗരസഭാ കാര്യാലയത്തിനുമുന്നില്‍ പൊലീസ് തടഞ്ഞു. കെ.ആര്‍. കൃഷ്ണപിള്ളയുടെ അധ്യക്ഷതയില്‍ നഗരസഭാംഗം അഡ്വ.കെ.എസ്. ശിവകുമാര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. നഗരസഭാഅംഗങ്ങളായ കെ.വി. പ്രഭ, എന്‍.ജി. സുരേന്ദ്രന്‍, കെ.ആര്‍. രവി, ജി. അനില്‍ കുമാര്‍, സുമേഷ് കുമാര്‍, ശ്രീലേഖ, കെ. സീന, ശ്രീലത, സുധ ശശി, വ്യാപാരികളുടെ പ്രതിനിധി എം.ബി. ബിനുകുമാര്‍, വെറ്റില കര്‍ഷക പ്രതിനിധി അരുണ്‍, സഞ്ജു, അരുണ്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.