വെല്‍ഫെയര്‍ പാര്‍ട്ടി ഭൂസമര സമിതി: സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ നൂറുകണക്കിന് ഭൂരഹിതര്‍ പങ്കെടുക്കും

പത്തനംതിട്ട: കേരളത്തിലെ മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി ഭൂസമര സമിതിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ ജില്ലയില്‍നിന്നുള്ള നൂറുകണക്കിന് ഭൂരഹിതര്‍ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്‍റ് ജോഷി ജോസഫ് അറിയിച്ചു. 2015 ഡിസംബര്‍ 31ന് മുമ്പ് കേരളത്തെ ഭൂരഹിതരില്ലാത്ത സംസ്ഥാനമാക്കി മാറ്റുമെന്ന വാഗ്ദാനം നല്‍കിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പാവപ്പെട്ട ഭൂരഹിതരെ വഞ്ചിക്കുകയായിരുന്നു. സംസ്ഥാനത്ത് നാലുലക്ഷം വരുന്ന ഭൂരഹിതരില്‍ 10 ശതമാനം പേര്‍ക്കാണ് കേവലം മൂന്നുസെന്‍റ് ഭൂമി പട്ടയം ലഭിച്ചത്. പട്ടയം ലഭിച്ച പകുതിപേര്‍ക്കും ഭൂമി ലഭിച്ചിട്ടില്ല. സോണിയഗാന്ധി പങ്കെടുത്ത തിരുവനന്തപുരത്തെ ഉദ്ഘാടന പരിപാടിയില്‍ പട്ടയം ലഭിച്ചവരില്‍ പോലും ഭൂമി ലഭിക്കാത്തവര്‍ നിരവധിയാണ്. റവന്യൂ മന്ത്രിയുടെ ജില്ലയിലെ പത്തനംതിട്ടയില്‍പോലും നൂറുകണക്കിന് ആളുകള്‍ പദ്ധതിയില്‍ അപേക്ഷിച്ചിട്ട് ഭൂമി ലഭിക്കാതെ കാത്തിരിക്കുകയാണ്. ഓരോ താലൂക്കില്‍നിന്ന് പാര്‍ട്ടി വിവരാവകാശ പ്രകാരം എടുത്ത കണക്കില്‍ ഭൂരഹിതര്‍ക്ക് നല്‍കാവുന്ന ഭൂമി മിക്കവാറും താലൂക്കില്‍ തന്നെയുണ്ട്. എന്നാല്‍, ഇത് വിതരണം ചെയ്യാന്‍ തയാറാകുന്നില്ല. മനുഷ്യാവകാശ കമീഷന്‍െറ നിര്‍ദേശപ്രകാരം ഐ.ജി ശ്രീജിത്ത് നടത്തിയ അന്വേഷണത്തില്‍ അഞ്ചുലക്ഷം ഏക്കര്‍ ഭൂമി വിദേശ സ്വദേശ കമ്പനികളും വ്യക്തികളും കൈവശംവെച്ചിരിക്കുന്നുവെന്ന് കണ്ടത്തെിയിട്ടുണ്ട്. ഈ ഭൂമി പിടിച്ചെടുത്ത് വിതരണം ചെയ്താല്‍ കേരളത്തിലെ മുഴുവന്‍ ഭൂരഹിതരുടെയും പ്രശ്നം പരിഹരിക്കാന്‍ കഴിയും. പത്തനംതിട്ട ജില്ലയില്‍ തന്നെ നിരവധി ഏക്കര്‍ ഭൂമിയാണ് സ്വകാര്യ കമ്പനികള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്നത്. ഉപരോധസമരം പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി.സി. ഹംസ ഉദ്ഘാടനം ചെയ്യും. ദേശീയ വൈസ് പ്രസിഡന്‍റ് ഫാ. എബ്രഹാം ജോസഫ്, ദേശീയ സെക്രട്ടറി കെ. അംബുജാക്ഷന്‍, സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം, മറ്റ് സംസ്ഥാന ഭാരവാഹികള്‍, എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കും. കേരളത്തിലെ വിവിധ ഭൂസമര നേതാക്കള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, മറ്റ് സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.