പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യം ഉറപ്പാക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ എസ്. ഹരികിഷോര്‍ നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഒരുക്കം വിലയിരുത്തുന്നതിന് കലക്ടറേറ്റില്‍ കൂടിയ യോഗത്തിലാണ് നിര്‍ദേശം. കുടിവെള്ളം, വെളിച്ചം, ശൗചാലയം, ഭിന്നശേഷിയുള്ളവര്‍ക്ക് ബൂത്തിനുള്ളിലത്തൊന്‍ റാംപ് എന്നിവ ഓരോ ബൂത്തിലും സജ്ജമാണെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം. ബൂത്തുകളുടെ പട്ടിക തയാറാക്കി കുറവുകള്‍ പരിഹരിക്കാന്‍ നടപടിയെടുക്കണം. സൗകര്യം വിലയിരുത്തുന്നതിനായി പ്രത്യേക യോഗം കൂടുമെന്നും കലക്ടര്‍ അറിയിച്ചു. ജില്ലയിലെ പ്രശ്നബാധിത ബൂത്തുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ പൊലീസ് മേധാവി ടി. നാരായണനെ ചുമതലപ്പെടുത്തി. ലൈസന്‍സ് ലഭിച്ച തോക്കുകള്‍ സറണ്ടര്‍ ചെയ്യുന്നതിന് ആര്‍.ഡി.ഒമാരുടെ സഹായത്തോടെ പൊലീസ് നടപടി സ്വീകരിക്കും. ജില്ലയില്‍നിന്ന് എട്ടു ഡിവൈ.എസ്.പിമാര്‍, 12 സി.ഐമാര്‍, വനിതകള്‍ ഉള്‍പ്പെടെ 161 എസ്.ഐ-എ.എസ്.ഐമാര്‍, 580ല്‍പരം സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ തെരഞ്ഞെടുപ്പിനായി സജ്ജരാക്കും. അഞ്ചു വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഗാര്‍ഡ് ഡ്യൂട്ടിക്കും മറ്റുമായി 2500ല്‍പരം പൊലീസ് സേനാംഗങ്ങളെ ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. കൂടാതെ 106 വലിയ വാഹനങ്ങളും 11 ചെറിയ വാഹനങ്ങളും പൊലീസ് സേനക്കുവേണ്ടി ഒരുക്കും. എക്സൈസ് വിഭാഗം താലൂക്കുതലങ്ങളിലും ജില്ലാതലത്തിലും പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. റെയ്ഡുകളും ശക്തമാക്കും. വോട്ടെടുപ്പ് കഴിഞ്ഞ് യന്ത്രം സൂക്ഷിക്കുന്ന സ്ട്രോങ് മുറികളുടെ സ്കെച്ച് തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ തയാറാക്കണം. പാര്‍ക്കിങ് ഏരിയ സംബന്ധിച്ചും വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ ആവശ്യമായ കൗണ്ടര്‍ സജ്ജീകരണത്തിനും വരണാധികാരികള്‍ മുന്‍കൂട്ടി നടപടി തുടങ്ങണം. ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ജോലിക്ക് നിയമിക്കല്‍, പരിശീലനം, മൈക്രോ ഒബ്സര്‍വര്‍മാരെ ചുമതലപ്പെടുത്തല്‍, ആന്‍റി ഡിഫേസ്മെന്‍റ്,ഫ്ളയിങ് സ്ക്വാഡുകളുടെ രൂപവത്കരണം എന്നിവക്ക് നടപടി സ്വീകരിക്കാനും ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. സബ്കലക്ടര്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ഐ. അബ്ദുല്‍ സലാം, അടൂര്‍ ആര്‍.ഡി.ഒ ആര്‍. രഘു, വിവിധ വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.