പന്തളം: അടവി വിളിക്കായി കാവുണരാന്‍ ഇനി മൂന്നു നാള്‍ മാത്രം. മരങ്ങളും വള്ളിക്കെട്ടുകളും നിറഞ്ഞ കുരമ്പാല പുത്തന്‍കാവില്‍ ദേവീക്ഷേത്രത്തിലെ കാവിലെ ഇലച്ചാര്‍ത്തുകളുടെ മറവില്‍ അടവി വിളിക്കായി പിശാചുക്കള്‍ കാതോര്‍ത്തു തുടങ്ങി. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ അപൂര്‍വമായി നടക്കുന്ന ചടങ്ങുകളില്‍ ഭാഗമാകുന്നതിനും തെക്കന്‍ കേരളത്തിന്‍െറ തനത് അനുഷ്ഠാന കലയായ പടയണിക്കോലങ്ങള്‍ നേരില്‍കണ്ട് ആസ്വദിക്കുന്നതിനും ഗ്രാമം ഒന്നാകെ മെയ്യും മനവും മറന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 18നാണ് അടവി മഹോത്സവം തുടങ്ങുക. മാര്‍ച്ച് ഒന്നിനു സമാപിക്കും. അന്നു 101 പാളയില്‍ തീര്‍ത്ത ഭൈരവിക്കോലം കളത്തില്‍ തുള്ളിയാടി ഉച്ചസ്ഥായിയില്‍ നില്‍ക്കുമ്പോള്‍ കോലത്തിനു മുന്നില്‍ കരിങ്കോഴിയെ കാട്ടി മാടിവിളിച്ചു ചിറമുടിയിലേക്ക് കൊണ്ടുപോയി തുള്ളിയൊഴിപ്പിക്കുന്നതോടെ അടവിക്ക് പരിസമാപ്തിയാകും. അടവി ഉത്സവത്തിന്‍െറ പ്രധാന ചടങ്ങായ ചൂരല്‍ ഉരുളിച്ച 26ന് നടക്കും. പുത്തന്‍കാവില്‍ ക്ഷേത്രത്തിന്‍െറ മാത്രം പ്രത്യേക ചടങ്ങാണിത്. ഉത്സവപ്രതീതി ഉണര്‍ത്തി ഗ്രാമത്തിലാകെ നടന്ന ദേവിയുടെ എഴുന്നള്ളത്ത് സമാപിച്ചതോടെയാണ് ഈ വര്‍ഷത്തെ അടവിമഹോത്സവത്തിന് തുടക്കമായത്. കരകണ്ടു മടങ്ങിയ ദേവി അകത്തേക്ക് എഴുന്നള്ളിയതോടെ ശ്രീകോവിലില്‍നിന്ന് കത്തിച്ച ചൂട്ടുകറ്റ മേല്‍ശാന്തി ഊരാണ്‍മക്കാരനു കൈമാറി. തപ്പ്, ചെണ്ട, വീരമദ്ദളം, തകില്‍, ഇലത്താളം എന്നിവ ഒത്തുചേരുന്നതോടെ കളം കൊഴുക്കും. കൈപ്പൊലിക്കുശേഷം താവടിതുള്ളലും പന്നത്താവടിയും നടക്കും. തുടര്‍ന്നു വെളിച്ചപ്പാടു മുതല്‍ ശീതങ്കന്‍വരെയുള്ള പടയണി വിനോദങ്ങളുടെ വരവായി. പലയിടത്തും കോലംതുള്ളലിനാണ് പ്രാമുഖ്യം നല്‍കുന്നതെങ്കിലും കുരമ്പാലയില്‍ വിനോദത്തിനാണ് പ്രാധാന്യം. ഇതു കൂടാതെ ഗണപതി, ഗണപതിപ്പിശാച്, വടിമാടന്‍, കാലന്‍, കാലയക്ഷി, നായാട്ടു പടയും കടശ്ശിയില്‍ ഭൈരവിക്കോലവും കളത്തിലത്തെും. പടയണി തുള്ളി ഒമ്പതാം ദിവസം അടവിയിലെ പ്രധാന ചടങ്ങായ ചൂരല്‍ ഉരുളിച്ച നടക്കും. വ്രതം നോറ്റ ഭക്തര്‍ സമീപമുള്ള കാവുകളില്‍നിന്ന് മൂടോടെ പിഴുതെടുത്ത ചൂരല്‍ ക്ഷേത്രമുറ്റത്തു വിരിച്ച് അതില്‍ ചുറ്റി വടക്കോട്ട് ഉരുളും. പിറ്റേന്നു ക്ഷേത്ര മതില്‍ക്കകത്ത് ആരും പ്രവേശിക്കാറില്ല. പടയണി ആരംഭിച്ചു 13ാം ദിവസമാണ് തുള്ളിയൊഴിപ്പിക്കല്‍ ചടങ്ങ് നടക്കുക. പാലച്ചുവട്ടില്‍ കോലം ഇറക്കിവെച്ചു ഗുരുതി നടത്തി തിരിഞ്ഞുനോക്കാതെ മടങ്ങുന്നതോടെ അടവി സമാപിക്കും. കുരമ്പാല പടയണിക്കളരിയുടെ നേതൃത്വത്തില്‍ മാസങ്ങള്‍ക്കു മുമ്പു തന്നെ പടയണി കലാകാരന്മാര്‍ കളരിയില്‍ പരിശീലനം ആരംഭിച്ചതായി പ്രസിഡന്‍റ് ഡി. പ്രകാശ്, കണ്‍വീനര്‍ എം.ജി. മുരുകേശ് എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.