വായ്പൂരില്‍ സി.പി.എമ്മിലെ വിഭാഗീയത മറനീക്കി

മല്ലപ്പള്ളി: വായ്പൂരില്‍ സി.പി.എമ്മിലെ വിഭാഗീയത മറനീക്കി. ഗ്രൂപ്പു സമവാക്യങ്ങള്‍കൊണ്ട് ശ്രദ്ധേയമായ കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തിനുശേഷം സി.പി.എം വായ്പൂര് ലോക്കല്‍ കമ്മിറ്റി കടുത്ത പ്രതിസന്ധിയില്‍. ലോക്കല്‍ കമ്മിറ്റിയിലെ ബഹുഭൂരിപക്ഷം അംഗങ്ങളും കടുത്ത അഭിപ്രായഭിന്നതയെ തുടര്‍ന്ന് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന ഇ.പി. തങ്കപ്പന്‍െറ മകന്‍ വായ്പൂര് ബാങ്കില്‍ നടത്തിയ അഴിമതി പുറത്തുവരാതിരിക്കാന്‍ ചൊല്‍പടിക്കാരനായ കേരള കോണ്‍ഗ്രസുകാരനെ ബാങ്ക് പ്രസിഡന്‍റാക്കിയത് പാര്‍ട്ടിക്കുള്ളിലും ഭരണസമിതിക്കുള്ളിലും കടുത്ത ഭിന്നിപ്പായി തുടരുന്നു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ഡി.വൈ.എഫ്.ഐ നേതാവുമായ നവാസ് ഖാനുമായുള്ള അഭിപ്രായ വ്യത്യാസം പരിഹരിക്കുന്നതില്‍ പാര്‍ട്ടിക്കുവന്ന വീഴ്ചമൂലം നവാസ് ഖാന്‍ കമ്മിറ്റികളില്‍ പങ്കെടുക്കാതെ മാറിനില്‍ക്കുന്നത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി. ജില്ലാ സെക്രട്ടറി മുഖേന പലതവണ ലോക്കല്‍ കമ്മിറ്റി ചേര്‍ന്നിട്ടും പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടില്ല. ഒരു ഒത്തുപോക്കെന്ന രീതിയില്‍ ഇ.പി. തങ്കപ്പനെ ലോക്കല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി ഗ്രൂപ്പുസമവാക്യവും മാറ്റാന്‍ പകരക്കാരനായി വന്ന എം. ജോണ്‍സണ്‍ ഇപ്പോള്‍ നിലയില്ലാക്കയത്തില്‍ വീണ അവസ്ഥയാണ്. നവകേരള മാര്‍ച്ചിന് മുന്നോടിയായി ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.എസ്. മോഹനന്‍ നയിച്ച ജാഥ വായ്പൂരില്‍ പരാജയപ്പെട്ടത് വലിയ ചര്‍ച്ചയായിരുന്നു. സ്വീകരണവേദിയില്‍ ഒരു പാര്‍ട്ടി സഖാവ് പൊട്ടിത്തെറിച്ചതും നാണക്കേടുണ്ടാക്കി. വായ്പൂര് ലോക്കല്‍ കമ്മിറ്റി പിരിച്ചുവിട്ട് കോട്ടാങ്ങല്‍ ലോക്കല്‍ കമ്മിറ്റിയില്‍ ലയിപ്പിക്കണമെന്ന് അണികള്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വായ്പൂരിലെ പരാജയവും വലിയ ചര്‍ച്ചയായിട്ടുണ്ട്. ജാതി സമവാക്യത്തിലൂടെ ബ്ളോക്കില്‍ 11ാം വാര്‍ഡില്‍ ബിനു ജോസഫ് ജയിക്കുകയും പാര്‍ട്ടി സ്ഥാനാര്‍ഥി പരാജയപ്പെടുകയും ചെയ്തതും വിവാദമാണ്. അതിന് ചുക്കാന്‍പിടിച്ചത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന ഇ.പി. തങ്കപ്പനായിരുന്നു എന്നതും പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്.ലോക്കല്‍ കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങള്‍ക്കും ലോക്കല്‍ കമ്മിറ്റി നിലപാടിനോട് കടുത്ത അഭിപ്രായ വ്യത്യാസമാണുള്ളത്. 11ല്‍ 10 സീറ്റുമായി അധികാരത്തിലേറിയ ബാങ്ക് ഭരണസമിതിയിലെ പ്രസിഡന്‍റിന്‍െറ നിലപാടിനോട് ഘടകകക്ഷിയായ സി.പി.ഐക്കും കടുത്ത അഭിപ്രായ വ്യത്യാസമുണ്ട്. ഈ രീതിയില്‍ സി.പി.എം മുന്നോട്ടുപോയാല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വോട്ടുകുറയും എന്ന അഭിപ്രായവും ഉയര്‍ന്നുവരുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.