നടത്തിപ്പിലെ പിടിപ്പുകേട് : കഫേ കുടുംബശ്രീ ഹോട്ടലുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

പത്തനംതിട്ട: നടത്തിപ്പിലെ പിടിപ്പുകേട് കാരണം ജില്ലയിലെ ‘പാര്‍ക്ക് ഇന്‍ കഫേ കുടുംബശ്രീ ഫുഡ്കോര്‍ട്ട്’ അടച്ചുപൂട്ടലിലേക്ക്. 2014 നവംബറിലാണ് പത്തനംതിട്ട ജിയോ ആശുപത്രിക്ക് സമീപമുള്ള സ്വകാര്യവ്യക്തിയുടെ കെട്ടിടത്തില്‍ കുടുംബശ്രീ ഹോട്ടല്‍ ആരംഭിച്ചത്. ഏറെ പ്രതീക്ഷയോടെയാണ് ആരംഭിച്ചതെങ്കിലും തുടക്കത്തിലെ ആവേശം പെട്ടെന്നുതന്നെ കെട്ടടങ്ങി. വകുപ്പ് അധികൃതര്‍ക്ക് ക്രമേണ കുടുംബശ്രീ ഹോട്ടലിനോടുള്ള താല്‍പര്യവും കുറഞ്ഞുവന്നു. വിവിധ കുടുംബശ്രീ യൂനിറ്റുകള്‍ക്കായിരുന്നു ഹോട്ടലിന്‍െറ ചുമതല. തുടക്കത്തില്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കുടുംബശ്രീ പ്രവര്‍ത്തകര്‍ യൂനിറ്റ് അടിസ്ഥാനത്തില്‍ ജോലിക്ക് എത്തിയിരുന്നു. എന്നാല്‍, കുടുംബശ്രീ അധികൃതരുടെ താല്‍പര്യക്കുറവ് കാരണം ക്രമേണ യൂനിറ്റുകളുടെ എണ്ണം കുറയുകയും ആവശ്യത്തിന് ഭക്ഷണ സാധനങ്ങള്‍ ലഭ്യമല്ലാതാകുകയും ചെയ്തു. ഇതോടെ ഹോട്ടലില്‍ എത്തുന്നവരുടെ എണ്ണവും കുറയാന്‍ തുടങ്ങി. ഇപ്പോള്‍ മാര്‍ച്ചുവരെ പ്രവര്‍ത്തിച്ച ശേഷം പ്രവര്‍ത്തനം നിര്‍ത്തിവെക്കാനാണ് ആലോചനയെന്ന് അറിയുന്നു. കഫേ കുടുംബശ്രീ പ്രവര്‍ത്തിക്കുന്ന കെട്ടിടം ഉടമ മറ്റൊരു വ്യക്തിക്ക് വാടകക്ക് ഹോട്ടല്‍ നടത്തിപ്പിന് നല്‍കാന്‍ തീരുമാനിച്ചതായും പറയുന്നു. ഇതുവഴി ഇപ്പോള്‍ ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ തുക വാടകയിനത്തിലും മറ്റുമായി ഉടമക്ക് ലഭിക്കും. ഇതിന് കരാര്‍ ഉറപ്പിച്ചതായാണ് വിവരം. ജില്ലയില്‍ കുടുംബശ്രീയുടെ അഞ്ചു ഹോട്ടലുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. രുചികരവും ശുദ്ധവുമായ ഭക്ഷണം നല്‍കുന്ന കാര്യത്തില്‍ കുടുംബശ്രീ മുന്‍നിരയിലാണ്. ഇതുകാരണം പുറത്തെ കച്ചവടക്കാര്‍ക്ക് കുടുംബശ്രീ ഹോട്ടല്‍ നടത്തിപ്പുകാരോട് വിദ്വേഷവുമുണ്ട്. ജില്ലയില്‍ പാര്‍ക്ക് ഇന്‍ കഫേ കുടുംബശ്രീ കൂടാതെ പി.ഡബ്ള്യു.ഡി റസ്റ്റ്ഹൗസ്, കലക്ടറേറ്റ് അങ്കണം, മലയാലപ്പുഴ, ആറന്മുള എന്നിവിടങ്ങളിലുമാണ് ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നത്. നിരവധി സ്ത്രീകള്‍ക്ക് വരുമാനം നേടിക്കൊടുക്കുന്ന ഒന്നായി കുടുംബശ്രീ ഹോട്ടലുകള്‍ മാറിയിട്ടുണ്ട്. ഇത് അടച്ചുപൂട്ടിയാല്‍ നിരവധി സ്ത്രീകളുടെ വരുമാനം നിലക്കുകയും കുടുംബങ്ങള്‍ പട്ടിണിയിലാകുകയും ചെയ്യും. കുടുംബശ്രീ പ്രവര്‍ത്തകര്‍ തമ്മിലുള്ള സൗന്ദര്യപിണക്കവും കെടുകാര്യസ്ഥതയുമാണ് ഉപഭോക്താക്കളെ അവിടെനിന്ന് അകറ്റുന്നത്. ഭക്ഷണസാധനങ്ങള്‍ വിളമ്പിക്കൊടുക്കുന്നത് ഏറെ വൈകുന്നത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. ഉച്ചയൂണ്, കാപ്പി, ചായ, പ്രഭാത ഭക്ഷണം, വൈകുന്നേരത്തെ വിഭവങ്ങള്‍, ഫ്രഷ് ജ്യൂസുകള്‍ തുടങ്ങിയവ ഓരോന്നും ഓരോ കുടുംബശ്രീകളാണ് നടത്തുന്നത്. ഇവയെയെല്ലാം ഏകോപിപ്പിച്ച് ഉപഭോക്താക്കള്‍ക്ക് ആവശ്യമായ വിഭവങ്ങള്‍ നല്‍കുന്നതിലെ പരാജയമാണ് ഉപഭോക്താക്കളെ ഇവിടെ നിന്ന് അകറ്റുന്നത്. ഏകോപനമില്ലായ്മക്ക് ഉത്തരവാദികള്‍ ജില്ലാ കുടുംബശ്രീ മിഷനാണെന്നാണ് ആരോപണം. എന്നാല്‍, പത്തനംതിട്ടയിലെ പാര്‍ക്ക് ഇന്‍ കഫേ കുടുംബശ്രീ ഫുഡ്കോര്‍ട്ട് പൂട്ടാന്‍ തീരുമാനിച്ചിട്ടില്ളെന്ന് ജില്ലാ കുടുംബശ്രീ മിഷന്‍ ഇന്‍ചാര്‍ജ് പി.എന്‍. സുരേഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. നല്ല രീതിയിലാണ് ഹോട്ടല്‍ പ്രവര്‍ത്തിച്ചു വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.