വയനാടന്‍ വിഭവങ്ങളുമായി ഇസ്മായിലിന്‍െറ തട്ടുകട

പത്തനംതിട്ട: രുചിയൂറുന്ന നാടന്‍ സര്‍ബത്തും മുളയരി ഉണ്ണിയപ്പവും പായസവും അടയും തുടങ്ങി വയനാടന്‍ വിഭവങ്ങളുമായി ഇസ്മായിലിന്‍െറ കൊച്ചുതട്ടുകട. എല്ലാം തയാറാക്കുന്നത് കഴിക്കുന്നവരുടെ ആരോഗ്യം പരിപോഷിപ്പിക്കുംവിധവും. പത്തനംതിട്ട-കൈപ്പട്ടൂര്‍ റോഡില്‍ സ്ഥിരമായി യാത്ര ചെയ്യുന്ന നൂറുകണക്കിന് യാത്രക്കാര്‍ ഇസ്മായിലിന്‍െറ തട്ടുകടയുടെ മുന്നിലത്തെുമ്പോള്‍ വാഹനം അറിയാതെ നിര്‍ത്തുന്നു. ഇവരെല്ലാം ഇവിടുത്തെ സര്‍ബത്തിന്‍െറയും ഉണ്ണിയപ്പത്തിന്‍െറയും രുചി അറിഞ്ഞവരാണ്. ആദ്യരുചിയിലെ മധുരാനുഭവങ്ങളാണ് വീണ്ടും വീണ്ടും ആളുകളെ ഈ തട്ടുകടയിലേക്ക് ആകര്‍ഷിക്കുന്നത്. കൈപ്പട്ടൂര്‍ പാലത്തിന് തൊട്ടടുത്ത് വഴിയോരത്താണ് തട്ടുകട. എപ്പോഴും ഇവിടെ ചെറിയൊരു ആള്‍ക്കൂട്ടമുണ്ടാകും. കൃത്രിമ ചേരുവകളൊന്നുമില്ലാതെ നമ്മുടെ മുന്നില്‍ വെച്ചുതന്നെ സര്‍ബത്തും ഉണ്ണിയപ്പവും മുളയരി പായസവുമൊക്കെ തയാറാക്കിത്തരും. മൂന്നുവര്‍ഷം മുമ്പാണ് റോഡരികില്‍ പത്തനംതിട്ട താഴെവെട്ടിപ്പുറം സ്വദേശി ഇസ്മായിലും വയനാട് സ്വദേശിനിയായ ഭാര്യ രഹ്നയും ചേര്‍ന്ന് കച്ചവടം ആരംഭിച്ചത്. തുടക്കത്തിലേ കച്ചവടം വന്‍ വിജയമായി. വയനാടന്‍ വിഭവങ്ങള്‍ തയാറാക്കുന്നതിലായിരുന്നു ഇവര്‍ക്ക് കൂടുതല്‍ താല്‍പര്യം. അതില്‍ രഹ്നക്കുള്ള പരിചയമാണ് വഴിയോര കച്ചവടത്തിന് ഇടയാക്കിയതും. നാരങ്ങാനീര്, കരിക്ക്, നറുനീണ്ടി, ശതാവരിക്കിഴങ്ങ്, കൂവപ്പൊടി, ഇഞ്ചി, ചുക്ക്, കുരുമുളക് എന്നിവ ഉപയോഗിച്ചാണ് സര്‍ബത്ത് തയാറാക്കുന്നത്. ഒരു ഗ്ളാസിന് 20 രൂപയാണ് വില. ഒരു ഗ്ളാസ് സര്‍ബത്ത് കുടിച്ചാല്‍ ക്ഷീണമെല്ലാം പെട്ടെന്ന് പമ്പകടക്കും.മുളയരി ഉണ്ണിയപ്പം തവിടെണ്ണയും സണ്‍ഫ്ളവര്‍ ഓയിലും ചേര്‍ത്താണ് തയാറാക്കുന്നത്. കൊളസ്ട്രോള്‍ പേടിയില്ലാതെ കഴിക്കാനാണ് ഈ എണ്ണകള്‍ ഉപയോഗിക്കുന്നത്. ഒരു ഉണ്ണിയപ്പത്തിന് അഞ്ചുരൂപയെ വിലയുള്ളൂ. ദൂരെ ദേശങ്ങളില്‍നിന്നുപോലും ഓര്‍ഡര്‍ ചെയ്ത് നിത്യേന ധാരാളം പേര്‍ ഉണ്ണിയപ്പം വാങ്ങിക്കൊണ്ടുപോകുന്നു. ഒരു ദിവസം കുറഞ്ഞത് എട്ടുകിലോ മുളയരി മാവിന്‍െറ വരെ ഉണ്ണിയപ്പം തയാറാക്കുന്നുണ്ട്. മുളയരി പായസത്തിന് 25 രൂപയാണ്. മുളയരി കൊണ്ട് വിവിധ അടകളും തയാറാക്കുന്നുണ്ട്. കൂടാതെ, ചേന പായസവും ഇവരുടെ ഒരു സ്പെഷലാണ്. പാല്‍, സര്‍ബത്ത്, അവല്‍ മില്‍ക്ക്, തേന്‍ നെല്ലിക്ക എന്നിവയും തയാറാക്കുന്നുണ്ട്. രഹ്നയാണ് ഇതിന് മേല്‍നോട്ടം വഹിക്കുന്നത്. പ്ളസ് ടുവിന് പഠിക്കുന്ന മൂത്ത മകന്‍ സജ്നുമല്‍, 10ാം ക്ളാസില്‍ പഠിക്കുന്ന സജ്നാസ് എന്നിവരും സമയം കിട്ടുമ്പോഴെല്ലാം മാതാപിതാക്കളെ സഹായിക്കാന്‍ എത്താറുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.