കെ.എസ്.ആര്‍.ടി.സി അടൂര്‍ ഡിപ്പോയില്‍ ശൗചാലയമില്ല; യാത്രക്കാര്‍ വലയുന്നു

അടൂര്‍: ശൗചാലയമില്ലാത്തതിനാല്‍ കെ.എസ്.ആര്‍.ടി.സി അടൂര്‍ ഡിപ്പോയിലത്തെുന്ന യാത്രക്കാര്‍ ബുദ്ധിമുട്ടുന്നു. സ്റ്റാന്‍ഡും പരിസരവും മലമൂത്ര വിസര്‍ജ്യങ്ങളാല്‍ വൃത്തിഹീനമായിരിക്കുകയാണ്. യാത്രക്കാര്‍ പ്രാഥമികാവശ്യം നിറവേറ്റാന്‍ വലയുമ്പോഴും അറ്റകുറ്റപ്പണിക്ക് അടച്ച സ്റ്റാന്‍ഡിലെ ശൗചാലയം തുറക്കാന്‍ നടപടിയില്ല. സെപ്റ്റിക് ടാങ്ക് മാറ്റി സ്ഥാപിക്കുന്നതിനും മുറിയുടെ ഉയരം കൂട്ടുന്നതിനുമായി ശൗചാലയം അടച്ചിട്ട് ഒരു മാസമായി. അറ്റകുറ്റപ്പണിക്കായി ആദ്യം ഒരു കരാറുകാരന്‍ പണി തുടങ്ങിയെങ്കിലും കരാര്‍ പ്രകാരമുള്ള തുകക്ക് ചെയ്യാന്‍ കഴിയാതെ വന്നതോടെ അയാള്‍ പണി ഉപേക്ഷിച്ചു പോയി. ഇപ്പോള്‍ പണി മറ്റൊരു കരാറുകാരനെ ഏല്‍പിച്ചിരിക്കുകയാണ്. പുതിയ കരാറുകാരന്‍ പണി ഏറ്റെടുത്ത് ഒരാഴ്ച പിന്നിട്ടെങ്കിലും അറ്റകുറ്റപ്പണി ഇഴയുന്ന മട്ടിലാണ്. ബസ്സ്റ്റാന്‍ഡില്‍ ദിവസവും നൂറുകണക്കിന് യാത്രക്കാരാണ് വന്നുപോകുന്നത്. ഇവര്‍ക്കൊന്ന് മൂത്രമൊഴിക്കുന്നതിനുള്ള സൗകര്യംപോലും സ്റ്റാന്‍ഡില്‍ ഇല്ലാത്ത സ്ഥിതിയാണിപ്പോള്‍. അടഞ്ഞു കിടക്കുന്ന ശൗചാലയത്തിന്‍െറ പിറകുവശത്തും ഇല്ലത്തുകാവ് ക്ഷേത്രത്തിലേക്കും സെന്‍റ് മേരീസ് സ്കൂളിലേക്കും പോകുന്ന വഴിയരികിലുമൊക്കെയാണ് യാത്രക്കാര്‍ മലമൂത്ര വിസര്‍ജനം നടത്തുന്നത്.ഇതുമൂലം ഈ വഴി സഞ്ചരിക്കാന്‍ ബുദ്ധിമുട്ടായിരിക്കുകയാണ്. കെ.എസ്.ആര്‍.ടി.സി കാന്‍റീനും സ്വകാര്യ സസ്യഭക്ഷണശാലയും പ്രവര്‍ത്തിക്കുന്നത് ഇതിന് തൊട്ടടുത്താണ്. മലീമസമായ അന്തരീക്ഷത്തിലാണ് ആളുകള്‍ ഇവിടങ്ങളില്‍നിന്ന് ഭക്ഷണം കഴിക്കുന്നത്. കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ജീവനക്കാരുടെ ശുചിമുറി യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ച് യാത്രക്കാര്‍ക്ക് അറിയിപ്പ് ബോര്‍ഡൊന്നും വെച്ചിട്ടുമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.