നിര്‍മാണം പൂര്‍ത്തിയായിട്ടും റാന്നി മിനി സിവില്‍ സ്റ്റേഷന്‍ ഉദ്ഘാടനം വൈകുന്നു

റാന്നി: നിര്‍മാണം പൂര്‍ത്തിയായിട്ടും റാന്നി മിനിസിവില്‍ സ്റ്റേഷന്‍െറ ഉദ്ഘാടനം വൈകുന്നു. സാമ്പത്തിക പ്രതിസന്ധിയോടൊപ്പം ജില്ലാ അധികൃതരുടെ നടപടികള്‍ക്ക് വേഗമില്ലാത്തതുമാണ് പണി പൂര്‍ത്തിയാക്കിയ കെട്ടിടം തുറക്കുന്നതിന് വിലങ്ങുതടിയായിരിക്കുന്നത്. രണ്ട് ബ്ളോക്കുകളിലായി പണിയുന്ന സിവില്‍ സ്റ്റേഷന്‍െറ ബി ബ്ളോക്കിന്‍െറ പണികള്‍ പൂര്‍ത്തിയായി. എ ബ്ളോക്കിന്‍െറ താഴത്തെ നില മാത്രമേ പണിതിട്ടുള്ളൂ. നിര്‍മാണം പൂര്‍ത്തിയായ കെട്ടിടങ്ങള്‍ വിവിധ സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് വിട്ടുകൊടുക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നു. ഓരോ ഓഫിസിനും ആവശ്യമായ സ്ഥലം തിരിച്ചുനല്‍കണം. ഇതിനായി ബന്ധപ്പെട്ട വകുപ്പുകളുടെ തലവന്‍മാരുടെ യോഗം വിളിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നടപടിയായില്ല. ഇതിനുശേഷമേ പി.ഡബ്ള്യു.ഡി കെട്ടിട വിഭാഗത്തിനും മുറികള്‍ തിരിച്ചുനല്‍കുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കാനാകൂ. മുറികള്‍ തിരിക്കുന്നതിന് 30 ലക്ഷത്തോളം തുക വേണം. ഇതിനായി സര്‍ക്കാറിന്‍െറ ഭരണാനുമതിയോ ഫണ്ടോ അനുവദിച്ചിട്ടില്ല. ഫയര്‍ സ്റ്റേഷനായി 10,000 ലിറ്ററിന്‍െറ സംഭരണിയും നിര്‍മിക്കണം. ഇതിന് അഞ്ചുലക്ഷം രൂപ അനുവദിച്ചു. ആദ്യഘട്ടമായി ഫയര്‍സ്റ്റേഷന്‍ മാറ്റിസ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് പുതിയ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കണം. വയറിങ് ജോലികള്‍ ഏറക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നാല്‍ പണികള്‍ പൂര്‍ത്തിയാക്കാന്‍ പിന്നെയും താമസിക്കും. എ ബ്ളോക്കിലെ ശേഷിക്കുന്ന പണികള്‍ നടക്കണമെങ്കിലും സര്‍ക്കാര്‍ ഫണ്ട് ലഭിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.