പൊലീസിന്‍െറ ഊതല്‍ പരിശോധനയില്‍ നാട്ടുകാരും പൊറുതിമുട്ടുന്നു

പത്തനംതിട്ട: വാഹനമോടിക്കുന്നവരെ മാത്രമല്ല, കാല്‍നടക്കാരെയും ഊതിച്ചേ വിടൂ എന്ന പത്തനംതിട്ട പൊലീസിന്‍െറ പിടിവാശി യാത്രികര്‍ക്ക് ബുദ്ധിമുട്ടാകുന്നു. രാത്രിയാത്രക്കാര്‍ക്ക് കള്ളന്മാരെ മാത്രമല്ല, പൊലീസുകാരെയും പേടിക്കേണ്ട അവസ്ഥയാണിപ്പോള്‍. മദ്യപിച്ചിട്ടുണ്ടോയെന്ന പരിശോധന പൊലീസ് വ്യാപകമാക്കി. പൊലീസിന്‍െറ പീഡനം അസഹ്യമാകുന്നതായി നാട്ടുകാര്‍ ഒന്നടങ്കം പരാതി പറയുന്നു. പൊലീസ് സ്റ്റേഷന്‍ റോഡ് വഴി ആര്‍ക്കും നടന്നുപോലും പോകാന്‍ കഴിയാത്ത സ്ഥിതിയാണിപ്പോള്‍. കഴിഞ്ഞ വെള്ളിയാഴ്ച ബൈക്കില്‍ വന്ന ദമ്പതികളെ മദ്യപിച്ചിട്ടുണ്ടോ എന്ന പരിശോധനയില്‍ ഊതിക്കുന്നതിനിടക്ക് മുഖത്ത് തുപ്പല്‍ തെറിച്ചെന്നാരോപിച്ച് എസ്.ഐ മധ്യവയസ്കനെ മര്‍ദിച്ചിരുന്നു. സംഭവത്തില്‍ നാട്ടുകാര്‍ പൊലീസിനെ കൈയേറ്റം ചെയ്തതിന്‍െറ പ്രതികാരമായാണ് ഈ ഊതിക്കല്‍ പരമ്പര. കേവലം സിവില്‍ പൊലീസ് വരെ ഊതിക്കാന്‍ ഇറങ്ങിയിരിക്കുകയാണ്. പൊലീസ് സ്റ്റേഷന്‍ റോഡില്‍ രണ്ടു മദ്യവില്‍പനശാലകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ മദ്യം വാങ്ങാന്‍ വരുന്നവര്‍ പോലും പൊലീസിന്‍െറ പരിശോധനക്ക് വിധേയമാവേണ്ട സ്ഥിതിയാണിപ്പോള്‍. ബ്രത്ത് അനലൈസറില്ലാതെയാണ് പരിശോധന. കൈപ്പത്തി മടക്കി അവിടേക്ക് ഊതാനാണ് ആവശ്യപ്പെടുന്നത്. മദ്യപിച്ചശേഷം വാഹനങ്ങളില്‍ വരുന്നവരെ പരിശോധിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍, നടന്നുപോകുന്നവരെപോലും ഇത്തരത്തില്‍ ഊതിക്കുന്ന രീതി ഒരുതരം പകപോക്കലാണെന്ന് നാട്ടുകാരും ആരോപിക്കുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നതിന് പരിശോധന നടത്തേണ്ടത് എസ്.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. അതും ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച്്. സംശയം തോന്നിയാല്‍ രക്തപരിശോധന നടത്തി വേണം സ്ഥിരീകരിക്കാന്‍. എസ്.ഐ നിര്‍ദേശിക്കുന്നതനുസരിച്ച് അദ്ദേഹത്തിന്‍െറ സാന്നിധ്യത്തില്‍ മാത്രമേ സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ക്ക് ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധന നടത്താന്‍ അനുവാദമുള്ളൂ. ഈ നിയമത്തെ കാറ്റില്‍ പറത്തിയാണ് ബസ് കയറാന്‍ പോകുന്നവരെയും പച്ചക്കറി വാങ്ങാന്‍ വരുന്നവരെയുമൊക്കെ പിടിച്ചുനിര്‍ത്തി കൈമടക്കിലേക്ക് പൊലീസുകാര്‍ ഊതിക്കുന്നത്. സംശയം തോന്നുന്നവരെ സ്റ്റേഷനില്‍ കൊണ്ടുപോയി യന്ത്രത്തില്‍ ഊതിക്കും. എതിര്‍ക്കുന്നവരെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്യും. നിയമത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്കുള്ള അജ്ഞത മുതലെടുക്കുകയാണ് പൊലീസ്. ചോദ്യം ചെയ്താല്‍ എന്തെങ്കിലും ഒരു കേസ് ഉറപ്പ്. ഊതിക്കുന്നതിനിടെ തുപ്പല്‍ തെറിച്ചതിന്‍െറ പേരില്‍ സ്കൂട്ടര്‍ യാത്രികനെ എസ്.ഐ കരണത്തടിച്ചപ്പോള്‍ പൊലീസ് പരാതിക്കാരനെ പ്രതിയാക്കാനാണ് ശ്രമിച്ചത്. ഈ നാട്ടുകാരന്‍ പോലുമല്ലാത്ത പരാതിക്കാരനെക്കുറിച്ച് പൊലീസ് പറഞ്ഞത് അയാള്‍ സ്ഥിരം മദ്യപാനിയാണെന്നും മുമ്പും പിടിയിലായിട്ടുണ്ടെന്നുമാണ്. നാട്ടുകാരുടെ മുന്നില്‍ വെച്ചു നടന്ന സംഭവമായതിനാലും മാധ്യമങ്ങള്‍ ഇടപെട്ടതുകൊണ്ടുമാണ് മര്‍ദനമേറ്റ യാത്രികന് നീതി ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.