തെന്മല ഡാം തുറന്നില്ല; ജലക്ഷാമം രൂക്ഷം

അടൂര്‍: കെ.ഐ.പി കനാല്‍ കാടുകയറി വറ്റിവരണ്ടു. കനാല്‍ വൃത്തിയാക്കാത്തതിനാല്‍ തെന്മല ഡാം തുറന്നാലും വെള്ളമൊഴുക്ക് സുഗമമാവുകയില്ല. കൃഷിയിടങ്ങളില്‍ വെള്ളം എത്തിക്കാനായി നടപ്പാക്കിയ കല്ലട ജലസേചനപദ്ധതി കനാലില്‍ പറക്കോട് ബ്ളോക് പഞ്ചായത്തില്‍പെട്ട ഏനാദിമംഗലം, ഏഴംകുളം, ഏറത്ത്, പള്ളിക്കല്‍, കടമ്പനാട്, കൊടുമണ്‍, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തുകളിലും അടൂര്‍ നഗരസഭയിലും വെള്ളം ഒഴുകുന്നത് പ്രധാനശാഖകളിലൂടെ മാത്രമാണ്. മാസങ്ങളായി ഈ കനാലുകളും വറ്റിയനിലയിലാണ്. സംരക്ഷണ ഭിത്തിയിലെ കാടുകള്‍ കത്തിച്ചു കളയുന്ന പണികള്‍ തൊഴിലുറപ്പു തൊഴിലാളികള്‍ ചെയ്തിരുന്നെങ്കിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തുക അനുവദിക്കാത്തതിനാല്‍ ഇക്കുറി നടന്നില്ല. കലഞ്ഞൂര്‍, കുടുത്ത, പൂതങ്കര, മരുതിമൂട്, മങ്ങാട്, പ്ളാന്‍േറഷന്‍മുക്ക്, ഏഴംകുളം വരെ വലതുകര കനാലിലും ശാസ്താംകോട്ട, ചാരുമൂട് സബ് കനാലിലും അറ്റകുറ്റപ്പണിയും വൃത്തിയാക്കല്‍ ജോലിയും പൂര്‍ണമായില്ല. പെരിങ്ങനാട്, പുത്തന്‍ചന്ത ഭാഗങ്ങളില്‍ കനാലില്‍ ഒഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. ഡാമില്‍ ജലനിരപ്പ് കുറവായതിനാല്‍ വെള്ളം തുറന്നുവിട്ടില്ല. കനാലിലെ തടസ്സങ്ങളും വെള്ളമില്ലാത്തതും കാരണം കനാല്‍ വെള്ളം കര്‍ഷകര്‍ക്ക് പ്രയോജനകരമാകുന്നില്ല. പ്രധാന കനാലും വിവിധ ഭാഗങ്ങളിലെ ഉപകനാലുകളും വിസര്‍ജന കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. കാടുകയറിയും മണ്ണിടിഞ്ഞും മാലിന്യങ്ങള്‍ അടിഞ്ഞും സംരക്ഷണ ഭിത്തികള്‍ തകര്‍ന്നും കിലോമീറ്ററുകള്‍ വരുന്ന കനാലുകള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. മാലിന്യങ്ങളും മറ്റും നീക്കം ചെയ്ത് വൃത്തിയാക്കാതെ വെള്ളം തുറന്നുവിട്ടാല്‍ കനാലിന്‍െറ സംരക്ഷണ ഭിത്തികള്‍ പൊട്ടിയൊഴുകാനും സാധ്യതയുണ്ട്. അറവുശാലകളിലും കോഴിക്കടകളിലും നിന്നുള്ള മാലിന്യങ്ങളും കക്കൂസ് ടാങ്ക് വൃത്തിയാക്കുന്ന വിസര്‍ജ്യങ്ങളുമെല്ലാം കനാലിലാണ് തള്ളുന്നത്. കൃഷിയാവശ്യത്തിനു കൂടാതെ കനാലിന്‍െറ വശങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ നിത്യ ആവശ്യങ്ങള്‍ക്കെല്ലാം കനാല്‍ ജലത്തിനെയാണ് ആശ്രയിക്കുന്നത്. കനാലിന്‍െറ സമീപത്തെ വീടുകളിലെ കിണറുകളിലെ ജലനിരപ്പ് കൂടുന്നതിനും വരള്‍ച്ചയെ ഒരു പരിധി വരെ തടയാനും കനാല്‍ ഉപകരിക്കുമായിരുന്നു. കനാലില്‍ വെള്ളം തുറന്നുവിടാത്തതിനാല്‍ കിണറുകള്‍ വറ്റിയിരിക്കുകയാണ്. പ്രതിവര്‍ഷം കനാല്‍ അറ്റകുറ്റപ്പണികള്‍ക്ക് ലക്ഷക്കണക്കിന് രൂപ അനുവദിക്കാറുണ്ടെങ്കിലും കാട്ടിക്കൂട്ടലുകള്‍ നടത്തി ഉദ്യോഗസ്ഥരും കരാറുകാരും പണം തട്ടിയെടുക്കുകയാണെന്നും ആക്ഷേപമുണ്ട്. എല്ലാ വര്‍ഷവും ജനുവരിയില്‍ കനാലിലേക്ക് ഡാമില്‍നിന്ന് വെള്ളം തുറന്നുവിടാറുണ്ട്. ഇത്തവണ ഫെബ്രുവരിയായിട്ടും കുറഞ്ഞ അളവില്‍പോലും വെള്ളം തുറന്നുവിട്ടിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.