മണല്‍പുറ്റുകള്‍ നീക്കാത്തതില്‍ പ്രതിഷേധം

കോഴഞ്ചേരി: പമ്പാനദികരയിലെ ചെറുകോല്‍പുഴ ഹിന്ദുമത പരിഷത്ത് നടക്കുന്ന വിദ്യാധിരാജ നഗറിന് സമീപത്തുള്ള മണല്‍പുറ്റുകള്‍ ഇറിഗേഷന്‍ വകുപ്പ് നീക്കാത്തതില്‍ പ്രതിഷേധം. മന്ത്രി പി.ജെ. ജോസഫ് പങ്കെടുത്ത അവലോകന യോഗത്തില്‍ മണല്‍പുറ്റുകള്‍ നീക്കണമെന്ന് മന്ത്രി നേരിട്ട് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടും പുറ്റ് നീക്കാത്തതില്‍ പ്രതിഷേധമുണ്ടെന്ന് ഹിന്ദുമത മഹാമണ്ഡലം വൈസ് പ്രസിഡന്‍റ് പി.എസ്. നായര്‍ പറഞ്ഞു. എക്സ്കവേറ്റര്‍ ഉപയോഗിച്ച് മണല്‍പുറ്റ് ഒരു ഭാഗത്തുനിന്നെടുത്ത് നദിയിലെ മറ്റൊരു സ്ഥലത്ത് നിക്ഷേപിക്കുകയാണ് മുന്‍കാലങ്ങളില്‍ ചെയ്തുകൊണ്ടിരുന്നത്. ഇതുകൊണ്ടാണ് മണല്‍പുറ്റ് വീണ്ടും വ്യാപകമാകുന്നതെന്നും അവലോകന യോഗത്തില്‍ വ്യക്തമാക്കിയതാണെന്നും പി.എസ്. നായര്‍ പറഞ്ഞു. ഒമ്പതു പേരുടെ ജീവന്‍ അപഹരിക്കുന്നതിന് കാരണമായ പമ്പാനദിയിലെ ചെറുകോല്‍പുഴയില്‍ നിര്‍മിച്ച കരിങ്കല്‍ കെട്ടിനെപ്പറ്റി ശാസ്ത്രീയപഠനം നടത്തണമെന്ന് ഹിന്ദുമതമഹാമണ്ഡലം ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. കരിങ്കല്‍കെട്ട് ഉയര്‍ന്ന് നില്‍ക്കുന്നതുകൊണ്ടാണ് നദിയില്‍ അപകടങ്ങള്‍ ഉണ്ടാകുന്നതെന്ന് തീരവാസികള്‍ പറഞ്ഞു. കഴിഞ്ഞ പരിഷത്ത് നടന്ന കാലയളവിലാണ് ആലപ്പുഴ സ്വദേശിയായ വ്യാപാരി കരിങ്കല്‍കെട്ടിന് സമീപം കുളിക്കാനിറങ്ങവെ മുങ്ങിമരിച്ചത്. ഇത്രയധികം ദുരന്തങ്ങള്‍ ഉണ്ടായിട്ടും അപായ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഇറിഗേഷന്‍ വകുപ്പ് തയാറായിട്ടില്ളെന്നും ഹിന്ദുമത മഹാമണ്ഡലം എക്സിക്യൂട്ടിവ് അംഗം എം. അയ്യപ്പന്‍കുട്ടി കുറ്റപ്പെടുത്തി. ചെറുകോല്‍പുഴയില്‍ അവശേഷിക്കുന്ന മണല്‍ത്തിട്ടയെങ്കിലും സംരക്ഷിക്കാനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവണമെന്ന് ഹിന്ദുമത മഹാമണ്ഡലം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.