ജില്ലയില്‍ 50,533 പേര്‍ക്ക് പെന്‍ഷന്‍ കുടിശ്ശിക

പത്തനംതിട്ട: ജില്ലയിലെ 50,533 പേര്‍ക്ക് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍നിന്ന് ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക ലഭിക്കും. 15 കോടിയോളം രൂപയാണ് പെന്‍ഷന്‍ കുടിശ്ശികയായി വിതരണം ചെയ്യുന്നതിന് ചെക് ആയി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയത്. 10 ദിവസത്തിനുള്ളില്‍ ചെക് വിതരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പൂര്‍ത്തിയാക്കും. 2015 സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ നാലു മാസത്തെ പെന്‍ഷന്‍ കുടിശ്ശികയാണ് ചെക്കായി നല്‍കുക. തപാല്‍ വകുപ്പ് തുക സ്വീകരിക്കാന്‍ തയാറാകാതിരുന്നതുമൂലം പോസ്റ്റ് ഓഫിസ് സേവിങ്സ് ബാങ്ക് അക്കൗണ്ട് വിതരണ മാര്‍ഗമായി തെരഞ്ഞെടുത്ത ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനു തടസ്സം നേരിട്ടിരുന്നു. ഗുണഭോക്താക്കളുടെ ബുദ്ധിമുട്ട് പരിഗണിച്ച് തുക ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുകയായിരുന്നു. ജില്ലയില്‍ വിവിധ ക്ഷേമ പെന്‍ഷനുകളുടെ 107199 ഗുണഭോക്താക്കളാണുള്ളത്. ഇതില്‍ 36603 പേര്‍ ബാങ്ക് അക്കൗണ്ട് വഴിയും 49828 പേര്‍ പോസ്റ്റ് ഓഫിസ് അക്കൗണ്ട് വഴിയും 20768 പേര്‍ മണിയോര്‍ഡറായുമാണ് ക്ഷേമ പെന്‍ഷനുകള്‍ വാങ്ങുന്നത്. 2015 ഏപ്രില്‍ ഒന്നു മുതല്‍ പഞ്ചായത്ത് ഡയറക്ടര്‍ നേരിട്ട് ഡയറക്ട് ബെനിഫിഷറി ട്രാന്‍സ്ഫര്‍ സംവിധാനം ഉപയോഗിച്ചാണ് പെന്‍ഷന്‍ വിതരണം ചെയ്യുന്നത്. തപാല്‍വകുപ്പ് തുക സ്വീകരിക്കാന്‍ തയാറാകാതിരുന്നതിനാല്‍ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് പെന്‍ഷന്‍ തുക കൈമാറാന്‍ കഴിഞ്ഞിരുന്നില്ല. ആകെ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 60 ശതമാനത്തിലധികം പേരും പോസ്റ്റ് ഓഫിസ് സേവിങ്സ് അക്കൗണ്ട് വിതരണ മാര്‍ഗമായി തെരഞ്ഞെടുത്തിട്ടുള്ളതിനാല്‍ ഗണ്യമായ ഒരുവിഭാഗം ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭിക്കാതിരിക്കുകയും ബാങ്ക് അക്കൗണ്ട് ഉള്ള ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭിക്കുകയും ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.