കൃഷിയില്‍ കലാചാരുതയൊരുക്കി നൃത്താധ്യാപിക

അടൂര്‍: കൃഷിയും കലോപാസനയായി കാണുന്ന നൃത്താധ്യാപികയാണ് സുമ നരേന്ദ്ര. നഗരഹൃദയത്തില്‍ താമസിക്കുമ്പോഴും സ്ഥലമില്ലായ്മ സുമക്ക് പ്രശ്നമല്ല. വീടിനു ചുറ്റും മട്ടുപ്പാവിലും പച്ചക്കറികള്‍ സമ്യദ്ധമായി വളരുന്നു. മൂന്നിനം പയര്‍, തക്കാളി, പച്ചമുളക്, പനിനീര്‍ചാമ്പ, പലതരം വഴുതന, കോവല്‍, നിത്യവഴുതന, വെണ്ട, ഇഞ്ചി, ചീര, മഞ്ഞള്‍ എന്നിവയും ശൈത്യകാല വിളകളായ കുക്കുമ്പര്‍, ബീറ്റ്റൂട്ട്, കോളിഫ്ളവര്‍, കാബേജ്, ബീന്‍സ് എന്നിവയും തഴച്ചുവളരുന്നു. 10 സെന്‍റ് സ്ഥലത്തും മട്ടുപ്പാവില്‍ 1700 ചതുരശ്രയടിലും 1200 ഗ്രോബാഗുകളിലാണ് കൃഷി. 2005 മുതലാണ് കൃഷിയിലേക്ക് തിരിഞ്ഞത്. അതിനു പിന്നാലെ കൃഷിഭവന്‍െറ മികച്ച വനിത കര്‍ഷകക്കുള്ള അവാര്‍ഡും ലഭിച്ചു. 2006ല്‍ വീടിനു ചുറ്റും പച്ചക്കറി കൃഷിയും 2010ല്‍ മട്ടുപ്പാവിലേക്കും വ്യാപിപ്പിച്ചു. ഇതിനൊപ്പം മഴമറയും സ്ഥാപിച്ചു. പ്ളാസ്റ്റിക് മാലിന്യത്തെ ഫലപ്രദമായി കൃഷിയിടത്തില്‍ ഉപയോഗിച്ചു. ഗ്രോബാഗുകളോട് ചേര്‍ന്ന് പി.വി.സി പൈപ്പുകള്‍ സ്ഥാപിച്ച് ഗ്ളാസ് വൂള്‍ തിരികളിലൂടെ വെള്ളം കൃഷിക്ക് ഉപയോഗപ്പെടുത്തും. പൈപ്പുകളില്‍ വെള്ളം നിറക്കുന്നതുപോലെ മിനറല്‍ വാട്ടര്‍ വരുന്ന കുപ്പികളില്‍വെള്ളം നിറച്ച് എയര്‍കൂളറുകളിലും എ.സിയിലും ഗ്ളാസ് വൂള്‍ തിരി പ്രയോജനപ്പെടുത്തുന്നു. ഇതിന് ജലം വലിച്ചെടുക്കാനും നനവ് നിലനിര്‍ത്താനും കഴിയും. ഗ്രോബാഗുകള്‍ താങ്ങിനിര്‍ത്തുന്ന സ്റ്റാന്‍ഡുകളായി മാലിന്യം കുത്തിനിറച്ച പ്ളാസ്റ്റിക്ക് കുപ്പികളാണ്. 110 ഗ്രോബാഗുകളിലാണ് ആദ്യഘട്ടത്തില്‍ തിരിനന പദ്ധതി നടപ്പാക്കി. കൃഷിയിലെ നൂതനവിദ്യയായ തിരിനനയിലൂടെ ഫലഭൂയിഷ്ഠമായ പച്ചക്കറിത്തോട്ടം ഉണ്ടാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് സുമാന. വളരെ കുറച്ച് വെള്ളത്തില്‍ കൃഷി ചെയ്യാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. വെള്ളംനേരിട്ട് ചെടിയിലേക്ക് ഒഴിക്കാതെ ഒരു തിരിയിലൂടെ വെള്ളമുള്ള പൈപ്പിനെയും ചെടിയുള്ള ഗ്രോ ബാഗിനെയും തമ്മിലാണ് ബന്ധിപ്പിക്കുക. ഇതിനായി പൈപ്പില്‍ അല്‍പം വെള്ളം ഒഴിച്ച് കൊടുത്താല്‍ മാത്രം മതി. ആവശ്യമുള്ള വെള്ളം ചെടി വലിച്ചെടുക്കും എന്നതാണ് പ്രത്യേകത. ഇത്തരം കൃഷിരീതിക്കു പരിമിതമായ സ്ഥലവും വളരെ കുറച്ച് വെള്ളവും മതി. കോഴിക്കോട് സെന്‍റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്മെന്‍റ് ആന്‍ഡ് മാനേജ്മെന്‍റ് വികസിപ്പിച്ചെടുത്തതാണ് തിരിനന സംവിധാനം. പി.വി.സി പൈപ്പ്ലൈനില്‍ സുഷിരമുണ്ടാക്കി ഗ്രോബാഗ് സ്ഥാപിക്കും. ഗ്രോബാഗിന്‍െറ ചുവട്ടില്‍ സുഷിരമിട്ട് ഇതില്‍ ഗ്ളാസ് വൂള്‍ എന്ന തിരിവെക്കും. ഗ്രോബാഗില്‍നിന്ന് പുറത്തേക്കു നില്‍ക്കുന്ന തിരി സുഷിരത്തിലൂടെ പൈപ്പിലേക്കു കടത്തിവിടും. പൈപ്പില്‍ ജലം നിറക്കുമ്പോള്‍ തിരിയിലൂടെ അതു മുകളിലേക്കു കയറും. പൈപ്പിലെ സുഷിരത്തില്‍ ഫ്ളോട്ട് ക്യാപ് ഘടിപ്പിച്ചാണ് ജലനിരപ്പറിയുന്നത്. പച്ചക്കറി കൃഷിക്കൊപ്പം വളര്‍ത്തുമത്സ്യങ്ങളും അലങ്കാരമത്സ്യങ്ങളും കുളത്തിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.