സര്‍ഗോത്സവം: ജനപ്രതിനിധികളെ ഒഴിവാക്കിയതില്‍ പ്രതിഷേധം

കോഴഞ്ചേരി: പൊതുവിദ്യാഭ്യാസ വകുപ്പും സര്‍വശിക്ഷ അഭിയാനും ചേര്‍ന്ന് സംഘടിപ്പിച്ച വിദ്യാരംഗം കലാസാഹിത്യവേദി സര്‍ഗോത്സവ ചടങ്ങില്‍നിന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അടക്കമുള്ളവരെ ഒഴിവാക്കിയതില്‍ പ്രതിഷേധം. ഇതേതുടര്‍ന്ന് ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ ചടങ്ങുകളില്‍നിന്ന് വിട്ടുനിന്നു. കഴിഞ്ഞ ദിവസം പുല്ലാട് ഗവ. യു.പി സ്കൂളില്‍ ആരംഭിച്ച സര്‍ഗോത്സവത്തില്‍ വിവിധ ഉപജില്ലകളില്‍നിന്ന് വിജയിച്ച മുന്നൂറിലധികം കുട്ടികള്‍ പങ്കെടുത്തു. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ സാഹിത്യവേദി ആഭിമുഖ്യത്തില്‍ നടത്തുന്ന സര്‍ഗോത്സവത്തിനു പൊതുവിദ്യാഭ്യാസ വകുപ്പില്‍നിന്നാണ് സഹായം ലഭിക്കുന്നത്. ജില്ല പഞ്ചായത്ത്, ബ്ളോക്ക് പഞ്ചായത്ത് എന്നിവക്ക് കീഴിലെ സ്കൂളുകളിലെ വിദ്യാര്‍ഥികളും അധ്യാപകരുമാണ് പങ്കെടുക്കുന്നത്. സര്‍ക്കാറിന്‍െറയും ത്രിതല പഞ്ചായത്തുകളുടെയും സഹായത്തോടെ നടക്കുന്ന പരിപാടിയില്‍ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികളെ ഒഴിവാക്കിയെന്നാണ് ആരോപണം. സര്‍ഗോത്സവം ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍വഹിക്കുമെന്ന് കാര്യപരിപാടി ഉള്‍പ്പെടുത്തിയ നോട്ടീസില്‍ പറഞ്ഞത്. എന്നാല്‍, പരിപാടിയെക്കുറിച്ചുള്ള വിവരം വെള്ളിയാഴ്ച രാവിലെ മാത്രമാണ് അറിഞ്ഞതെന്നും സംഘാടകര്‍ ക്ഷണിച്ചില്ളെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല മാത്യൂസ് എന്നിവര്‍ പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് നോട്ടീസില്‍ പേര് ഉള്‍പ്പെടുത്തിയ ബ്ളോക്ക് പഞ്ചായത്ത് അംഗം അജയകുമാര്‍, ഷിബു കുന്നപ്പുഴ എന്നിവര്‍ മടങ്ങി. ഇതിനിടെ ജനപ്രതിനിധികള്‍ ചടങ്ങ് അലങ്കോലപ്പെടുത്തുവെന്ന് ചൂണ്ടിക്കാട്ടി സംഘാടകര്‍ പൊലീസിനെ വിളിച്ചത് ബഹളത്തിന് ഇടയാക്കി. പരിപാടി നടക്കുന്ന സ്ഥലത്തെ പഞ്ചായത്ത് പ്രസിഡന്‍റ് മോന്‍സി കിഴക്കേടത്ത്, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി. സജി കുമാര്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.ജി. അനില്‍കുമാര്‍ എന്നിവരെയും ഉള്‍പ്പെടുത്തിയിരുന്നില്ല. എ.ഇ.ഒ ഉള്‍പ്പെടെയുള്ളവരെ മുന്‍കൂട്ടി പരിപാടികള്‍ അറിയിച്ചില്ളെന്ന് പരാതിയുണ്ട്. ആലോചനയോഗം ചേര്‍ന്നപ്പോള്‍ ജനപ്രതിനിധികളെ വിളിക്കണമെന്ന് വ്യക്തമാക്കിയിരുന്നെന്ന് പഞ്ചായത്ത് അംഗം ഷിബു കുന്നപ്പുഴ പറഞ്ഞു. പരിപാടിയുമായി ഭിന്നത ഉണ്ടെങ്കിലും കുട്ടികളുടെ കഴിവ് പ്രകടിപ്പിക്കുന്ന വേദിയില്‍ പരസ്യപ്രതിഷേധം ഒഴിവാക്കണമെന്ന് ബ്ളോക്ക് പഞ്ചായത്ത് അംഗം അജയകുമാര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.