പന്തളം: കൃഷിയോടുള്ള അടുപ്പമാണ് 72ാം വയസ്സില്‍ കാന്‍സറിനെ അതിജീവിക്കാന്‍ തെങ്ങുംതാര വലിയവിള തെക്കേതില്‍ കമലന്‍ എന്ന കര്‍ഷകനു തുണയായത്. സ്വന്തമായി കൃഷി ചെയ്യാന്‍ ഭൂമി ഇല്ലാതിരുന്നിട്ടും പല സ്ഥലങ്ങളിലായി രണ്ടേക്കറോളം സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി. വലിയ വരുമാനം പ്രതീക്ഷിച്ചല്ളെങ്കിലും നിത്യവൃത്തി കഴിഞ്ഞുപോകണമെന്നേ ഈ കര്‍ഷകന് ആഗ്രഹമുള്ളൂ. നേന്ത്രന്‍, ഞാലിപ്പൂവന്‍, കാച്ചില്‍, ചേമ്പ്, പയര്‍, പച്ചക്കറി എന്നിവയാണ് പ്രധാന വിള. മണ്ണിനോട് മല്ലടിക്കുന്നതിനിടയിലാണ് 2010 മാര്‍ച്ചില്‍ വായില്‍ ഒരു ചെറിയ മുഴയായി കാന്‍സര്‍ ശ്രദ്ധയില്‍പെട്ടത്. തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്‍ററില്‍ റേഡിയേഷന്‍െറ ഭാഗമായി പല്ലുകള്‍ നീക്കി. റേഡിയേഷന്‍ കഴിഞ്ഞതോടെ ഉമിനീര്‍ഗ്രന്ഥികള്‍ നശിച്ചു. ഉമിനീരില്ലാത്തതിനാല്‍ എപ്പോഴും വെള്ളം കുടിക്കണം. കൃഷിയിടത്തില്‍ വെള്ളവും കരുതും. കൃഷിയില്‍ ശ്രദ്ധിച്ചാണ് കാന്‍സറിനെ അതിജീവിക്കുന്നത്. ഇപ്പോള്‍ നാലു വര്‍ഷമായി മരുന്നുകളില്ല. ആരോഗ്യപരമായ പ്രശ്നങ്ങളാല്‍ പൂര്‍ണസമയം കൃഷിയിടത്തില്‍ നില്‍ക്കാന്‍ കഴിയില്ല. എന്നാല്‍, സഹായികളെക്കൊണ്ട് കൃഷി നിലനിര്‍ത്താനായി. ഈ കാലയളവില്‍ ഭീമമായ നഷ്ടമുണ്ടായി. ഭൂമി ഇല്ലാത്തതുമൂലം കാര്‍ഷികേതര വായ്പയെടുത്താണ് കൃഷി ചെയ്തിരുന്നത്. പാട്ടഭൂമിയായതിനാല്‍ കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. ബഹുവിളകൃഷികളായതിനാല്‍ ഒന്നിന് വില കുറഞ്ഞാലും മറ്റൊന്ന് തുണയാകുമെന്നാണ് കമലന്‍െറ പക്ഷം. ജൈവകൃഷിക്കാണ് മുന്‍തൂക്കം നല്‍കുന്നത്, 20 ശതമാനം രാസവളങ്ങളും ഉപയോഗിക്കുന്നു. പൂര്‍ണമായും ജൈവകൃഷിയിലേക്ക് മാറാന്‍ മണ്ണിനെ പരുവപ്പെടുത്തുകയാണ് ഇപ്പോള്‍. വൈറ്റില കൃഷിയിലും കമലന്‍ സജീവമായിരുന്നു. പന്തളമാണ് വെറ്റിലയുടെ പ്രധാന മാര്‍ക്കറ്റ്. എന്നാല്‍, ഒരുവര്‍ഷമായി വെറ്റില കൃഷി ചെയ്യുന്നില്ല. ഇടനിലക്കാരില്ലാതെ പഴകുളത്ത് പ്രവര്‍ത്തിക്കുന്ന കര്‍ഷക സ്വാശ്രയ വിപണിയിലാണ് ഉല്‍പന്നങ്ങള്‍ എത്തിക്കുന്നത്. കപ്പയും മറ്റും ഒന്നിച്ച് വില പറഞ്ഞെടുക്കാന്‍ ഇടനിലക്കാര്‍ എത്താറുണ്ടെങ്കിലും നല്‍കാറില്ല. ആദ്യകാലഘട്ടത്തില്‍ നെല്‍കൃഷിയിലായിരുന്നു ശ്രദ്ധിച്ചിരുന്നത്. എന്നാല്‍, നെല്‍പാടത്ത് ഞാറുപറിച്ച് നട്ടിട്ട് ഏറെക്കാലമായി. കൃഷി ചെയ്തിരുന്ന വയലുകളില്‍ ഭൂരിഭാഗവും ഉടമസ്ഥര്‍ കരഭൂമിയാക്കി മാറ്റി. ശേഷിച്ചവ തരിശുകിടക്കുന്നു. ആവശ്യത്തിനു ജോലിക്കാരെ കിട്ടാത്തതാണ് പ്രധാന വെല്ലുവിളി. കൂടാതെ ശേഷിച്ച വയലുകളില്‍ കൃഷിയിറക്കാന്‍ മഴക്കാലത്ത് വെള്ളം ഇറങ്ങാന്‍ മാര്‍ഗമില്ല. സമീപത്തുള്ള വയലുകള്‍ പലതും നികത്തിയ നിലയിലാണ്. ഇതോടെയാണ് നെല്‍കൃഷി ഉപേക്ഷിക്കേണ്ടി വന്നത്. തൊഴിലുറപ്പില്‍ സജീവമായ ഈ കര്‍ഷകന്‍ കരനെല്‍കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ പഞ്ചായത്തുകള്‍ നടത്തുന്ന ശ്രമം ആശാവഹമാണെന്ന് പറയുന്നു. നല്ല കിണര്‍ വെട്ടുകാരന്‍ കൂടിയാണ് കമലന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.