പെരുനാട് ആശുപത്രിയില്‍ രാത്രി ചികിത്സക്ക് പൂട്ടുവീണു

വടശേരിക്കര: ഒടുവില്‍ പെരുനാട് സാമൂഹികാരോഗ്യകേന്ദ്രത്തിനു താഴുവീണു. ഊരുപേടിച്ചിട്ടെന്ന് ജീവനക്കാര്‍. രോഗികള്‍ തിങ്കളാഴ്ചവരെ തിരക്ക് കൂട്ടരുതെന്ന് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ്. ഡോക്ടറുടെ സേവനം ലഭ്യമല്ലാതായതിനെ തുടര്‍ന്ന് പെരുനാട് സാമൂഹികാരോഗ്യകേന്ദ്രം വെള്ളിയാഴ്ച മുതല്‍ രാത്രിയില്‍ അടച്ചു. അഞ്ചിലധികം ഡോക്ടര്‍മാരും നിരവധി ജീവനക്കാരും ജോലി ചെയ്തിരുന്ന പെരുനാട് ആശുപത്രിയില്‍ എല്ലാ ദിവസവവും ഉച്ചവരെ ഒരു ഡോക്ടറുടെ സേവനം മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഇത് രോഗികളെ ഏറെ വലച്ചു. മാസപൂജക്കായി ശബരിമല നട തുറക്കുന്ന സമയം മുന്‍കാലങ്ങളില്‍ പ്രത്യേക പ്രാധാന്യത്തോടെ 24 മണിക്കൂറും പ്രവര്‍ത്തിച്ച സാമൂഹികാരോഗ്യകേന്ദ്രം ചിങ്ങമാസ പൂജകള്‍ക്കായി തീര്‍ഥാടക തിരക്കേറിയ സമയത്താണ് അടച്ചുപൂട്ടിയെന്നതും ശ്രദ്ധേയമാണ്. ഡോക്ടര്‍മാരുടെ സേവനം നിലച്ചതോടെ കിടപ്പുരോഗികള്‍ ഇല്ലാതായി. രണ്ടു വനിതാ ജീവനക്കാര്‍ രാത്രി മുഴുവന്‍ ആശുപത്രിക്ക് കാവല്‍ ഇരിക്കേണ്ടിവന്നു. ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്ത് രാത്രിയില്‍ ആശുപത്രി അടച്ചിടാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കുകയായിരുന്നുവത്രേ. വെള്ളിയാഴ്ച രാത്രിയാണ് സേവനം അവസാനിപ്പിച്ചു താഴിട്ടുപൂട്ടിയത്. ബ്ളോക് പഞ്ചായത്തിന്‍െറ കീഴിലുള്ള സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ തിങ്കളാഴ്ചയോടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഗിരിജ മധു പറഞ്ഞു. അതിനുമുമ്പ് കിഴക്കന്‍ മേഖലയിലും തീര്‍ഥാടനപാതയിലും അത്യാഹിതം ഉണ്ടാകരുതെന്ന പ്രാര്‍ഥനയിലാണ് നാട്ടുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.