പത്തനംതിട്ട: ‘അരികില്‍ വന്നു നിന്നതാരെന്തഭിമതം അഖിലമാശു ചൊല്‍ക...’ ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥയിലെ ഏഴാംപദത്തിലെ ഈരടികള്‍ പാടിയും മുദ്രകളിലൂടെ പകര്‍ന്നും യഥാര്‍ഥ കഥകളി കലാകാരന്മാര്‍ മുന്നിലവതരിപ്പിച്ചപ്പോള്‍ അധ്യാപകര്‍ക്ക് അതൊരു പുത്തന്‍ അനുഭവമായി. ജില്ലാ കഥകളി ക്ളബും അയിരൂര്‍ കഥകളി ഗ്രാമവും ചേര്‍ന്ന് ജില്ലയിലെ ഹൈസ്കൂള്‍ വിഭാഗം ഭാഷാധ്യാപകര്‍ക്കായി പത്തനംതിട്ട മാര്‍മോ ഹൈസ്കൂളില്‍ സംഘടിപ്പിച്ച കഥകളി ശില്‍പശാലയിലാണ് രംഗാവിഷ്കാരം നടന്നത്. പത്താംക്ളാസിലെ പ്രലോഭനം എന്ന മലയാള പാഠഭാഗത്തെ ആസ്പദമാക്കിയാണ് ശില്‍പശാല സംഘടിപ്പിച്ചത്. കഥകളി അത്രയടുത്ത് പരിചയമില്ലാത്ത അധ്യാപകര്‍ക്ക് പദഭാഗം ലളിതഭാഷയില്‍ ക്ളബ് സെക്രട്ടറി ആര്‍. വിമല്‍രാജ് വിശദീകരിച്ചു. പരിമണം മധു പദങ്ങളാലപിച്ചു. അധ്യാപകര്‍ക്കും പദാലാപനത്തിന് അവസരം നല്‍കി. നളചരിതം രണ്ടാംദിവസത്തിലെ പുഷ്കരന്‍െറയും കലിയുടെയും കൂടിക്കാഴ്ച കലാമണ്ഡലം രാജീവ് നമ്പൂതിരി, കലാമണ്ഡലം അരുണ്‍ എന്നിവര്‍ ചേര്‍ന്ന് രംഗത്തവതരിപ്പിച്ചത് അധ്യാപകര്‍ക്ക് പാഠഭാഗം ആഴത്തില്‍ മനസ്സിലാക്കുന്നതിന് ഉപകരിച്ചു. കലാഭാരതി ഉണ്ണികൃഷ്ണന്‍െറ ചെണ്ട, കലാഭാരതി ജയശങ്കറിന്‍െറ മദ്ദളം എന്നിവയുടെ അകമ്പടിയോടെയായിരുന്നു അവതരണം. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍നിന്നുള്ള 87 അധ്യാപകര്‍ പങ്കെടുത്ത ശില്‍പശാല പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി ഉദ്ഘാടനം ചെയ്തു. ജില്ലാ കഥകളി ക്ളബ് പ്രസിഡന്‍റ് ജോസ് പാറക്കടവില്‍ അധ്യക്ഷത വഹിച്ചു. ജോയന്‍റ് സെക്രട്ടറി എം.ആര്‍. വേണു സ്വാഗതം പറഞ്ഞു. 30 കഥകളുടെ ആട്ടപ്രകാരം ഉള്‍പ്പെടുത്തി വി.ആര്‍. വിമല്‍രാജ് രചിച്ച കഥകളിയുടെ കഥകള്‍’ എന്ന പുസ്തകവും പരിചയപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.