പുതുശ്ശേരിയുടെ പ്രസ്താവന ശരിയല്ല –വിക്ടര്‍ ടി. തോമസ്

പത്തനംതിട്ട: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവല്ല നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പരാജയം കാലുവാരിയതാണെന്ന ജോസഫ് എം. പുതുശ്ശേരിയുടെ പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്‍റ് വിക്ടര്‍ ടി. തോമസ്. കേരള കോണ്‍ഗ്രസ് എം എം.എല്‍.എമാര്‍ നിയമസഭയില്‍ പ്രത്യേക ബ്ളോക്കായി ഇരിക്കാമെന്ന തീരുമാനത്തിന് ജില്ലാ കമ്മിറ്റി പിന്തുണ അറിയിച്ച് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് വിക്ടര്‍ ടി. തോമസിന്‍െറ മറുപടി. മുന്‍ കല്ലൂപ്പാറ എം.എല്‍.എയാണ് ജോസഫ് എം. പുതുശ്ശേരി. നിയമസഭകളുടെ ഡിലിമിറ്റേഷന്‍ കാരണം കല്ലൂപ്പാറ മണ്ഡലം തിരുവല്ല, റാന്നി നിയമസഭ മണ്ഡലങ്ങളോട് കൂട്ടിച്ചേര്‍ത്തു. കല്ലൂപ്പാറക്ക് പകരം ജില്ലയില്‍ പാര്‍ട്ടിക്ക് സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് തയാറായില്ല. ഇതാണ് ജോസഫ് എം. പുതുശ്ശേരിക്ക് സീറ്റ് ലഭിക്കാതെ വന്നത്. 2006ല്‍ തിരുവല്ലയില്‍ മത്സരിച്ച ആളെന്ന നിലക്കാണ് വീണ്ടും മത്സരിക്കാന്‍ പാര്‍ട്ടി നിയോഗിച്ചത്. 2011ല്‍ പാര്‍ട്ടിയില്‍നിന്ന് ഒരാള്‍ വിമതനായി മത്സരിച്ചതോടെ പരാജയപ്പെട്ടു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോന്നി സീറ്റില്‍ യു.ഡി.എഫ് വിജയിച്ചത് മാണിയുടെ സഹകരണത്തോടെയാണ്. ആ സഹകരണം തിരികെ തിരുവല്ലയില്‍ ലഭിച്ചില്ല. ജില്ലയില്‍ അഞ്ച് സീറ്റിലും വിജയിക്കാവുന്ന സാഹചര്യം ഇല്ലാതാക്കിയത് കോണ്‍ഗ്രസിന്‍െറ ഏകാധിപത്യ നിലപാടാണ്. തദ്ദേശ സ്വയംഭരണ സമിതികളിലേക്കും അര്‍ഹതപ്പെട്ട സ്ഥാനങ്ങള്‍ ലഭിച്ചില്ല. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അനുവദിച്ച സീറ്റുകളില്‍ വിമതര്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച സാഹചര്യമുണ്ടായി. ഇതു കാരണം യു.ഡി.എഫിന് മുന്‍ വര്‍ഷങ്ങളിലെക്കാള്‍ വിജയം കുറവായി. എന്നാല്‍, കേരള കോണ്‍ഗ്രസ് എം ഒരിടത്തും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കെതിരായി മത്സരിച്ചില്ല. തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതിയിലെ സ്ഥാനങ്ങള്‍ പാര്‍ട്ടി നിര്‍ദേശപ്രകാരം ഇപ്പോള്‍ ഒഴിയാന്‍ തീരുമാനിച്ചിട്ടില്ല. അത് കോണ്‍ഗ്രസിന്‍െറ സമീപനത്തെ ആശ്രയിച്ചിരിക്കും. ജില്ലയിലെ യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം രാജിവെച്ചതായി അറിയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ജോര്‍ജ് മാത്യു, വര്‍ഗീസ് പേരയില്‍, വി.ആര്‍. രാജേഷ്, പി.കെ. ജേക്കബ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.