കലക്ടറോടു സന്തോഷം പങ്കിട്ട് കുടുംബങ്ങള്‍

പത്തനംതിട്ട: ‘ഞങ്ങളുടെയൊക്കെ ജീവിതം തന്നെ മാറി. ഒരുപാട് സന്തോഷമായി സാറേ’, അവര്‍ ഏകസ്വരത്തില്‍ കലക്ടറോടു പറഞ്ഞു. പട്ടികവര്‍ഗ വകുപ്പിന്‍െറ ആശിക്കും ഭൂമി ആദിവാസികള്‍ക്ക് പദ്ധതിയില്‍ വെച്ചൂച്ചിറ കൊല്ലമുളയില്‍ ആദിവാസി വിഭാഗക്കാര്‍ക്ക് നല്‍കിയ സ്ഥലം കാണാനത്തെിയതായിരുന്നു കലക്ടര്‍ എസ്. ഹരികിഷോര്‍. എട്ടു കുടുംബങ്ങള്‍ക്ക് 25 സെന്‍റ് സ്ഥലം വീതമാണ് നല്‍കിയത്. അങ്കണവാടി മുറ്റത്ത് ഷെഡ് കെട്ടി അഞ്ചു കുട്ടികളുമായി ദുരിതാവസ്ഥയില്‍ കഴിഞ്ഞിരുന്ന സുമിതയുടെ സ്ഥലത്താണ് ആദ്യം കലക്ടര്‍ എത്തിയത്. സുമിതക്ക് വീട് ഉള്‍പ്പെടെയാണ് സ്ഥലം ലഭിച്ചത്. സുമിതയുടെ വീട്ടിനുള്ളില്‍ കയറിയ കലക്ടര്‍ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. കുട്ടികളുടെ പഠനത്തെക്കുറിച്ചു തിരക്കി. മറ്റു കുടുംബങ്ങളും സ്വന്തമായി ലഭിച്ച സ്ഥലത്ത് ചെറിയ കൂര കെട്ടിയിട്ടുണ്ട്. പട്ടികവര്‍ഗ വകുപ്പില്‍നിന്ന് വീട് വെക്കുന്നതിനുള്ള പണം ലഭിക്കുന്ന മുറക്ക് കെട്ടിടം നിര്‍മിക്കുമെന്ന് അവര്‍ പറഞ്ഞു. ‘വീടുകളിലേക്ക് വഴിയുണ്ട്. നല്ലവെള്ളവും കിട്ടുന്നുണ്ട്’, അവര്‍ കലക്ടറോടു പറഞ്ഞു. പദ്ധതി പ്രകാരം കഴിഞ്ഞ മൂന്നു വര്‍ഷത്തില്‍ ജില്ലയില്‍ 38 പേര്‍ക്ക് ഭൂമി വാങ്ങി നല്‍കിയതായി കലക്ടര്‍ക്കൊപ്പമുണ്ടായിരുന്ന ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫിസര്‍ എ. റഹീം പറഞ്ഞു. 10 ലക്ഷം രൂപയാണ് സ്ഥലം വാങ്ങാന്‍ നല്‍കുന്നത്. ഉപഭോക്താക്കള്‍ തങ്ങള്‍ക്ക് അനുയോജ്യമായ ഭൂമി കണ്ടത്തെുന്നു എന്നതാണ് പദ്ധതിയുടെ പ്രത്യേകത. മൂന്നര ലക്ഷം രൂപയാണ് വീട് നിര്‍മിക്കാന്‍ നല്‍കുന്നത്. കലക്ടര്‍ സ്ഥലം സന്ദര്‍ശിക്കുന്നതറിഞ്ഞ് പഞ്ചായത്ത് അംഗം ഷാജി തോമസും എത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.