സജിത്തിന്‍െറ ചികിത്സക്കായി കൂട്ടുകാര്‍ പാട്ടുപാടി സ്വരൂപിച്ചത് ഒരുലക്ഷം രൂപ

പന്തളം: വൃക്കരോഗം ബാധിച്ച ഉറ്റ തോഴനെ സഹായിക്കാന്‍ സുഹൃത്തുക്കള്‍ പാട്ടുപാടി സ്വരൂപിച്ചത് ഒരുലക്ഷത്തോളം രൂപ. ഇരുവൃക്കകളും തകരാറിലായ തുമ്പമണ്‍ മുട്ടംകോളനിയില്‍ ബ്ളോക് നമ്പര്‍ അഞ്ചില്‍ സജിത്ലാലിനെ സഹായിക്കാനാണ് സുഹൃത്തുക്കള്‍ പാട്ടുപാടി പണം സ്വരൂപിച്ചത്. തിങ്കളാഴ്ച മുതല്‍ മൂന്നുദിവസം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചായിരുന്നു പരിപാടി. രണ്ടുവര്‍ഷമായി നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും കാരുണ്യത്തിലാണ് സജിത്ലാല്‍ ജീവിതം തള്ളിനീക്കുന്നത്. നാടന്‍ പാട്ട് കലാകാരനായ സജിത്ലാല്‍ അംഗമായ ഗാനാഞ്ജലി പീപ്ള്‍സ് സന്നദ്ധസംഘത്തിന്‍െറ (പൈങ്കിലാരി നാടന്‍പാട്ട് സംഘം) നേതൃത്വത്തിലായിരുന്നു പാട്ട് പാടിയുള്ള ധനസമ്പാദനം. ആരോഗ്യസ്ഥിതി ഏറെ മോശമായ സജിത്തിന്‍െറ ഒരു വൃക്ക അടിയന്തരമായി മാറ്റിവെക്കണം. എട്ടുലക്ഷം രൂപയോളം ചികിത്സാചെലവ് വരുമെന്നാണ് കോട്ടയം മെഡിക്കല്‍ കോളജിലെ നെഫ്രോളജി വിഭാഗം ഡോക്ടര്‍ അറിയിച്ചിരിക്കുന്നത്. പിതാവ് ചെറുപ്പത്തിലെ ഉപേക്ഷിച്ചുപോയ കുടുംബമാണ് സജിത്ലാലിന്‍േറത്. മാതാവും സഹോദരനുമടങ്ങുന്ന കുടുംബത്തിന് ഈ തുക താങ്ങാവുന്നതിനുമപ്പുറമാണെന്ന് ബ്ളോക് പഞ്ചായത്ത അംഗം രഘു പെരുമ്പുളിക്കല്‍ പറഞ്ഞു. കൂലിപ്പണിക്കാരനായ സഹോദരന്‍ ശരത് ലാലിന്‍െറ സംരക്ഷണിയിലാണിപ്പോള്‍ സജിത് ലാല്‍. തിങ്കളാഴ്ച രാവിലെ പന്തളം സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ രഘു പെരുമ്പുളിക്കല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സുനില്‍ വിശ്വം, അരവിന്ദ് ശംഭു, വിപിന്‍, അര്‍ജുന്‍ തുമ്പമണ്‍, ഹരി നൂറനാട്, ബിജില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.