വെളിച്ചമില്ലാതെ തിരുവല്ല ആധുനിക ബസ് ടെര്‍മിനല്‍

തിരുവല്ല: നഗരമധ്യത്തിലെ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലില്‍ നേരം ഇരുട്ടിയാല്‍ വെളിച്ചമില്ലാത്തത് അപകടങ്ങള്‍ക്കു വഴിയൊരുക്കുന്നു. വെളിച്ചക്കുറവുമൂലം ഡ്രൈവര്‍ ശ്രദ്ധിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം തൂണിനും ബസിനും ഇടയില്‍ അകപ്പെട്ട യുവതി അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. മഞ്ഞനിക്കര കടവംകോട്ട് മോടിയില്‍ രേഷ്മയുടെ (21) കാലിലൂടെയാണ് ബസ് കയറിയിറങ്ങിയത്. സ്റ്റാന്‍ഡിന് പുറത്തെ ഹൈമാസ്റ്റ് ലൈറ്റ് ഒഴിച്ചാല്‍ ടെര്‍മിനലിലെ മറ്റ് വൈദ്യുതി ദീപങ്ങള്‍ പലപ്പോഴും തെളിയാറില്ല. സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയില്‍ മാത്രമാണ് അല്‍പമെങ്കിലും വെളിച്ചമുണ്ടാകുക. അത്യാധുനിക രീതിയില്‍ നിര്‍മിച്ച ബസ് ടെര്‍മിനലില്‍ വൈദ്യുതി മുടങ്ങിയാല്‍ ആശ്രയം മെഴുകുതിരി വെളിച്ചം മാത്രമാണ്. വാഹനങ്ങള്‍ കയറിവരുന്ന ഭാഗത്തോട് ചേര്‍ന്ന പ്രദേശത്താണ് അപകട സാധ്യത കൂടുതല്‍. ടെര്‍മിനലിന്‍െറ തെക്കുഭാഗത്ത് പ്രധാന കവാടത്തോട് ചേര്‍ന്ന സ്ഥലത്ത് പാര്‍ക്ക് ചെയ്യുന്ന ബസുകള്‍ പിന്നിലേക്ക് എടുക്കുമ്പോള്‍ ഒരു നിയന്ത്രണവുമില്ലാതെ അമിതവേഗത്തില്‍ കയറിവരുന്ന മറ്റ് ബസുകളുമായി കൂട്ടിമുട്ടുന്നതും പതിവാണ്. ബസുകള്‍ പലപ്പോഴും അകലമിടാതെയാണ് പാര്‍ക്ക് ചെയ്യുന്നത്. ഈ ബസുകളില്‍നിന്ന് ആളുകള്‍ കയറിയിറങ്ങുന്നത് ജീവന്‍ പണയംവെച്ചാണ്. വെളിച്ചമില്ലാത്തതിനാല്‍ അപകട സാധ്യത ഏറെയാണ്. പുതിയ ടെര്‍മിനല്‍ വന്നതോടെ വേഗത്തിലാണ് ബസുകള്‍ കടന്നുപോകുന്നത്. ടെര്‍മിനലിലും പരിസരത്തും ആവശ്യമായ വെളിച്ചവും മതിയായ സുരക്ഷാ ജീവനക്കാരെയും ഉപയോഗിച്ച് അപകട ഭീഷണി ഒഴിവാക്കണമെന്ന് നിരവധി തവണ പരാതി നല്‍കിയെങ്കിലും അനങ്ങാപ്പാറ നയമാണ് അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.