മിശ്രഭോജനത്തിന്‍െറ ഓര്‍മപുതുക്കി ക്രിസോസ്റ്റം തിരുമേനിയുടെ അരമനയില്‍ പന്തിഭോജനം

കോഴഞ്ചേരി: മിശ്രഭോജനത്തിന്‍െറ ഓര്‍മപുതുക്കി ജാതിപ്പേരില്‍ അഗ്നിക്കിരയാക്കിയ പുല്ലാട് ഗവ.യു.പി സ്കൂള്‍ (തീവെച്ച സ്കൂള്‍) വിദ്യാര്‍ഥികള്‍. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ അരമനയില്‍ ഒരുക്കിയ പന്തിഭോജനത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയും ഒത്തുചേര്‍ന്നാണ് ചരിത്രസംഭവത്തിന്‍െറ അനുസ്മരണം അന്വര്‍ഥമാക്കിയത്. പട്ടികജാതി, പിന്നാക്കക്കാര്‍ക്ക് വഴിനടക്കാനുള്ള അവകാശംപോലും നിഷേധിച്ചിരുന്ന സവര്‍ണ മേധാവിത്വത്തിനെതിരെയുള്ള വെല്ലുവിളിയായിരുന്നു 1917 മേയ് 29ന് ചെറായിയില്‍ സഹോദരന്‍ അയ്യപ്പന്‍െറ നേതൃത്വത്തില്‍ നടത്തിയ മിശ്രഭോജനം. തൊട്ടുകൂടാത്തവരോടും തീണ്ടാപ്പാട് മാറ്റിനിര്‍ത്തിയവരോടുമൊപ്പം ഒരുപായയില്‍ തൊട്ടുരുമ്മിയിരുന്ന് ഭക്ഷണം കഴിച്ചുതുടങ്ങിയത് കേരളത്തില്‍ ജാതിക്കെതിരെ നടന്ന പോരാട്ടങ്ങള്‍ക്ക് ഇന്ധനമായി. ഈ പോരാട്ടങ്ങള്‍ക്ക് വര്‍ഷങ്ങള്‍ മുമ്പാണ് പുല്ലാട്ട് വടക്കേ കവലക്കടുത്തുള്ള സര്‍ക്കാര്‍ സ്കൂളില്‍ മൂന്ന് പുലയകുട്ടികള്‍ പ്രവേശിച്ചതിന് സ്കൂള്‍ അഗ്നിക്കിരയാക്കിയത്. തുടര്‍ന്ന് ആഴ്ചകളോളം അയ്യങ്കാളിയുടെ നിര്‍ദേശാനുസരണം കുറുമ്പന്‍ ദൈവത്താന്‍െറയും വെള്ളിക്കര ചോതിയുടെയും നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങളാണ് സവര്‍ണാക്രമണങ്ങളെ ചെറുക്കാനും പുലയകുട്ടികള്‍ക്ക് പഠിക്കാനുമുള്ള അവസരം സൃഷ്ടിച്ചത്. ഹെഡ്മിസ്ട്രസ് എ.കെ. പൊന്നമ്മയുടെ നേതൃത്വത്തിലാണ് അരമനയിലെ പന്തിഭോജനത്തില്‍ പങ്കെടുക്കാന്‍ ഗവ. സ്കൂളിലെ വിദ്യാര്‍ഥികള്‍ എത്തിയത്. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എ. പത്മകുമാര്‍, ബാബു കോയിക്കലത്തേ്, കെ.എം. ഗോപി, സി.പി.എം ഏരിയ സെക്രട്ടറി ആര്‍. അജയകുമാര്‍, രാജന്‍ വര്‍ഗീസ്, ബാബു ജോര്‍ജ്, ബ്ളോക് പഞ്ചായത്ത് അംഗം ബിജിലി പി. ഈശോ എന്നിവര്‍ മിശ്രഭോജന അനുസ്മരണത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.