അടൂരിലെ ഗതാഗത പരിഷ്കാരം നടപ്പായില്ല

അടൂര്‍: അടൂര്‍ നഗരത്തില്‍ ആഗസ്റ്റ് ഒന്നു മുതല്‍ ഗതാഗത പരിഷ്കാരം ഏര്‍പ്പെടുത്താനുള്ള ഗതാഗത ഉപദേശക സമിതി തീരുമാനം നടപ്പായില്ല. ഇതിനുള്ള ഒരുക്കംപോലും ഇനിയും തുടങ്ങിയിട്ടില്ല. കൃത്യമായ മുന്നൊരുക്കമില്ലാതെ നടത്തിയ പ്രഖ്യാപനം കടലാസില്‍ മാത്രമൊതുങ്ങി. ശ്രീമൂലം മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന ദിവസങ്ങളില്‍ ചന്തക്കു സമീപത്തെ റോഡിലെ കച്ചവടം ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നതായ പരാതിയെക്കുറിച്ചു പരിശോധിക്കുന്നതിനു ഗതാഗത ഉപദേശക സമിതി യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഇതിനായി മോട്ടോര്‍ വാഹന വകുപ്പ്, പൊലീസ്, നഗരസഭാ ഉദ്യോഗസ്ഥ പ്രതിനിധികളും വാര്‍ഡ് കൗണ്‍സിലറും അടങ്ങുന്ന സബ്കമ്മിറ്റി നേതൃത്വത്തില്‍ സ്ഥലം പരിശോധിച്ചു നടപടി സ്വീകരിക്കാനും തീരുമാനിച്ചു. തുടര്‍ന്ന് സെന്‍ട്രല്‍ കവലക്കു കിഴക്കുള്ള കാത്തിരിപ്പ് കേന്ദ്രവും ഓട്ടോസ്റ്റാന്‍ഡും മാറ്റി സ്ഥാപിക്കുക, കാത്തിരിപ്പ് കേന്ദ്രം നില്‍ക്കുന്ന സ്ഥലത്ത് ബസ്ബേ നിര്‍മിക്കുക, പറക്കോട് ഭാഗത്തുനിന്ന് തട്ട റോഡിലേക്കു തിരിയുന്ന വാഹനങ്ങള്‍ ഗാന്ധിസ്മൃതി മൈതാനം ചുറ്റി തട്ട റോഡിലേക്കു തിരിയുക, ഹോട്ടല്‍ ശ്രീകുമാറിന്‍െറ ഭാഗത്തുള്ള ബസ് സ്റ്റോപ് നയനം തിയറ്ററിന്‍െറ ഭാഗത്തേക്കു മാറ്റി സ്ഥാപിക്കുക, കെ.എസ്.ആര്‍.ടി.സി ജങ്ഷന്‍ ഭാഗത്തുള്ള ടാക്സി സ്റ്റാന്‍ഡിലെ ഇരുചക്ര വാഹനങ്ങളുടെ പാര്‍ക്കിങ് ഒഴിവാക്കുക തുടങ്ങിയ പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ തീരുമാനമെടുത്തു. ഈമാസം ഒന്നു മുതല്‍ ഇവ നടപ്പാക്കുമെന്നും പ്രഖ്യാപിച്ചു. നിര്‍ദേശങ്ങള്‍ സംബന്ധിച്ചു കൃത്യമായ ആലോചനയോ മുന്നൊരുക്കമോ നടത്താതെയായിരുന്നു പ്രഖ്യാപനം. ദിശാ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ജൂലൈ അവസാനവാരം നടന്ന യോഗത്തിനു ശേഷം ആഗസ്റ്റ് ഒന്നാം തീയതിക്കു മുമ്പായി ഇവ സ്ഥാപിക്കുന്നതിനു ബുദ്ധിമുട്ടുണ്ടെന്ന് പൊതുമരാമത്ത് അധികൃതര്‍ ആര്‍.ഡി.ഒയെ അറിയിച്ചു. എവിടെയൊക്കെ ബോര്‍ഡ് സ്ഥാപിക്കണമെന്നും പറഞ്ഞിരുന്നില്ല. എസ്റ്റിമേറ്റെടുത്ത് കരാര്‍ നല്‍കിയെങ്കില്‍ മാത്രമേ ബോര്‍ഡുകള്‍ യാഥാര്‍ഥ്യമാകൂ. തിടുക്കപ്പെട്ടു തീയതി പ്രഖ്യാപിച്ചെങ്കിലും അത് നടപ്പാകാഞ്ഞതോടെ പൊലീസും ജനപ്രതിനിധികളും പൊതുമരാമത്ത് വകുപ്പും പരസ്പരവും പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. അതിനിടെ, പരിഷ്കാരങ്ങളില്‍ ചിലത് അശാസ്ത്രീയമാണെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. പൊലീസും ജനപ്രതിനിധികളും പറയുന്നതുപോലെ ഓട്ടോ-ടാക്സി സ്റ്റാന്‍ഡുകള്‍ നിശ്ചയിക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ നിയമപരമായി കഴിയില്ല. ടാര്‍ റോഡില്‍നിന്ന് നടപ്പാതയും കഴിഞ്ഞ് ഒന്നരമീറ്റര്‍ മാറി ഗതാഗതത്തിനു തടസ്സമില്ലാത്ത രീതിയില്‍ മാത്രമേ ഓട്ടോസ്റ്റാന്‍ഡുകള്‍ പാടുള്ളൂ എന്നാണ് ഹൈകോടതി ഉത്തരവ്. എന്നാല്‍, അടൂരിലെ എല്ലാ ഓട്ടോ-ടാക്സി സ്റ്റാന്‍ഡുകളും നടപ്പാതയിലാണ്. സെന്‍ട്രല്‍ കവലയില്‍ തട്ട റോഡിന് അഭിമുഖമായുള്ള ഓട്ടോ സ്റ്റാന്‍ഡ് കിഴക്കു ഭാഗത്തേക്കു മാറ്റിയാല്‍ ഹോളി ഏഞ്ചല്‍സ് പാതയിലേക്ക് വാഹനങ്ങള്‍ കയറുന്നതും കാല്‍നടയും ഇത് തടസ്സപ്പെടുത്തും. ഇവിടെ കിഴക്കുനിന്നു വരുന്ന വാഹനങ്ങള്‍ തട്ട റോഡിലേക്കു തിരിയുന്നതിന് സിഗ്നല്‍ ലൈറ്റുണ്ട്. ഇത് മാറ്റേണ്ടിവരും. വാഹനങ്ങള്‍ ഇവിടെ തിരിയുന്നത് നിരോധിച്ചാല്‍ സെന്‍ട്രല്‍ മൈതാനത്തിനു കിഴക്കുവശംവരെ ഇടുങ്ങിയ ഡിവൈഡര്‍ സ്ഥാപിക്കുകയും വേണം. ഏതാനും ദിശാസൂചനാ ബോര്‍ഡുകള്‍ മാത്രം സ്ഥാപിച്ചു നടപ്പാക്കാന്‍ തുനിയുന്ന പരിഷ്കാരം ഫലത്തില്‍ കൂടുതല്‍ കുരുക്കിലേക്കാകും വഴിതെളിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു. ശനിയാഴ്ച ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ നടത്തുന്ന താലൂക്ക് വികസന സമിതി യോഗത്തില്‍ ഗതാഗത പരിഷ്കാരം വീണ്ടും ചര്‍ച്ച ചെയ്ത് അന്തിമതീരുമാനമെടുത്തേക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.