പന്തളം: പഞ്ചായത്ത് കമ്മിറ്റി തീരുമാനം വിനയായപ്പോള്‍ മുന്‍ പഞ്ചായത്ത് അംഗങ്ങള്‍ ജപ്തി ഭീഷണിയില്‍. പന്തളം പൊതുമാര്‍ക്കറ്റിലെ ലേലവുമായി ബന്ധപ്പെട്ട് 2005-10 കാലയളവിലെ പഞ്ചായത്ത് കമ്മിറ്റിയെടുത്ത തീരുമാനത്തിലാണ് മുന്‍ അംഗങ്ങള്‍ ജപ്തിഭീഷണി നേരിടുന്നത്. 2006-07സാമ്പത്തികവര്‍ഷത്തില്‍ പന്തളത്തെ പൊതുമാര്‍ക്കറ്റില്‍ നവീകരണം നടത്താന്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. തുടര്‍ന്ന് മാര്‍ക്കറ്റ് ലേലം കൊണ്ട കരാറുകാരന്‍ ലേലത്തില്‍നിന്ന് പിന്മാറി. ഇതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റിയാണ് മാര്‍ക്കറ്റിലെ പിരിവ് പഞ്ചായത്തിലെ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നേരിട്ട് നടത്താന്‍ തീരുമാനിച്ചത്. പുലര്‍ച്ചെ രണ്ടോടെ വ്യാപാരം ആരംഭിക്കുന്ന മാര്‍ക്കറ്റില്‍ ഉദ്യോഗസ്ഥര്‍ പിരിവിന് എത്തുന്നത് പകല്‍ 10നായിരുന്നു. ഇതോടെ മാര്‍ക്കറ്റിലെ പിരിവ് താറുമാറായി. ചന്ത ലേലം കൊണ്ട കരാറുകാരന്‍ കര്‍ഷകര്‍ നേരിട്ട് തലച്ചുമടായി കൊണ്ടുവരുന്ന ഉല്‍പന്നങ്ങള്‍ക്കും ചന്തപ്പിരിവ് വാങ്ങുന്നുവെന്ന ആക്ഷേപവും ഇക്കാലത്ത് ശക്തമായിരുന്നു. കരാറുകാരനെ പിരിവില്‍നിന്ന് ഒഴിവാക്കാന്‍ ഇതും പ്രേരകമായി. തൊട്ടടുത്തവര്‍ഷം നടന്ന പഞ്ചായത്തിലെ ഓഡിറ്റില്‍ മാര്‍ക്കറ്റിലെ ഉദ്യോഗസ്ഥ പിരിവ് പഞ്ചായത്തിന് ഭീമമായ നഷ്ടം വരുത്തുന്നതായി കണ്ടത്തെി. മുന്‍വര്‍ഷത്തെ ലേലത്തുകയില്‍നിന്ന് കുറവുവന്ന തുക അന്നത്തെ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങള്‍ പലിശസഹിതം അടയ്ക്കണമെന്ന് ഓഡിറ്റില്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിനെതിരായി അന്നത്തെ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങള്‍ പഞ്ചായത്ത് ഓംബുഡ്സ്മാനെ സമീപിച്ചു. പലതവണ ഹിയറിങ് നടത്തിയെങ്കിലും കേസ് തള്ളുകയായിരുന്നു ഓംബുഡ്സ്മാന്‍. ഇതോടെയാണ് ഈ തുക 18.5 ശതമാനം പലിശ സഹിതം അന്നത്തെ ഗ്രാമപഞ്ചായത്ത് അംഗങ്ങളില്‍നിന്ന് ഈടാക്കാന്‍ നടപടി തുടങ്ങിയത്. 22 അംഗ ഗ്രാമപഞ്ചായത്ത് സമിതിയില്‍ മൂന്ന് ബി.ജെ.പി അംഗങ്ങള്‍ തീരുമാനത്തിനെതിരെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ശേഷിച്ച 19 അംഗങ്ങളും സെക്രട്ടറിയും ചേര്‍ന്ന് തുക തുല്യമായി അടയ്ക്കണമെന്നായിരുന്നു ഓഡിറ്റ് വിഭാഗത്തിന്‍െറ നിര്‍ദേശം. 2005-10ലെ ഭരണസമിതിക്ക് നേതൃത്വം നല്‍കിയത് കോണ്‍ഗ്രസാണ്. സി.കെ. പ്രഭാകുമാരി പ്രസിഡന്‍റായ ഭരണസമിതിയുടെ കാലത്ത് എസ്. രാധാകൃഷ്ണനായിരുന്നു സെക്രട്ടറി. പണം തിരിച്ചുപിടിക്കാന്‍ വകുപ്പ്തലത്തില്‍ പിടിമുറുക്കിയതോടെ സി.കെ. പ്രഭാകുമാരി അന്നത്തെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഐവാന്‍ ഡാനിയേല്‍, ഭരണസമിതി അംഗമായിരുന്ന പന്തളം മഹേഷ് എന്നിവര്‍ 19,600 രൂപ അടച്ച് ജപ്തി നടപടിയില്‍നിന്ന് ഒഴിവായി. ശേഷിക്കുന്ന 16 അംഗങ്ങളില്‍നിന്ന് പണം ഈടാക്കാനുള്ള നടപടിക്ക് തയാറെടുക്കുകയാണ് അധികൃതര്‍. ഇവരില്‍ പലരും ഇപ്പോള്‍ സജീവ രാഷ്ട്രീയ രംഗത്തില്ല എന്നതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.