ഹൈകോടതി ഉത്തരവിന് പുല്ലുവില: ഏനാത്ത് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ പെരുവഴിയില്‍ തന്നെ

അടൂര്‍: ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചു രണ്ടു വര്‍ഷമായിട്ടും പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ നിരത്തില്‍ വഴിമുടക്കി തന്നെ. ഏനാത്ത് പൊലീസ് സ്റ്റേഷന്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചപ്പോള്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ എം.സി റോഡരികിലും നിലവിലെ പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ മുതലുള്ള വാഹനങ്ങള്‍ പഴയ എം.സി റോഡിലുമാണ് തുരുമ്പെടുത്തു നശിക്കുന്നത്. വിവിധ കേസുകളില്‍ പൊലീസ് പിടികൂടി വഴിയോരത്തും പൊതുസ്ഥലത്തും കൂട്ടിയിട്ട വാഹനങ്ങള്‍ നീക്കം ചെയ്യണമെന്ന് ഹൈകോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് പി.ആര്‍. രാമചന്ദ്രമേനോന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് 2014ലാണ് ജൂലൈയില്‍ ഉത്തരവ് പുറപ്പെടുവിച്ചത്. യഥാസമയം ലേലം ചെയ്തു കൊടുത്തിരുന്നെങ്കില്‍ പൊലീസ് വകുപ്പിന് ലക്ഷങ്ങള്‍ ലാഭമായേനെ. ഏനാത്ത് പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്ന വാടകക്കെട്ടിടത്തിന്‍െറ പരിസരത്താണ് എം.സി റോഡില്‍ വാഹനങ്ങള്‍ മഴയും വെയിലുമേറ്റ് നശിക്കുന്നത്. സ്വന്തം കെട്ടിടത്തിലേക്ക് സ്റ്റേഷന്‍െറ പ്രവര്‍ത്തനം മാറ്റിയിട്ട് നാലു വര്‍ഷമായി. കെട്ടിടം ഉദ്ഘാടന വേളയില്‍ മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഈ വാഹനങ്ങള്‍ ലേലം ചെയ്യാന്‍ നടപടിയായതായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, സ്ഥലത്ത് രണ്ടു ദശാബ്ദത്തോളം അടൂര്‍ എം.എല്‍.എ ആയിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായപ്പോഴും സ്ഥിതിക്കു തെല്ലും മാറ്റമുണ്ടായില്ല. വാഹനങ്ങള്‍ എം.സി റോഡരികില്‍ കിടക്കുന്നതിനാല്‍ ഗതാഗതതടസ്സവുമുണ്ട്. നിരവധി അപകടമരണങ്ങളും ഈ ഭാഗത്ത് ഉണ്ടായിട്ടുണ്ട്. രാത്രി വാഹനങ്ങള്‍ പെട്ടെന്ന് ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പെടില്ല. എതിരെ വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോള്‍ ബൈക്ക് യാത്രികരാണ് അപകടത്തില്‍പെടുക. വാഹനങ്ങള്‍ മിക്കതും കാടുമൂടി. മിനിലോറി, കാര്‍, ബസ്, ബൈക്കുകള്‍ തുടങ്ങിയവ ഇക്കൂട്ടത്തിലുണ്ട്. പിടിച്ചെടുത്ത വാഹനങ്ങളുടെ സ്പെയര്‍പാര്‍ട്സും മറ്റും മോഷണം പോയിട്ടുണ്ട്. പുതിയ സ്റ്റേഷന്‍െറ പരിസരത്തും പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇടാന്‍ സൗകര്യമില്ല. ഇവിടെയും വീതികുറഞ്ഞ പഴയ എം.സി റോഡിന്‍െറ ഇരുവശത്തുമാണ് വാഹനങ്ങള്‍ കിടക്കുന്നത്. എം.സി റോഡിനെയും ഏനാത്ത് കവലയെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. ഏഴംകുളം-ഏനാത്ത്-കടമ്പനാട് മിനിഹൈവേ, പട്ടാഴി, പത്തനാപുരം എന്നിവിടങ്ങളിലേക്കും ബാങ്ക്, ഇ.എസ്.ഐ ആശുപത്രി, വില്ളേജ് ഓഫിസ്, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്കും ഇതു വഴിയാണ് പോകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.