അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി പന്തളം നഗരസഭാ ബസ് സ്റ്റാന്‍ഡ്

പന്തളം: അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി പന്തളം നഗരസഭാ ബസ് സ്റ്റാന്‍ഡ്. സമീപം കുറുന്തോട്ടയം പാലം പണികൂടി ആരംഭിച്ചതോടെ വാഹനങ്ങളും കാല്‍നടക്കാരും ഒരുപോലെ ബുദ്ധിമുട്ടുകയാണ്. ഇടുങ്ങിയ വഴികളിലൂടെ പന്തളം നഗരസഭാ ബസ് സ്റ്റാന്‍ഡിലേക്ക് കയറുമ്പോള്‍ മുതല്‍ അസൗകര്യം യാത്രക്കാരെ വേട്ടയാടും. വാഹനത്തിനു കയറിയിറങ്ങാന്‍ പാകത്തിലുള്ള വഴിതന്നെയാണ് ആദ്യം അപകടത്തിലാക്കുന്നത്. പാലത്തിലൂടെ ഗതാഗതം നിരോധിച്ചതോടെ ഇരുചക്രവാഹനങ്ങളുടെ യാത്ര ക്രമീകരിച്ചിരിക്കുന്നത് ബസ് സ്റ്റാന്‍ഡിലൂടെയാണ്. പലപ്പോഴും പന്തളം-മാവേലിക്കര റോഡിലെ ഗതാഗതക്കുരുക്കിന് ഇത് കാരണമാകുന്നു. ബസ് സ്റ്റാന്‍ഡിനുള്ളിലെ വാഹന പാര്‍ക്കിങ് കൂടിയാകുമ്പോള്‍ പലപ്പോഴും തര്‍ക്കത്തിനും കാരണമാകുന്നു. ബസ് സ്റ്റാന്‍ഡിനുള്ളിലെ കാത്തിരിപ്പുകേന്ദ്രം സാമൂഹികവിരുദ്ധരും കച്ചവടക്കാരും കൈയടക്കി. സന്നദ്ധസംഘടനകളുടെ സഹായത്തോടെ പണിത ഇരിപ്പിടങ്ങളെല്ലാം ഇളക്കിക്കളഞ്ഞു. കോണ്‍ക്രീറ്റ് തകര്‍ന്നുവീഴാറായതും ഉപയോഗശൂന്യവുമായ നഗരസഭാ കമ്യൂണിറ്റി ഹാളാണ് കാത്തിരിപ്പുകേന്ദ്രമാക്കിയിരിക്കുന്നത്. ശൗചാലയങ്ങള്‍ക്ക് സമീപത്തേക്ക് ചെല്ലാന്‍പോലും കഴിയാത്തവിധം വൃത്തിഹീനമാണ്. കക്കൂസ് ടാങ്ക് പൊട്ടിയൊഴുകിയും ഭിത്തികള്‍ തകര്‍ന്നും കിടക്കുന്നു.ജില്ലാപഞ്ചായത്ത് പണിത രണ്ട് ഇ-ടോയ്ലറ്റ് ഒരുദിവസം പോലും ആരും ഉപയോഗിച്ചിട്ടില്ല. ഇതും കാടുമൂടികിടക്കുന്നു. വനിതാ കാന്‍റീനെന്ന പേരില്‍ അഞ്ചുവര്‍ഷം മുമ്പ് പണിത കെട്ടിടം നാളിതുവരെ തുറന്നിട്ടില്ല. കാടുമൂടിയ കെട്ടിടവും പരിസരവും മദ്യപര്‍ക്കും സാമൂഹികവിരുദ്ധര്‍ക്കുംവേണ്ടി ഒഴിച്ചിട്ട നിലയിലാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കോണ്‍ക്രീറ്റ് ചെയ്ത തറ ഇളകി കുഴികളായിട്ടും അധികാരികള്‍ കുലുങ്ങിയിട്ടില്ല. പാലം പൊളിച്ച അവശിഷ്ടങ്ങള്‍ കൊണ്ടുവന്നിട്ട് കുഴികള്‍ കഴിഞ്ഞദിവസം നികത്തിയത് താല്‍ക്കാലിക ആശ്വാസമായി. കോണ്‍ക്രീറ്റ് പല ഘട്ടങ്ങളിലായി ചെയ്തത് തട്ടുതട്ടായി കിടക്കുന്നതും വാഹനങ്ങള്‍ക്ക് അസൗകര്യമാകുന്നു. ചപ്പുചവറുകള്‍ കൂട്ടിയിട്ട് വ്യാപാരികളും യാത്രക്കാരും ബസ് ജീവനക്കാരും ബസ് സ്റ്റാന്‍ഡ് പരമാവധി വൃത്തികേടാക്കുന്നതായി ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.