പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വീട്ടിലിരുന്നും പരിശീലനം നേടാം

പത്തനംതിട്ട: വോട്ടെടുപ്പ് ദിനത്തില്‍ ബൂത്തുകളില്‍ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് അവധിദിവസം വീട്ടിലിരുന്നും പരിശീലനം നേടാം. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി പത്തനംതിട്ട ജില്ല പരിശീലന കാര്യത്തില്‍ മാതൃകയാവുന്നു. ഉദ്യോഗസ്ഥരുടെ ഫോണുകളിലേക്ക് എസ്.എം.എസ് ആയി പോളിങ് സംബന്ധിച്ച ചോദ്യങ്ങള്‍ എത്തും. ഒപ്പം നാല് ഉത്തരങ്ങളും. ചോദ്യം ലഭിക്കുന്ന ഉദ്യോഗസ്ഥര്‍ ഒരു മണിക്കൂറിനുള്ളില്‍ ശരിയുത്തരമായി എ, ബി, സി, ഡി എന്നീ ഇംഗ്ളീഷ് അക്ഷരങ്ങളില്‍ ഒന്ന് മറുപടി നല്‍കണം. മോക്പോള്‍ തുടങ്ങേണ്ട സമയത്ത് പോളിങ് ഏജന്‍റുമാര്‍ എത്താതിരുന്നാല്‍ എന്തുചെയ്യും? അന്ധനായ വോട്ടര്‍ എത്തിയാല്‍ എന്തൊക്കെ ചെയ്യും? തുടങ്ങി പോളിങ് ഉദ്യോഗസ്ഥര്‍ അറിഞ്ഞിരിക്കേണ്ട ചോദ്യങ്ങളായി ഫോണിലത്തെും. ഒരുദിവസം രണ്ട് ചോദ്യങ്ങളാണ് ഇത്തരത്തില്‍ ലഭിക്കുക. പരിശീലനത്തില്‍ നൂതനമാര്‍ഗങ്ങള്‍ വേണമെന്ന തെരഞ്ഞെടുപ്പ് കമീഷന്‍െറ നിര്‍ദേശത്തെ തുടര്‍ന്നാണ് കലക്ടര്‍ എസ്. ഹരികിഷോറിന്‍െറ നേതൃത്വത്തില്‍ അവധിദിനത്തില്‍ വീട്ടിലിരുന്നാലും പരിശീലനം നല്‍കുന്ന പദ്ധതി തയാറാവുന്നത്. പരിശീലനത്തിന് പുറമെ വോട്ടെടുപ്പുദിവസവും തലേന്നും പോളിങ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങളും എസ്.എം.എസ് വഴി നല്‍കാന്‍ പുതിയ സംവിധാനത്തില്‍ സാധ്യമാവും. കൂട്ട എസ്.എം.എസ് സാങ്കേതികവിദ്യയുടെ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് നടപ്പാക്കുന്ന പരിശീലനത്തില്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്ന ഉത്തരങ്ങള്‍ ഫോണ്‍നമ്പര്‍ സഹിതം ശരിയും തെറ്റും രേഖപ്പെടുത്തി മൈക്രോസോഫ്റ്റ് എക്സല്‍ ഷീറ്റില്‍ ലഭിക്കും. ഉത്തരങ്ങള്‍ വിലയിരുത്തി മോശം പ്രകടനം നടത്തുന്നവര്‍ക്കും ഉത്തരമില്ലാത്തവര്‍ക്കും എക്സ്ട്രാ ക്ളാസ് നല്‍കും. ആഴ്ചയിലൊരിക്കല്‍ വിലയിരുത്തല്‍ നടത്തിയാവും പ്രത്യേക പരിശീലനം നല്‍കുക. ചോദ്യോത്തരങ്ങള്‍ വഴി തെരഞ്ഞെടുപ്പ് രീതികള്‍ ഉദ്യോഗസ്ഥര്‍ക്ക് മന$പാഠമാക്കി തെരഞ്ഞെടുപ്പ് സുഗമമാക്കുകയാണ് ലക്ഷ്യമെന്ന് കലക്ടറും സബ് കലക്ടറായ ശ്രീറാം വെങ്കിട്ടരാമനും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.