ഇപ്പോള്‍ ആര്‍ക്കുമറിയില്ല ആറന്മുള വിമാനത്താവളത്തെ

പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിയെക്കുറിച്ച് ഈ തെരഞ്ഞെടുപ്പ് കാലത്ത് ആരും ഒരക്ഷരം മിണ്ടുന്നില്ല. പദ്ധതി അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും അക്കാര്യങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാന്‍ ഇഷ്ടപ്പെടുന്നില്ല. യു.ഡി.എഫ് ഭരണകാലത്ത് നാലു വര്‍ഷം സംസ്ഥാനമാകെ ചര്‍ച്ച ചെയ്ത കാര്യമാണ് ഇപ്പോള്‍ വിഷയമാക്കാന്‍ ആരും ധൈര്യപ്പെടാത്തത്. പദ്ധതി ഇല്ലാതായതിന്‍െറ നേട്ടം സമരം നയിച്ച ഇടതുപക്ഷമോ ബി.ജെ.പിയോ ചര്‍ച്ചയാക്കുന്നില്ല. പദ്ധതി നടപ്പാക്കാന്‍ അരയും തലയും മുറുക്കി രംഗത്തുനിന്ന സ്ഥലം എം.എല്‍.എയും ഇപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ അഡ്വ.കെ. ശിവദാസന്‍ നായരും മിണ്ടുന്നില്ല. പദ്ധതി ഇല്ലാതായതില്‍ പ്രതിഷേധമുള്ള വലിയൊരു ജനവിഭാഗം ആറന്മുള മണ്ഡലത്തിലുണ്ട്. പദ്ധതിയുമായി വന്നവരെ കെട്ടുകെട്ടിച്ചത് ചര്‍ച്ചയായാല്‍ അവരുടെ വോട്ട് നഷ്ടമാകുമെന്ന് സമരം നയിച്ചവര്‍ ഭയക്കുന്നു. പദ്ധതിയെ എതിര്‍ക്കുന്നവരും ഏറെയായിരുന്നു. വിമാനത്താവള പദ്ധതി ഇല്ലാതാക്കി നാടിന്‍െറ വന്‍വികസനം തടഞ്ഞെന്നാണ് യു.ഡി.എഫ് പറഞ്ഞിരുന്നതെങ്കിലും അക്കാര്യം തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കൊണ്ടുവന്നാല്‍ പദ്ധതിയെ എതിര്‍ത്തവരുടെ വോട്ട് നഷ്ടമാകുമെന്നാണ് അവരുടെ ഭയം. മൂന്നു കൂട്ടരും ഉള്ളില്‍ ഭയക്കുന്നതിനാല്‍ വിമാനത്താവളം ഇതുവരെ ആറന്മുളയില്‍ ചര്‍ച്ചയായിട്ടില്ല. സമരത്തില്‍ ബി.ജെ.പി സജീവമായതോടെ പദ്ധതിയെ അനുകൂലിക്കുന്ന നിലപാട് ക്രിസ്ത്യന്‍ സഭകള്‍ കൈക്കൊണ്ടിരുന്നു. ആറന്മുള മണ്ഡലത്തില്‍ പകുതിയോളം ക്രിസ്ത്യന്‍ വിഭാഗത്തിലെ വോട്ടര്‍മാരായതാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വീണ ജോര്‍ജും സി.പി.എമ്മും പദ്ധതിക്കാര്യം പറയാന്‍ മടിക്കുന്നത്. ആറന്മുള ക്ഷേത്രവും അതിന്‍െറ പൈതൃകവും നഷ്ടമാകുമെന്ന പ്രചാരണം ഹിന്ദുക്കളില്‍ വലിയൊരു വിഭാഗത്തെ പദ്ധതിക്കെതിരാക്കി. ഹിന്ദു വോട്ടുകളില്‍ കണ്ണുള്ളതിനാലാണ് ശിവദാസന്‍ നായരും ഉരിയാടാവാത്തത്. ക്രിസ്ത്യന്‍-ഹിന്ദു വിഭാഗത്തെ പ്രീണിപ്പിച്ച് മണ്ഡലത്തില്‍ പരമാവധി വോട്ട് നേടാന്‍ ലക്ഷ്യമിടുന്ന എന്‍.ഡി.എ സ്ഥാനാര്‍ഥി എം.ടി. രമേശും വിമാനത്താവളം ചര്‍ച്ചയാകുന്നത് ദോഷമാകുമെന്നാണ് കരുതുന്നത്. ആറന്മുള പുഞ്ചയില്‍ ആയിരത്തോളം ഏക്കര്‍ മണ്ണിട്ട് നികത്തപ്പെടുമെന്നും ആയിരങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടുമെന്നും വ്യക്തമായതോടെയാണ് വിമാനത്താവളത്തിനെതിരായി സമരം ശക്തമായത്. രാജ്യമാകെ ശ്രദ്ധനേടിയ വന്‍ പരിസ്ഥിതി സംരക്ഷണ സമരമായി മാറി. പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ പാലിച്ചല്ല പദ്ധതിക്ക് അനുമതി നല്‍കിയതെന്ന് കണ്ടത്തെിയ ദേശീയ ഹരിതകോടതിയുടെ വിധിയോടെയാണ് പദ്ധതിക്ക് തിരശ്ശീല വീണത്. ഈ വിധി സുപ്രീംകോടതിയും പിന്നീട് ശരിവെച്ചു. ഇടതു മുന്നണി മന്ത്രിസഭയുടെ അവസാന നാളുകളില്‍ 2010 നവംബര്‍ 18നാണ് ആറന്മുള വിമാനത്താവള പദ്ധതിക്ക് തത്ത്വത്തില്‍ അനുമതി നല്‍കിയത്. അതിനു പിന്നാലെ 2011 മാര്‍ച്ച് ഒന്നിനാണ് വ്യവസായമേഖല പ്രഖ്യാപനം പുറത്തുവന്നത്. വിമാനത്താവള നിര്‍മാണ കമ്പനിയായ കെ.ജി.എസ് നല്‍കിയ 1963 സര്‍വേ നമ്പറുകളില്‍പെട്ട 1500 ഏക്കറോളം വരുന്ന ജനവാസകേന്ദ്രം 500 ഏക്കര്‍ എന്ന വ്യാജേന വ്യവസായമേഖലയായി പ്രഖ്യാപിക്കുകയായിരുന്നു. ഏതുവിധേനയും പദ്ധതി നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.ഡി.എഫ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. അതിനായി പഞ്ചായത്തീരാജ് നിയമം, ഭൂപരിഷ്കരണ നിയമം, തണ്ണീര്‍ത്തടനിയമം തുടങ്ങിയവ ഭേദഗതി ചെയ്യാനുള്ള കരുനീക്കങ്ങളിലായിരുന്നു സംസ്ഥാന സര്‍ക്കാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.