മലയോര റാണിയുടെ മണ്ണില്‍ തെരഞ്ഞെടുപ്പിന് തണുപ്പന്‍ ഭാവം

വടശ്ശേരിക്കര: തെരഞ്ഞെടുപ്പ് ചൂടിനോട് കിഴക്കന്‍ മേഖലക്ക് തണുപ്പന്‍ ഭാവം. ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലും നഗരങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീറും വാശിയും ഏറിയെങ്കിലും മലയോര റാണിയായ റാന്നി മണ്ഡലത്തിന്‍െറ കിഴക്കന്‍ മേഖലയില്‍ പ്രചാരണങ്ങള്‍ വേണ്ടത്ര ചൂടുപിടിക്കുകയോ വോട്ടര്‍മാര്‍ രാഷ്ട്രീയ ആവേശം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. പേരിനു പോസ്റ്ററുകള്‍ നിരന്നുവെങ്കിലും കാലിയായ ചുവരുകളും വിഷു ആശംസകള്‍ക്കുമപ്പുറത്തേക്ക് കാര്യങ്ങള്‍ ചൂടുപിടിക്കുന്നില്ല. സ്ഥിരം എം.എല്‍.എയെ വീണ്ടും പരീക്ഷിക്കുന്ന എല്‍.ഡി.എഫ് തട്ടകത്തില്‍ നമ്മളിതെത്ര കണ്ടതാണെന്ന ഭാവമാണെങ്കില്‍ അന്തരിച്ച മുന്‍ എം.എല്‍.എയുടെ ഭാര്യയെ ഇറക്കി പേരുദോഷം മാറ്റാനൊരുങ്ങുന്ന യു.ഡി.എഫിന് ആന്തരിക പ്രശ്നങ്ങള്‍ പരിഹരിക്കാനാവാത്തതിന്‍െറ മാന്ദ്യമാണ് പ്രശ്നം. എന്‍.ഡി.എ സ്ഥാനാര്‍ഥിയാകട്ടെ പ്രമുഖരെയും പ്രശസ്തരെയും ഒക്കെ ചാക്കിലാക്കി വോട്ട് കൂട്ടത്തോടെ മറിക്കാന്‍ നെട്ടോട്ടത്തിലായതിനാല്‍ സജീവ പ്രചാരണത്തിലത്തൊന്‍ ഇനിയും താമസിക്കുമെന്ന സൂചനയാണ് നല്‍കുന്നത്. മണ്ഡലത്തിലെ വടശ്ശേരിക്കര, പെരുനാട്, വെച്ചൂച്ചിറ, നാറാണംമൂഴി പഞ്ചായത്തുകളില്‍ രണ്ടെണ്ണം എല്‍.ഡി.എഫിന്‍െറ കൈയിലും രണ്ടെണ്ണം യു.ഡി.എഫിന്‍െറ കൈയിലുമാണ് ഉള്ളതെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവിടുത്തെ വോട്ട് അപ്പടി ഭരണകക്ഷികള്‍ക്ക് അനുകൂലമായി ലഭിച്ച ചരിത്രമില്ല. ഇതില്‍ യു.ഡി.എഫ് ചരിത്രവിജയം നേടിയ പെരുനാട് പഞ്ചായത്തില്‍ എല്‍.ഡി.എഫിന്‍െറ ബ്ളോക് പഞ്ചായത്ത് സ്ഥാനാര്‍ഥി നേടിയ മേല്‍ക്കൈ ഇടതുപക്ഷത്തിന് തുണയാകുമെന്ന കണക്കുകൂട്ടലാണ് നിലനില്‍ക്കുന്നത്. പഞ്ചായത്ത് ഭരണം കിട്ടിയതിന്‍െറ അന്തംവിടല്‍ മാറിയിട്ടില്ലാത്തതിനാല്‍ പെരുനാട്ടിലെ യു.ഡി.എഫ് പ്രചാരണവും അത്തരത്തിലാണ്. മൂന്നു മുന്നണികളുടെയും പ്രചാരണങ്ങള്‍ തുടക്കത്തില്‍ തന്നെ ചൂടുപിടിക്കേണ്ടിയിരുന്ന വടശ്ശേരിക്കര പഞ്ചായത്തില്‍ തെരഞ്ഞെടുപ്പിന്‍െറ ആരവങ്ങള്‍ ഇനിയും അകലെയാണ്. നാറാണംമൂഴിയിലും വെച്ചൂച്ചിറയിലും ഏറെക്കാലമായി ഉയര്‍ന്നുനില്‍ക്കുന്ന ചെമ്പന്മുടി വിരുദ്ധ സമരവും അതുമായി ബന്ധപ്പെട്ട കോലാഹലങ്ങളും ചര്‍ച്ചചെയ്യേണ്ടിവരുമോയെന്ന് മൂന്നുമുന്നണികളും ആശങ്കപ്പെടുന്നുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍െറ ചുവരെഴുത്തുകള്‍ മായുംമുമ്പേ നിയമസഭാ തെരഞ്ഞെടുപ്പ് സമാഗതമായതും കനത്ത ചൂടുമെല്ലാം ഗ്രാമീണ മേഖലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കാന്‍ കാരണമായി പറയുമ്പോള്‍ കൊടുംചൂടിലും സമീപ നഗരങ്ങളായ റാന്നിയും കോന്നിയും പത്തനംതിട്ടയുമെല്ലാം തെരഞ്ഞെടുപ്പിന്‍െറ സജീവതയിലേക്ക് ഉണര്‍ന്നുകഴിഞ്ഞു. തെരഞ്ഞെടുപ്പുകളുടെ സ്ഥിരം ആകര്‍ഷണമായ വികസന മുദ്രാവാക്യം കിഴക്കന്‍ മേഖലയിലും മുന്നണികള്‍ വിതറിത്തുടങ്ങിയിട്ടുണ്ടെങ്കിലും നാലാള്‍ കൂടുന്നിടത്തും ബാര്‍ബര്‍ ഷോപ്പിലും ചായക്കടയിലും രാഷ്ട്രീയം ചര്‍ച്ചാ വിഷയമാകാത്തതും റാന്നി എങ്ങോട്ടുചായുമെന്ന മുന്‍വിധികളുണ്ടാക്കുവാന്‍ മുന്നണികളെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.