മല്ലപ്പള്ളി: കുന്നന്താനം മഠത്തില്‍ക്കാവ് ഭഗവതിക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ചുള്ള പടയണി ബുധനാഴ്ച നടക്കും. തയാറെടുപ്പുകള്‍ പടയണി സംരക്ഷണ പഠനകേന്ദ്രമായ ഗോത്രകലാപീഠത്തില്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അറുപതോളം കലാകാരന്മാരാണ് പടയണി അവതരിപ്പിക്കുന്നത്. വിഷുദിനത്തില്‍ വ്രതനിഷ്ഠയോടെയുള്ള കളരിസാധന ആരംഭിച്ചു. ശനിയാഴ്ച പുതിയ കുട്ടികളുടെ കളരി അരങ്ങേറ്റവും നടന്നു. ബുധനാഴ്ച വൈകീട്ട് 15 കലാകാരന്മാര്‍ പങ്കെടുക്കുന്ന തപ്പുമേളത്തോടെ പടയണി ആരംഭിക്കും. മറ്റുകരകളില്‍നിന്ന് വ്യത്യസ്തമായി പഞ്ചപിശാചുക്കളാണ് ഗണപതിക്കോലം തുള്ളി ആദ്യം കളത്തിലത്തെുന്നത്. മഠത്തില്‍ക്കാവിലമ്മയുടെ കോലമായ ദേവതയും അംബര യക്ഷികളും കലമാടന്‍ കോലവും കുന്നന്താനം കരപടയണിയുടെ പ്രത്യേകതകളാണ്. കാളതുള്ളലോടുകൂടിയ എടുത്തുവരവ്, തപ്പുമേളം, പുലവൃത്തം, പഞ്ചപിശാചുകള്‍, അരക്കുതിര, വലിയ ഭൈരവി, പരദേശി, അന്തരയക്ഷി, ദേവത, പക്ഷി, ഗര്‍ക്കരക്കൂട്ടം, അരക്കിയക്ഷി, നിണ ഭൈരവി, ചട്ടത്തോല്‍ യക്ഷി, കാക്കാലന്‍, കാലമാടന്‍, കരിമറുത, കൂട്ടമറുത, കാലന്‍ കോലം, മംഗളഭൈരവി എന്ന ക്രമത്തില്‍ പുരോഗമിക്കുന്ന പടയണി പുലര്‍ച്ചെ ആള്‍പ്പിണ്ടിയും വിളക്കും നടകളില്‍ സമര്‍പ്പിക്കുന്നതോടെ പൂര്‍ണമാകും. ബി. രവികുമാര്‍, എ.എസ്. ബാലകൃഷ്ണന്‍ നായര്‍, രാജീവ് പടയറ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.