തിരുവല്ല: മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ കെ.എസ്.ആര്‍.ടി.സി സമുച്ചയമെന്ന പ്രൗഢിയുണ്ടെങ്കിലും പരാധീനതകള്‍ തിരുവല്ല ഡിപ്പോയെ വിട്ടൊഴിയുന്നില്ല. സ്വന്തമായി കൂറ്റന്‍ കെട്ടിടവും സൗകര്യവും ഉണ്ടെങ്കിലും ഡിപ്പോയിലെ ബസുകള്‍ ഓടണമെങ്കില്‍ സമീപ ഡിപ്പോകളിലെ പമ്പ് യൂനിറ്റുകള്‍ കനിയേണ്ട അവസ്ഥയാണ്. പമ്പിന് ആവശ്യമായ സജ്ജീകരണം ഏറക്കുറെ പൂര്‍ത്തിയായെങ്കിലും സംസ്ഥാന സുരക്ഷാവിഭാഗത്തിന്‍െറ സര്‍ട്ടിഫിക്കറ്റ് ലഭിച്ച് കമീഷന്‍ നടത്താത്തതാണ് നിലവിലെ പ്രശ്നം. ആറു വര്‍ഷം മുമ്പ് വ്യാപാരസമുച്ചയം നിര്‍മിക്കാന്‍ ഡിപ്പോയുടെ പ്രവര്‍ത്തനം നഗരസഭ വക സ്ഥലത്തേക്ക് മാറ്റിയപ്പോള്‍ നിര്‍ത്തിയ പമ്പ് പുതിയ കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് 10 മാസം പിന്നിട്ടിട്ടും പുന$സ്ഥാപിച്ചിട്ടില്ല. അന്നു മുതല്‍ ചെങ്ങന്നൂര്‍, ചങ്ങനാശേരി, കോട്ടയം, പത്തനംതിട്ട തുടങ്ങിയ സമീപ ഡിപ്പോകളില്‍നിന്നാണ് ഡീസല്‍ ശേഖരിക്കുന്നത് കഴിഞ്ഞ ജൂണിലാണ് പുതിയതായി നിര്‍മിച്ച സ്ഥലത്തേക്ക് ഡിപ്പോ മാറ്റിയത്. അന്നു മുതല്‍ പമ്പ് സ്ഥാപിക്കണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനോട് ആവശ്യപ്പെട്ടു വരികയായിരുന്നു. അവര്‍ സംഭരണിയും ഡീസല്‍ നിറക്കാനുള്ള പമ്പും സ്ഥാപിച്ചു. ഇതിനിടെ പമ്പിനു മുകളില്‍ നിര്‍മിച്ച മേല്‍ക്കൂര ഒരുമാസം മുമ്പ് കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ചു തകര്‍ന്നിരുന്നു. ഇതിനുശേഷം ഭൂഗര്‍ഭ സംഭരണി സ്ഥാപിക്കുകയും കഴിഞ്ഞ ആഴ്ച 10,000 ലിറ്റര്‍ ഡീസല്‍ നിറക്കുകയും ചെയ്തു. എങ്കിലും പമ്പ് എന്നു തുറക്കുമെന്ന് ആര്‍ക്കും നിശ്ചയമില്ല. സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കുന്നതില്‍ നേരിടുന്ന കാലതാമസമാണ് പമ്പ് തുറക്കാന്‍ തടസ്സമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അധികൃതരുടെ ഭാഗത്തുനിന്നുള്ള അനാസ്ഥയും പമ്പിന്‍െറ പ്രവര്‍ത്തനം വൈകിപ്പിക്കാന്‍ ഇടയാക്കുന്നുണ്ട്. പമ്പിന്‍െറ അഭാവം ഡിപ്പോയുടെ പ്രവര്‍ത്തനത്തെയും താളംതെറ്റിക്കുന്നു. ഓര്‍ഡിനറി ഷെഡ്യൂള്‍ 80ഓളം ഉണ്ടെങ്കിലും ദിവസം ശരാശരി 66 എണ്ണം മാത്രമാണ് നടത്തുന്നത്. ആറ് ഫാസ്റ്റ് പാസഞ്ചര്‍ സര്‍വിസും മൂന്നു സൂപ്പര്‍ ഫാസ്റ്റ് സര്‍വിസും ബംഗളൂരൂ, മധുര എന്നീ രണ്ട് അന്തര്‍സംസ്ഥാന സര്‍വിസുകളും ഡിപ്പോയില്‍നിന്ന് സര്‍വിസ് നടത്തുന്നുണ്ട്. ഈ ബസുകള്‍ എല്ലാം മറ്റു ഡിപ്പോകളെ ആശ്രയിച്ചാണ് സര്‍വിസ് നടത്തിവരുന്നത്. ഓര്‍ഡിനറി ബസുകള്‍ക്ക് ഡീസല്‍ നിറക്കുന്നത് പലപ്പോഴും അനാവശ്യ ചെലവുവരുത്തുന്നതായും ആക്ഷേപമുണ്ട്. ഡീസല്‍ നിറക്കാന്‍ മാത്രമായി ചെങ്ങന്നൂര്‍, ചങ്ങനാശേരി സര്‍വിസുകള്‍ നടത്തേണ്ടിവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.