ആശങ്കകള്‍ക്ക് വിരാമം: കുറുന്തോട്ടയം പാലം നിര്‍മാണം പുനരാരംഭിച്ചു

പന്തളം: കുറുന്തോട്ടയം പാലം നിര്‍മാണം പുനരാരംഭിച്ചു. മാര്‍ച്ച് മൂന്നിന് പാലത്തിന്‍െറ ഭൂമിപൂജ കഴിഞ്ഞ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കരാര്‍ കമ്പനി തുടക്കമിട്ടതാണ്. അപ്രോച്ച് റോഡ് നിര്‍മാണമാണ് ആദ്യം തുടങ്ങാന്‍ തീരുമാനിച്ചത്. അപ്രോച്ച് റോഡ് നിര്‍മാണത്തിനു ശേഷം പാലം പൊളിക്കാനായിരുന്നു ധാരണ. റോഡ് നിര്‍മിക്കാനുള്ള നിര്‍ദിഷ്ട സ്ഥലത്ത് വൈദ്യുതി തൂണുകള്‍ നില്‍ക്കുന്നത് നിര്‍മാണപ്രവര്‍ത്തനത്തിന് തടസ്സമായി. തുടര്‍ന്നാണ് പോസ്റ്റ് മാറ്റി സ്ഥാപിക്കാന്‍ തീരുമാനമായത്. കൂടാതെ പാലം പൂര്‍ണരീതിയില്‍ നിര്‍മാണം ആരംഭിക്കണമെങ്കില്‍ ഇവിടെ സ്ഥിതിചെയ്യുന്ന ട്രാന്‍സ്ഫോര്‍മര്‍ കൂടി മാറ്റി സ്ഥാപിക്കണം. പോസ്റ്റ് മാറ്റി സ്ഥാപിക്കാന്‍ 65,000 രൂപ കരാര്‍ കമ്പനി പന്തളം ഇലക്ട്രിസിറ്റി ഓഫിസില്‍ അടച്ചു. കഴിഞ്ഞ വെള്ളിയാഴ്ച പോസ്റ്റ് മാറ്റി സ്ഥാപിക്കുമെന്നാണ് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നത്. പണമടച്ച് 11 ദിവസം കഴിഞ്ഞിട്ടും രണ്ടു വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്കായില്ല. പോസ്റ്റ് മാറ്റി സ്ഥാപിച്ചില്ളെങ്കിലും കരാര്‍ കമ്പനി നിര്‍മാണജോലികള്‍ പുനരാരംഭിച്ചു. നീര്‍ച്ചാലിലെ മണ്ണുമാറ്റി തോടിന് കുറുകെ വലിയ പൈപ്പ് സ്ഥാപിക്കുന്ന ജോലികളാണ് ആരംഭിച്ചത്. ചൊവ്വാഴ്ച പൈപ്പിടുന്ന ജോലി പൂര്‍ത്തിയാകുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. റോഡ് നിര്‍മാണത്തിനാവശ്യമായ മണ്ണ് എടുക്കാനുള്ള ജിയോളജി അധികൃതരുടെ അനുമതിയും വൈകാതെ ലഭിക്കും. ജിയോളജി അധികൃതരുടെ അനുമതി ലഭിച്ചാലുടന്‍ അപ്രോച്ച് റോഡ് നിര്‍മാണം ആരംഭിക്കും. ഇതു കഴിഞ്ഞാല്‍ ചെറുവാഹനങ്ങള്‍ ഇതുവഴി കടത്തിവിടും. വലിയ വാഹനങ്ങള്‍ക്ക് ഗതാഗത ക്രമീകരണം വരുത്താനും ധാരണയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.