മൂഴിയാര്‍ ശബരിഗിരി ജലവൈദ്യുതി പദ്ധതി സുവര്‍ണ ജൂബിലി നിറവില്‍

ചിറ്റാര്‍: നാട്ടിലെ കൂരിരുട്ടുമാറ്റാന്‍ കാടിനുള്ളില്‍നിന്നും വൈദ്യുതി പ്രവഹിച്ചിട്ട് ഇന്ന് 50 വയസ്സ്. സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ജലവൈദ്യുതി പദ്ധതിയായ മൂഴിയാര്‍ ശബരിഗിരി ജലവൈദ്യുതി പദ്ധതിക്കാണ് സുവര്‍ണ ജൂബിലി ആഘോഷ നിറവായത്. ഒരു വര്‍ഷം നീളുന്ന പരിപാടികള്‍ക്കാണ് തിങ്കളാഴ്ച തുടക്കം കുറിക്കുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് പദ്ധതിയുടെ സര്‍വേ നടപടി പൂര്‍ത്തിയായി 1962 ലാണ് നിര്‍മാണം തുടങ്ങിയത്. 1966ല്‍ 60 ശതമാനം ജോലികളും പൂര്‍ത്തിയാക്കി 1966 ഏപ്രില്‍ 18ന് 50 മെഗാവാട്ട് ശേഷിയുള്ള ആദ്യ ജനറേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. തുടര്‍ന്ന് 50 മെഗാവാട്ട് ശേഷിയുള്ള രണ്ടാം നമ്പര്‍ ജനറേറ്റര്‍ 1966 ജൂണ്‍ 24നും ഡിസംബര്‍ 29ന് മൂന്നും നമ്പര്‍ ജനറേറ്ററും 1967 ജൂണ്‍ 22ന് നാലാം നമ്പര്‍ ജനറേറ്ററും ഒക്ടോബര്‍ 17ന് അഞ്ചാം നമ്പര്‍ ജനറേറ്ററും നമ്പര്‍ 25ന് ആറാം നമ്പര്‍ ജനറേറ്ററും പ്രവര്‍ത്തനം ആരംഭിച്ചു. 300 മെഗാവാട്ട് ശേഷിയുള്ള ശബരിഗിരി ജലവൈദ്യുതി പദ്ധതി പൂര്‍ണതോതില്‍ വൈദ്യുതി ഉല്‍പാദനം ആരംഭിച്ചു. 1967 ആഗസറ്റ് 27നാണ് ഉപരാഷ്ട്രപതി വി.വി. ഗിരി പദ്ധതി രാഷ്ട്രത്തിനു സമര്‍പ്പിച്ചത്. വനത്തിനുള്ളിലെ പല തോടുകള്‍ സംയോജിപ്പിച്ച് ആനത്തോട്ടില്‍ ഡാം നിര്‍മിച്ചു കക്കിയില്‍ വെള്ളം തടഞ്ഞു നിര്‍ത്താന്‍ സപ്പോര്‍ട്ടിങ് ഡാം നിര്‍മിച്ചു. തുടര്‍ന്ന് പമ്പയാറ്റില്‍ ഡാം നിര്‍മിച്ച് വെള്ളം തടഞ്ഞുനിര്‍ത്തി ടണല്‍വഴി ആനത്തോട്ടില്‍ വെള്ളമത്തെിച്ച് മൂന്നു ഡാമുകളും ഒന്നിപ്പിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയിരിക്കുന്നത്. കക്കി സംഭരണിയില്‍നിന്ന് വെള്ളം തുരങ്കത്തിലൂടെ അരണമുടിയിലെ വാല്‍വ് ഹൗസില്‍ എത്തിച്ച് 12 അടി വ്യാസമുള്ള മൂന്നു പെന്‍സ്റ്റോക് പൈപ്പുകളിലായാണ് ശബരിഗിരി പദ്ധതിയിലേ ജനറേറ്ററിലേക്ക് വെള്ളം എത്തിക്കുന്നത്. ഡാം നിര്‍മാണത്തിന് അഞ്ഞൂറില്‍പരം ആള്‍ക്കാരാണ് ഇവിടെയത്തെിയത്. അവരുടെ ശ്രമഫലമായി അഞ്ചു വര്‍ഷം കൊണ്ട് ഡാമിന്‍െറ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. ഇവിടെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടവരില്‍ അധികം പേരെയും പിന്നീട് കെ.എസ്.ഇ.ബി ജീവനക്കാരായി സ്ഥിരനിയമനവും നല്‍കി. അമേരിക്കന്‍ കമ്പനിയായ അല്ലീസ് ചാല്‍മേഴ്സാണ് ജനറേറ്ററിന്‍െറ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ശബരിഗിരി പവര്‍ഹൗസിലെ ജീവനക്കാര്‍ക്കായി താമസിക്കാനുള്ള കെട്ടിടങ്ങള്‍ അഞ്ചു കി.മീ. അകലെ മൂഴിയാര്‍ നാല്‍പതേക്കറിലാണ് നിര്‍മിച്ചത്. ഓഫിസ് കെട്ടിടങ്ങളും ഇവിടെ നിര്‍മിച്ചു. തുടക്കത്തില്‍ 100 കണക്കിന് ജീവനക്കാരാണ് ഇവിടെ ജോലിക്കായി എത്തിയിരുന്നത്. ഇതിനായി വ്യാപാരസ്ഥാപനങ്ങളും ജീവനക്കാരുടെ കുട്ടികളെ പഠിപ്പിക്കാനായി സ്കൂളും ആരംഭിച്ചു. പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ സുവര്‍ണ ജൂബിലി ആഘോഷം ചുരുക്കി. ഒരു വര്‍ഷം നീളുന്ന പരിപാടികള്‍ നടത്താന്‍ കെ.എസ്.ഇ.ബി പദ്ധതി ഇട്ടിട്ടുണ്ട്. പുതിയ മന്ത്രിസഭ അധികാരത്തില്‍ വന്നാലുടന്‍ പരിപാടി തീരുമാനമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.