അടൂര്‍: ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് പരിസ്ഥിതി പ്രവര്‍ത്തകന് പാറമട-കഞ്ചാവ് മാഫിയയുടെ ഗുണ്ടാ ആക്രമണത്തില്‍ സാരമായി പരിക്കേറ്റു. പരിക്കേറ്റ മണ്ണടി കാലായിക്കു പടിഞ്ഞാറ് പള്ളീനഴികത്ത് വീട്ടില്‍ അവിനാഷിനെ(37) അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി ഒമ്പതിന് ബൈക്കില്‍ വീട്ടിലേക്കു പോകുംവഴി മുടിപ്പുര ക്ഷേത്രത്തിനു 50 മീറ്റര്‍ വടക്ക് എസ്.എന്‍.ഡി.പി ഗുരുമന്ദിരത്തിന് സമീപം മോട്ടോര്‍ സൈക്കിളില്‍ എത്തിയ വിമല്‍ ആണ് മര്‍ദിച്ചതെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ പ്രസിഡന്‍റും മണ്ണടി പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറിയും ക്വാറിവിരുദ്ധ സംസ്ഥാന സമിതി ജോ. കണ്‍വീനറുമായ അവിനാഷ് ഏനാത്ത് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. കല്ലും തടിക്കട്ടയും കൊണ്ട് ഇടിക്കുകയും ശരീരമാസകലം പരിക്കും ക്ഷതവും ഏല്‍പിക്കുകയും ചെയ്തു. വിദഗ്ധ ചികിത്സക്കായി അവിനാഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. അവിനാഷിന്‍െറ നേതൃത്വത്തില്‍ നടന്ന സമരത്തെ തുടര്‍ന്ന് 2011ല്‍ കന്നിമല ക്വാറിക്ക് ഹൈകോടതി നിരോധ ഉത്തരവ് നല്‍കിയതിനെ തുടര്‍ന്ന് ദേശക്കലുംമൂട് കവലക്ക് സമീപം അവിനാഷിനെ മര്‍ദിച്ചിരുന്നു. പാറമട നടത്തിപ്പുകാരന്‍െറ മരുമകനാണ് ഇയാളെന്നും ഉന്നത പൊലീസ് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും പൊലീസ് കേസെടുത്തില്ളെന്നും ഒരാഴ്ച മുമ്പ് ചെട്ടിയാരഴികത്ത് കടവിലെ കഞ്ചാവ് കച്ചവടക്കാര്‍ക്കെതിരെ മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കിയതിന് തന്നെ തടഞ്ഞുനിര്‍ത്തുകയും ബൈക്കിന് കേടുപാട് വരുത്തുകയും ചെയ്തതായും അവിനാഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. പാറമടകളില്‍ അനധികൃതമായി വെടിമരുന്നുശേഖരം സൂക്ഷിക്കുന്നതിനെതിരെ ബുധനാഴ്ച പത്രവാര്‍ത്ത നല്‍കിയിരുന്നു. ചൊവ്വാഴ്ച ഏഴംകുളം മാങ്കൂട്ടത്തുനിന്ന് കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയതിന് യുവാവിനെ പൊലീസ് പിടികൂടിയിരുന്നു. ഇതിനെ അനുകൂലിച്ച്് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതാണ് മര്‍ദനത്തിന് കാരണമായതെന്നു പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.