വിഷു ഫെസ്റ്റ് ആരംഭിച്ചു

പത്തനംതിട്ട: കുടുംബബശ്രീ മിഷന്‍ ആഭിമുഖ്യത്തില്‍ പത്തനംതിട്ട നഗരസഭാ ടൗണ്‍ഹാളില്‍ വിഷു ഫെസ്റ്റ്-ജൈവ പച്ചക്കറി-പപ്പായ ഫെസ്റ്റ് ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ 11ന് നടന്ന യോഗത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ സാബിര്‍ ഹുസൈന്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. മേള ബുധനാഴ്ച അവസാനിക്കും. പപ്പായയുടെ ഗുണങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനായി പപ്പായ കൊണ്ടുള്ള വിവിധ ഉല്‍പന്നങ്ങള്‍, മേളയില്‍ ലഭ്യമാണ്. ചക്കക്കുരു, ചക്കപ്പഴം, ചക്കകൊണ്ടുള്ള വിവിധ ഉല്‍പന്നങ്ങളും മേളയെ ശ്രദ്ധേയമാക്കുന്നു. റെഡി ടു ഈറ്റ് ഫുഡായി തയാറാക്കിയ ചക്കത്തോരനും ചീരത്തോരനും ആവശ്യക്കാര്‍ ഏറെയായിരുന്നു. ജില്ലയിലെ വിവിധ പഞ്ചായത്ത്, നഗരസഭാ പ്രദേശത്തെ സംരംഭക-സംഘകൃഷി യൂനിറ്റുകള്‍ ഉല്‍പാദിപ്പിച്ച പപ്പായ കൊണ്ടുള്ള കട്ട്ലറ്റ്, പായസം, അച്ചാര്‍, ഉണ്ണിയപ്പം, മിഠായി, ജാം, സ്ക്വാഷ്, സിറപ്പ്, ജ്യൂസ് കൂടാതെ മറ്റ് ഉല്‍പന്നങ്ങളായ വാഴക്കായ ഉപ്പേരി, ചക്കക്കുരു അവലോസ്പൊടി, പപ്പായ-പൈനാപ്പ്ള്‍, ജ്യൂസ്, വിവിധതരം പഴച്ചാറുകള്‍, കറി പൗഡറുകള്‍, തേന്‍, മെഴുകുതിരി, ആഭരണങ്ങള്‍, നെറ്റിപ്പട്ടം, സോപ്പ് ഉല്‍പന്നങ്ങള്‍, ജൈവ പച്ചക്കറികള്‍, ഇലവര്‍ഗങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവയും ഈ മേളയില്‍ മിതമായ നിരക്കില്‍ ലഭ്യമാണ്. കൂടാതെ കുറഞ്ഞ നിരക്കില്‍ രക്തസമ്മര്‍ദം, പ്രമേഹം, കൊളസ്ട്രോള്‍ എന്നിവ പരിശോധിച്ച് റിസല്‍ട്ട് നല്‍കുന്ന സാന്ത്വനം സംരംഭകയുടെ സേവനവും മേളയില്‍ ലഭ്യമാണ്. സമാപന ദിവസം കണിയൊരുക്കാനുള്ള കൊന്നപ്പൂക്കള്‍ മേളയില്‍നിന്ന് ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.