കടമ്മനിട്ട പടയണിക്ക് 14ന് ചൂട്ടുവെക്കും

പത്തനംതിട്ട: കടമ്മനിട്ട ഭഗവതീക്ഷേത്രത്തിലെ അനുഷ്ഠാന കലയായ പടയണി 14ന് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 14ന് രാത്രി ഒമ്പതിനാണ് ചൂട്ടുവെപ്പ്. ക്ഷേത്രശ്രീകോവിലില്‍നിന്ന് മേല്‍ശാന്തി ചൂട്ടുകറ്റയില്‍ പകര്‍ന്നു നല്‍കുന്ന അഗ്നി മൂത്താശാന്‍ ഏറ്റുവാങ്ങി ദേവിക്ക് അഭിമുഖമായിനിന്ന് പുറകോട്ട് ഇറങ്ങി പടയണിക്കളത്തിലെ കല്ലില്‍വെക്കുന്ന ചടങ്ങാണ് ചൂട്ടുവെപ്പ്. തുടര്‍ന്ന് പച്ചത്താപ്പ് കൊട്ടി ദേവിയെ വിളിച്ചിറക്കും. അവകാശ കുടുംബത്തില്‍നിന്ന് കൊണ്ടുവന്ന തേങ്ങ മുറിച്ച് 10 നാള്‍ നീളുന്ന പടയണിയുടെ ഫലം പറയുന്നതോടെയാണ് കടമ്മനിട്ട പടയണിക്ക് തുടക്കമാകുന്നത്. രണ്ടാം ദിവസവും പച്ചത്തപ്പ് കൊട്ടി വിളിച്ചിറക്കുന്ന ചടങ്ങ് നടക്കും. മൂന്നാം നാളായ 18 മുതലാണ് പടയണി ആരംഭിക്കുന്നത്. ഏഴാം ദിവസവുംവരെ കൂട്ടക്കോലങ്ങള്‍ ഉണ്ടായിരിക്കും. ആറാം ദിവസമായ19നാണ് അടവി. അന്നേ ദിവസം രാത്രി എട്ടു മുതല്‍ അനു വി. കടമ്മനിട്ടയും മാധവ് ദേവും അവതരിപ്പിക്കുന്ന സംഗീത സന്ധ്യയും ഉണ്ടായിരിക്കും. 21നാണ് വല്യ പടയണി. രാത്രി എട്ടു മുതല്‍ പത്തനംതിട്ട സാരംഗ് ഓര്‍ക്കസട്ര അവതരിപ്പിക്കുന്ന ഗാനമേള. 11.30 മുതല്‍ പടയണി ആരംഭിക്കും. അന്ന് കടമ്മനിട്ട പടയണിയിലെ എല്ലാ കോലങ്ങളും കളത്തില്‍ ഉറഞ്ഞുതുള്ളും. നേരം വെളുക്കുന്നതുവരെയും പടയണി ഉണ്ടായിരിക്കും. നേരം വെളുക്കുമ്പോള്‍ പൂപ്പട തുള്ളി, കരവഞ്ചി ഇറക്കി തട്ടിന്മേല്‍ കളിയോടെയാണ് പടയണി അവസാനിക്കുന്നത്. അടുത്ത ദിവസം ക്ഷേത്രനട തുറക്കില്ല. 23ന് രാവിലെ ഒമ്പത് മുതല്‍ 11വരെ പകല്‍ പടയണി നടക്കും. വൈകുന്നേരം നാലു മുതല്‍ ഏഴുവരെ എഴുന്നള്ളത്ത്. 7.30 മുതല്‍ കോട്ടയം മെഗാ ബീറ്റ്സിന്‍െറ ഗാനമേള. രാത്രി 8.30 മുതല്‍ കളമെഴുത്തുംപാട്ടും. 11 മുതല്‍ എഴുന്നള്ളത്തും വിളക്കും. 12.30 മുതല്‍ അടൂര്‍ വിശ്വകലയുടെ ഘടോല്‍ക്കചന്‍ നൃത്തനാടകം. എന്നിവയാണ് പരിപാടികള്‍. വാര്‍ത്താസമ്മേളനത്തില്‍ ദേവസ്വം പ്രസിഡന്‍റ് അഡ്വ. കെ. ഹരിദാസ്, വൈസ് പ്രസിഡന്‍റ് കെ.കെ. ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.