തിരുവല്ലയില്‍ പൊതുനിരത്തില്‍ മാലിന്യം തള്ളല്‍ വ്യാപകമാകുന്നു

തിരുവല്ല: ഇരുട്ടിന്‍െറ മറവില്‍ നഗരത്തിന്‍െറ പലഭാഗങ്ങളില്‍ മാലിന്യം തള്ളുന്നത് വ്യാപകമാകുന്നു. പലയിടങ്ങളിലും രാത്രി സമയങ്ങളിലാണ്് മാലിന്യം തള്ളുന്നത്. ടി.കെ റോഡ്, കായംകുളം-തിരുവല്ല സംസ്ഥാനപാത, എം.സി റോഡ് എന്നിവക്ക് പുറമെ ഇടറോഡുകളായ ചെയര്‍മാന്‍സ് റോഡ്, കാവുംഭാഗം ശ്രീവല്ലഭക്ഷേത്രം റോഡ്, അമ്പിളി ജങ്ഷന് സമീപമുള്ള കുട്ടികളുടെ പാര്‍ക്കിനോട് ചേര്‍ന്ന റോഡ് എന്നിവിടങ്ങളിലാണ് പ്രധാനമായും മാലിന്യം നിക്ഷേപിക്കുന്നത്. ചെയര്‍മാന്‍സ് റോഡില്‍ അടുത്തിടെ കക്കൂസ് മാലിന്യം തള്ളിയത് വലിയ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. പൊതുനിരത്തിലെ മാലിന്യ നിക്ഷേപം പ്രദേശവാസികള്‍ക്കും വഴിയാത്രക്കാര്‍ക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. നഗരത്തിലെ തിരക്കുകള്‍ക്ക് ഇടയില്‍ പെടാതെ എളുപ്പത്തില്‍ യാത്രചെയ്യാന്‍ വേണ്ടി കാല്‍നടക്കാര്‍ തെരഞ്ഞെടുക്കുന്ന ഇവിടെ മാലിന്യം തള്ളുന്നത്് പതിവായിട്ടും ഇതിനെതിരെ നഗരസഭ അധികൃതര്‍ നടപടി സ്വീകരിക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. രാത്രി പൊലീസിന് കാര്യക്ഷമമായ പട്രോളിങ് സംവിധാനം ഇല്ലാത്തതും മാലിന്യം തള്ളുന്നവര്‍ക്ക് സഹായകമായിട്ടുണ്ട്. പ്ളാസ്റ്റിക് കവറുകളിലും ചാക്കുകളിലുമായി വാഹനങ്ങളില്‍ കൊണ്ടുവരുന്ന മാലിന്യം തെരുവുനായ്ക്കളും പക്ഷികളും കടിച്ചെടുത്ത് സമീപത്തുള്ള പറമ്പുകളിലും കിണറുകളിലും കൊണ്ടിടുന്നത് മാലിന്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നു. ഈ പ്രദേശങ്ങളില്‍ പതിവായി മാലിന്യം നിക്ഷേപിക്കുന്നത് മൂലം തെരുവുനായ്ക്കളുടെയും കൊതുകുകളുടെയും ആവാസകേന്ദ്രമായി മാറിയിരിക്കുകയാണ്. പ്രദേശത്ത് കടിപിടി കൂടുന്ന തെരുവുനായകള്‍ ഇതിനോടകം നിരവധി ആളുകളെയും കടിച്ചിട്ടുണ്ട്. രാത്രി എട്ടുമണിക്ക് ശേഷം ആള്‍ സഞ്ചാരം കുറവാണ്. ഇത് ലാക്കാക്കിയാണ് മാലിന്യ നിക്ഷേപത്തിന് ആളുകള്‍ എത്തുന്നത്. മാലിന്യനിക്ഷേപത്തിനെതിരെ നഗരസഭ ശക്തമായ നടപടി സ്വീകരിക്കുകയും ഇത്തരം സ്ഥലങ്ങളില്‍ നിരീക്ഷണ കാമറ സ്ഥാപിക്കുകയും ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ഇടവിട്ടു പെയ്യുന്ന വേനല്‍മഴയില്‍ മാലിന്യം അഴുകി ദുര്‍ഗന്ധം പരക്കുകയും പകര്‍ച്ചവ്യാധികള്‍ പടരുമെന്ന ആശങ്കയിലുമാണ് നാട്ടുകാര്‍. മാലിന്യമുക്ത നഗരസഭയായി തിരുവല്ലയെ മൂന്നുവര്‍ഷം മുമ്പു പ്രഖ്യാപിച്ചെങ്കിലും ഇതിന്‍െറ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഇല്ലാത്തതിനാലാണ് നഗരം മാലിന്യത്താല്‍ നിറയുന്നതെന്നു നാട്ടുകാര്‍ പറഞ്ഞു. മാലിന്യം പൊതുവഴിയില്‍ തള്ളുന്നവരെ കണ്ടത്തെുന്നതിനൊ പിഴ ഈടാക്കുന്നതിനൊ നടപടിയില്ലാത്തതാണു കാരണം. പൊതുവഴിയില്‍ കിടക്കുന്ന മാലിന്യം നീക്കംചെയ്യാനും നഗരസഭ തയാറാകാത്തതില്‍ നാട്ടുകാര്‍ അമര്‍ഷത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.