കഞ്ചാവുവേട്ടക്കിടെ പൊലീസുകാരനെ വെട്ടി പ്രതി രക്ഷപ്പെട്ടു

പത്തനംതിട്ട: കഞ്ചാവുവേട്ടക്കത്തെിയ സംഘത്തിലെ പൊലീസുകാരനെ വെട്ടി പ്രതി ഓടി രക്ഷപ്പെട്ടു. ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ പൊലീസിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ കുണ്ടറ മുളവന പേരയില്‍ വിത്സനാണ് (48) പരിക്കേറ്റത്. തലക്കും വലതുകൈക്കും ഗുരുതരമായി മുറിവേറ്റ വില്‍സണ്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതി മലയാലപ്പുഴ മൈലാടുപാറ സ്വദേശി പ്രസാദാണ് ആക്രമണശേഷം രക്ഷപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 11.30നാണ് സംഭവം. കൊലക്കേസിലും നിരവധി മോഷണക്കേസുകളിലും പ്രതിയായ പ്രസാദ് രണ്ടുമാസം മുമ്പാണ് ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. പ്രസാദ് കഞ്ചാവ് വില്‍ക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ജില്ലാ പൊലീസ് മേധാവി ടി. നാരായണന്‍െറ നിര്‍ദേശപ്രകാരം ഷാഡോ പൊലീസ് അംഗങ്ങളായ എസ്. രാധാകൃഷ്ണന്‍, വിത്സണ്‍, അജി സാമുവേല്‍, അനുരാഗ് എന്നിരുള്‍പ്പെടുന്ന സംഘം മൈലാടുപാറയിലെ വീട്ടില്‍ എത്തിയത്. പൊലീസുകാരെ തിരിച്ചറിഞ്ഞ പ്രസാദ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നാലുവശത്തുനിന്ന് വളഞ്ഞതിനെ തുടര്‍ന്ന് പ്രതി പൊലീസിനെ ആക്രമിക്കുകയായിരുന്നു. പൊലീസ് വലയില്‍നിന്ന് കുതറിഓടിയെ പ്രസാദിനെ വിത്സണ്‍ പിന്തുടര്‍ന്ന് പിടികൂടി. എന്നാല്‍, കുതറിമാറിയ പ്രസാദ് വില്‍സന്‍െറ കണ്ണില്‍ മണ്ണെറിഞ്ഞ ശേഷം കൈയില്‍ കരുതിയിരുന്ന മാരകായുധവുമായി ആക്രമിച്ചു. മറ്റ് പൊലീസുകാര്‍ പിന്നാലെ പാഞ്ഞെങ്കിലും കുറ്റിക്കാട്ടിലും ഇടവഴികളിലൂടെയും ഓടി പ്രസാദ് രക്ഷപ്പെട്ടു. വിത്സനെ സഹപ്രവര്‍ത്തകരാണ് ആശുപത്രിയില്‍ എത്തിച്ചത്. പത്തനംതിട്ട, കോന്നി, ആറന്മുള, ചെങ്ങന്നൂര്‍ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ പ്രസാദിനെതിരെയുണ്ട്. അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.