പത്തനംതിട്ട: പുനരുദ്ധരിച്ച പന്തളം-കൈപ്പട്ടൂര്‍ റോഡിലൂടെ വാഹനങ്ങളുടെ ചീറിപ്പായല്‍ യാത്രികര്‍ക്ക് ജീവനു ഭീഷണിയാകുന്നു. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെ ഫണ്ട് ഉപയോഗിച്ച്, ശബരിമല തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കുന്നതിന് വേണ്ടിയാണ് റോഡ് പുനരുദ്ധരിച്ചത്. മണ്ഡലകാലം തുടങ്ങിയ ദിവസങ്ങളിലാണ് ബി.എം ആന്‍ഡ് ബി.സി രീതിയില്‍ റോഡിന്‍െറ ആദ്യഘട്ടം പണി പൂര്‍ത്തീകരിച്ചത്. ശബരിമല തീര്‍ഥാടകര്‍ക്ക് അസൗകര്യമുണ്ടാകാതിരിക്കാന്‍ നിര്‍ത്തിവെച്ച റോഡിന്‍െറ അന്തിമഘട്ടം കഴിഞ്ഞയാഴ്ചയാണ് പൂര്‍ത്തിയായത്. വീതി കൂട്ടി റോഡ് പുനര്‍നിര്‍മിച്ചതുമൂലം വാഹനങ്ങള്‍ ചീറിപ്പായുകയാണ്. കൈപ്പട്ടൂര്‍ ജങ്ഷനില്‍നിന്ന് പന്തളം റോഡിലേക്ക് തിരിഞ്ഞാല്‍ പിന്നെ മത്സരയോട്ടമാണ്. ടിപ്പര്‍, സ്വകാര്യ ബസ്, ബൈക്ക്, കാര്‍ എന്നിവയെല്ലാം റോഡിലൂടെ 100 കി.മീ. വേഗത്തിലാണ് പായുന്നത്. റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയതല്ലാതെ അപകടമേഖലയില്‍ ഹമ്പ് നിര്‍മാണമോ, മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയോ, സീബ്രാലൈനുകള്‍ വരക്കുകയോ ചെയ്തിട്ടില്ല. നേരത്തേ വീതി കുറഞ്ഞ് തകര്‍ന്നുകിടന്ന സമയത്ത് തന്നെ നിരവധിപേര്‍ക്ക് വാഹനാപകടത്തില്‍ ജീവന്‍ നഷ്ടമായ പാതയാണിത്. ആദ്യഘട്ടം ടാറിങ് കഴിഞ്ഞതിന് പിന്നാലെ നരിയാപുരം പുരത്തിനും കൈപ്പട്ടൂരിനുമിടയിലുള്ള റോഡില്‍ റബര്‍തോട്ടത്തിന് സമീപം വശം ഇടിഞ്ഞുതാണ് മണല്‍ കയറ്റി വന്ന ലോറി മറഞ്ഞിരുന്നു. നരിയാപുരം ജങ്ഷന്‍, പല്ലാകുഴി, തുമ്പമണ്‍ ജങ്ഷന്‍, മുട്ടം, കടയ്ക്കാട് എന്നിവിടങ്ങളിലെല്ലാം തുടര്‍ച്ചയായി അപകടം ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ മാസവും കടക്കാട്ടുണ്ടായ അപകടത്തില്‍ സ്കൂട്ടര്‍ യാത്രികന്‍ മരിച്ചിരുന്നു. അപകട വളവുകളും നേര്‍ പാതയും കൂടുതലായുള്ളത് ഏതുനിമിഷവും നേര്‍ക്കുനേരെയുള്ള കൂട്ടിയിടിക്ക് കാരണമാകും. അമിതവേഗത്തില്‍ വന്ന് പെട്ടെന്ന് ബ്രേക്കിടുന്നതും അപകട സാധ്യത വര്‍ധിപ്പിക്കുന്നു. നേരത്തേ ഈ റോഡില്‍ അപകട മേഖലകളില്‍ ഹമ്പും മുന്നറിയിപ്പ് ബോര്‍ഡുമുണ്ടായിരുന്നു. പുനരുദ്ധാരണം കഴിഞ്ഞതോടെ ഇതെല്ലാം ഇല്ലാതെയായി. നിലവില്‍ മാസപൂജ സമയങ്ങളിലും ഇതര സംസ്ഥാനത്തുനിന്നുള്ള അയ്യപ്പഭക്തര്‍ പന്തളത്തേക്ക് പോകാന്‍ ഈ റോഡാണ് ഉപയോഗിക്കുന്നത്. ഇതര സംസ്ഥാന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് എല്ലാം റോഡിലെ അപകട മേഖലകള്‍ അറിയണമെന്നില്ല. അതും അപകടത്തിന് കാരണമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.